പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി. ദൗത്യസംഘമാണ് കടുവയുടെ ജഡം കണ്ടെത്തിയത്.
പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി. ദൗത്യസംഘമാണ് പെൺ കടുവയുടെ ജഡം കണ്ടെത്തിയത്. മരണ കാരണം വെടിയേറ്റല്ലെന്നാണ് സൂചന. കടുവയുടെ ദേഹത്ത് മുറിവുകൾ ഉണ്ടെന്നാണ് വിവരം. മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് ഡോ. അരുൺ സക്കറിയ അറിയിച്ചത്.
രാവിലെ 6.30 ഓടെയാണ് കടുവയുടെ ജഡം കണ്ടെത്തിയത്. 12.30 മുതൽ 1.30 വരെ കടുവയെ നിരീക്ഷിച്ച് വരികയായിരുന്നു. വനം വകുപ്പ് നിയോഗിച്ച സ്പെഷ്യൽ സ്ക്വാഡാണ് ഇതിനെ കണ്ടെത്തിയത്. പഞ്ചാരക്കൊല്ലിയിൽ രാധയെ കൊലപ്പെടുത്തിയ അതേ കടുവ തന്നെയാണെന്ന് ഇതെന്ന് ഫോറസ്റ്റ് ഓഫീസർ സ്ഥിരീകരിച്ചു.
ദിവസങ്ങളായി ആളെക്കൊല്ലി കടുവയുടെ പിടികൂടാനുള്ള തിരച്ചിലിലായിരുന്നു ദൗത്യസംഘം. ആളെക്കൊല്ലി കടുവയെ പിടികൂടാനായത് ആശ്വാസകരമാണെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. ആർആർടി സംഘം ജീവൻ പോലും പണയം വെച്ചാണ് ഓപ്പറേഷൻ നടത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
"പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്ക് ആശ്വാസത്തോടെ ഉറങ്ങാനാകും. ഇത് ഇവിടെ നിർത്താൻ വനം വകുപ്പ് ആലോചിക്കുന്നില്ല. വയനാട് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഇടങ്ങളിൽ പ്രത്യേക ഓപ്പറേഷൻ നടത്തും. ഒരു കാര്യത്തിലും 100 ശതമാനം ഫലപ്രാപ്തി ഉണ്ടാകില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കാവുന്നതാണ്," മന്ത്രി പറഞ്ഞു. അതേസമയം, പഞ്ചാരക്കൊല്ലി മേഖലയിൽ അഞ്ച് സ്ഥലങ്ങളിലായ പ്രഖ്യാപിച്ച 48 മണിക്കൂർ പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചു. കടുവ ചത്ത സാഹചര്യത്തിലാണ് ഈ തീരുമാനം.
ALSO READ: പഞ്ചാരക്കൊല്ലി കടുവാ ദൗത്യം; ഇന്ന് അഞ്ച് ഇടത്ത് 48 മണിക്കൂർ കർഫ്യൂ