ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാകാം കൊവിഡിന്‍റെ ഉത്ഭവം എന്നാണ് സിഐഎ ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്.
ലോകമെമ്പാടും 70 ലക്ഷം പേരുടെ ജീവനെടുത്ത കൊറോണ വൈറസ് എവിടെനിന്ന് വന്നു..? മൃഗങ്ങളില്‍ നിന്ന് മനുഷ്യനിലേക്ക് പകർന്നതാണോ. അതോ ഏതെങ്കിലും വൈറോളജി ലാബില്‍ നിന്ന് ചോർന്നതാണോ. ഈ ഊഹാപോഹങ്ങള്‍ക്ക് ഉത്തരമായി ഒരു രഹസ്യാന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കന്‍ ഏജന്‍സിയായ സിഐഎ
കൊറോണ വൈറസ് എവിടെനിന്നുവന്നു എന്ന ചോദ്യത്തിന്, ചൈനീസ് ലാബില്‍ നിന്ന്,എന്ന വിവാദപരമായ മറുപടിയാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നല്‍കുന്നത്. ചൈനയിലെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാകാം കൊവിഡിന്‍റെ ഉത്ഭവം എന്നാണ് സിഐഎ ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്.
അതൊരു സാധ്യതമാത്രമാണെന്ന മുന്‍കൂർ ജാമ്യത്തോടെയാണ് സിഐഎ ഈ അവകാശവാദം നടത്തുന്നത്. യാതൊരു തെളിവിന്‍റെയും അടിസ്ഥാനത്തിലുള്ളതല്ല ഈ റിപ്പോർട്ട്. രോഗവ്യാപനവുമായി ബന്ധപ്പെട്ട ഗവേഷണത്തില്‍ പുറത്തുവന്ന ഏറ്റവും യുക്തിഭദ്രമായ സാധ്യതയാണിത്. കൊവിഡിന്‍റെ ആദ്യ ക്ലസ്റ്റർ സ്ഥിരീകരിച്ച ചൈനയിലെ ഹുവാനൻ മാർക്കറ്റ്, വുഹാൻ ലാബില്‍ നിന്ന് 40 മിനിറ്റ് മാത്രമകലെയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Also Read; ജോലിസ്ഥലത്ത് ഉറക്കം, മൂത്രമൊഴിച്ചത് ഭക്ഷണപ്പാത്രത്തിൽ; പൊലീസ് നായയുടെ ബോണസ് കട്ട് ചെയ്തു
യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ച സിഐഎയുടെ പുതിയ ഡയറക്ടർ, ജോൺ റാറ്റ്ക്ലിഫ് പുറത്തുവിടുന്ന ആദ്യ റിപ്പോർട്ടുകളിലൊന്നാണിത്. കൊവിഡ് വ്യാപനത്തിലെ ചൈനയ്ക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ അമേരിക്ക ഇനിയും നിക്ഷ്പക്ഷത പുലർത്തില്ല എന്നാണ് റിപ്പോർട്ടില്‍ റാറ്റ്ക്ലിഫ് നല്‍കുന്ന വിശദീകരണം. കൊവിഡ് വ്യാപനമുണ്ടായ ട്രംപിന്‍റെ ആദ്യഭരണകാലത്ത്, ദേശീയ ഇൻ്റലിജൻസ് ഡയറക്ടറായിരുന്ന റാറ്റ്ക്ലിഫ്, അക്കാലത്തേ വുഹാന്‍ ലാബില്‍ നിന്നാണ് കൊറോണ വൈറസ് ചോർന്നതെന്ന സിദ്ധാന്തത്തെ അനുകൂലിക്കുന്നയാളാണ്.
എന്നാല്‍ ജോ ബെെഡന്‍ സർക്കാരിന്‍റെ അവസാനകാലത്താണ് കൊവിഡിന്‍റെ ഉത്ഭവത്തില്‍ പുനരവകലനമെന്ന നിലയില്‍ അന്വേഷണം ആരംഭിച്ചത്. ട്രംപ് അധികാരത്തിലേറുന്നതിന് മുന്‍പ് തന്നെ അന്വേഷണം പൂർത്തിയാവുകയും ചെയ്തിരുന്നു.
അതേസമയം, അമേരിക്കയുടെ ഈ സിദ്ധാന്തം, രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ചെെന തള്ളിയിട്ടുള്ളതാണ്. ചെെന അവകാശപ്പെടുന്നതുപോലെ, മൃഗങ്ങളില്‍ നിന്ന് സ്വാഭാവികമായി മനുഷ്യനിലേക്ക് പകർന്നതായിരിക്കാം വെെറസ് എന്ന സിദ്ധാന്തത്തെയാണ് പൊതുവെ ശാസ്ത്രജ്ഞരും പിന്തുണയ്ക്കുന്നത്. ലാബില്‍ നിന്ന് വെെറസ് ചോർന്നെന്ന സിദ്ധാന്തത്തെ പിന്തുണയ്ക്കാന്‍ മതിയായ തെളിവുകളില്ല എന്നതാണ് അതിനുകാരണം.