ചൂട്ടുവേലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ രാത്രി എത്തിയായിരുന്നു അക്രമവും കവർച്ചയും നടത്തിയത്
കോട്ടയം ഗാന്ധിനഗറിൽ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച നടത്തിയ സംഭവത്തിൽ 5 പേർ പിടിയിലായി. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതികളാണ് പിടിയിലായത്.
ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് ആണെന്ന് പറഞ്ഞ് ആക്രമിച്ച് പണവും, ഫോണും കവർച്ച ചെയ്യുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും ചെയ്തിരുന്നു. ചൂട്ടുവേലി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ രാത്രി എത്തിയായിരുന്നു അക്രമവും കവർച്ചയും നടത്തിയത്.
കോട്ടയം ചെറിയപള്ളി സ്വദേശി സാജൻ ചാക്കോ, പെരുമ്പായിക്കാട് സ്വദേശി ഹാരിസ് എം.എസ്, കൊല്ലാട് സ്വദേശി രതീഷ് കുമാർ, തെള്ളകം സ്വദേശി സിറിൾ മാത്യു, നട്ടാശ്ശേരി സ്വദേശി സന്തോഷ് എം.കെ എന്നിവരാണ് പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ അഞ്ചു പേരെയും റിമാൻഡ് ചെയ്തു. അറസ്റ്റിലായവർ പല പൊലീസ് സ്റ്റേഷനുകളിലും നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.