സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ആട്ടുകാൽ അജിയാണ് കരുനീക്കങ്ങൾ നടത്തുന്നത്. ഏകാധിപത്യ നിലപാടാണ് പി.സി ചാക്കോ തുടരുന്നതെന്നാണ് പ്രധാന ആക്ഷേപം.
സംസ്ഥാന NCP യിൽ പി.സി. ചാക്കോക്കെതിരെ പുതിയ പടനീക്കത്തിനൊരുങ്ങി നേതാക്കൾ. പി.സി. ചാക്കോ ഏകാധിപത്യ നിലപാട് തുടർന്നാൽ PSC കോഴ വിവാദത്തിലെ പുതിയ തെളിവുകൾ പുറത്ത് വിടുമെന്നാണ് ഭീഷണി. പുറത്താക്കപ്പെട്ട തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ആട്ടുകാൽ അജിയെ പിന്തുണയ്ക്കുന്ന നേതാക്കളുടെ ഭാഗത്ത് നിന്നാണ് പുതിയ നീക്കം.
NCP ശരദ് പവാർ ഘടകത്തിൽ ചേരി തിരിവ് രൂക്ഷമാകുകയാണ്. സംസ്ഥാന പ്രസിഡൻ്റ് പി.സി. ചാക്കോയ്‌ക്കെതിരെ എ.കെ. ശശീന്ദ്രൻ പക്ഷം ശക്തമായി നിലനിൽക്കുമ്പോഴാണ് പുതിയ വിമത സ്വരങ്ങൾ ഉയരുന്നത്. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കിയ തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ആട്ടുകാൽ അജിയാണ് കരുനീക്കങ്ങൾ നടത്തുന്നത്. ഏകാധിപത്യ നിലപാടാണ് പി.സി ചാക്കോ തുടരുന്നതെന്നാണ് പ്രധാന ആക്ഷേപം.
എൽ.ഡി.എഫിൽ നിന്നും മുന്നണി മാറുന്നതിനുള്ള രഹസ്യ ചർച്ചകൾ പി.സി. ചാക്കോയുടെ നേതൃത്വത്തിൽ നടന്നുവെന്നും ഇത് ചോദ്യം ചെയ്തതിനാണ് തന്നെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം പുറത്താക്കിയതെന്നും അജി ആരോപിക്കുന്നു. പ്രതികാര നടപടി തുടർന്നാൽ ബദലായി പി എസ് സി കോഴ വിവാദത്തിലെ പുതിയ തെളിവുകൾ പുറത്ത് വിടുമെന്നാണ് അജിയുടെ വിഭാഗത്തിന്റെ ഭീഷണി.
അട്ടിമറി നീക്കത്തിലൂടെ പി.സി. ചാക്കോയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള നീക്കങ്ങൾക്കും സാധ്യതയുണ്ട്. തലസ്ഥാന കമ്മിറ്റിയിൽ നിന്നടക്കം വിമത സ്വരം ഉയരുന്ന സാഹചര്യത്തിൽ തോമസ് കെ തോമസ്, എ.കെ ശശീന്ദ്രൻ വിഭാഗങ്ങളും ഈ അവസരം രാഷ്ട്രിയ നീക്കങ്ങൾക്കായി ഉപയോഗിക്കാനും സാധ്യതയുണ്ട്.