രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക
രാജ്യം ഇന്ന് 76-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കും. കര്‍ത്തവ്യ പഥില്‍ നടക്കുന്ന ആഘോഷപരിപാടിയില്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബൊവോ സുബിയാന്‍റോയാണ് മുഖ്യാതിഥി. ദേശീയ യുദ്ധ സ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിക്കും. കുതിരകള്‍ വലിക്കുന്ന വണ്ടിയിലാകും രാഷ്ട്രപതി ദ്രൗപതി മുര്‍മു കര്‍ത്തവ്യപഥില്‍ എത്തുക.
ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെയാണ് പരേഡ് ആരംഭിക്കും. സായുധ സേന, അര്‍ധ സൈനിക സേന, ഓക്‌സിലറി സിവില്‍ സേവന, എന്‍സിസി, എന്‍എസ്എസ് എന്നിവര്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റിനിടെ സല്യൂട്ട് സ്വീകരിക്കും. റിപ്പബ്ലിക് ദിന പരേഡിന് മാറ്റേകാനായി പരേഡുകളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിശ്ചലദൃശ്യങ്ങളും സജ്ജമാണ്.
വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള മന്ത്രാലയങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള 31 നിശ്ചലദൃശ്യങ്ങളാണ് ഇത്തവണ പരേഡില്‍ പങ്കെടുക്കുക. റിപ്പബ്ലിക് ദിനാഘോഷപരിപാടികൾ കണക്കിലെടുത്ത് രാജ്യതലസ്ഥാനം കനത്തസുരക്ഷയിലാണ്. ഡൽഹിയിലെ വിവിധ നഗരങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലും റിപ്പബ്ലിക് ദിനാഘോഷങ്ങൾ ഗംഭീരമായി നടക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തുന്നതോടെയാണ് സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമാകുക. രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പങ്കെടുക്കും.
തുടർന്ന് വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്യും. ശേഷം വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ ചേർന്ന് ദേശഭക്തി ഗാനങ്ങൾ അവതരിപ്പിക്കും. നിയമസഭയിൽ സ്പീക്കർ എ എൻ ഷംസീറും, രാജ്ഭവനിൽ ഗവർണറുമാകും ദേശീയ പാതകയുയർത്തുക.