ട്രംപിൻ്റെ നിലപാടിനെ എതിർത്തു കൊണ്ട് ഹമാസ് രംഗത്തെത്തി
ഗാസയില്‍ കുടിയൊഴിപ്പിക്കപ്പെട്ട പലസ്തീനികളെ ഈജിപ്തോ ജോർദാനോ ഏറ്റെടുക്കണമെന്ന വിവാദ പരാമർശവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. "ഗാസ പൂർണ്ണമായി തകർന്നു, ഇനി അവിടെയുള്ളവരെ അറബ് രാജ്യങ്ങളുമായി സഹകരിച്ച് സുരക്ഷിതമായ മറ്റെവിടേക്ക് എങ്കിലും മാറ്റിപ്പാർപ്പിക്കുകയാണ് നല്ലത്" ട്രംപ് പറഞ്ഞു.
ജോർദാന്‍, ഈജിപ്ത് തലവന്മാരോട് ഇതുസംബന്ധിച്ച് ചർച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി. താത്കാലികമോ-സ്ഥിരമോ ആയ പുനരധിവാസമാണോ നിർദേശിക്കുന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് രണ്ടിലേത് വേണമെങ്കിലും ആകാമെന്നായിരുന്നു ട്രംപിന്‍റെ മറുപടി. ട്രംപിൻ്റെ നിലപാടിനെ എതിർത്തു കൊണ്ട് ഹമാസ് രംഗത്തെത്തി. അത് പലസ്‌തീനികളുടെ വീടാണ്. ട്രംപിൻ്റെ നീക്കം അവരെ പ്രകോപിപ്പിക്കുമെന്നും, ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ബാസെം നയിം പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്‌തു.
ALSO READ: തിരിച്ചു വരവ്? ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരുന്നത് പരിഗണിക്കാമെന്ന് ഡൊണൾഡ് ട്രംപ്
ഗാസ മുനമ്പിലെ പലസ്തീൻ ജനത 15 മാസത്തോളമായി മരണവും നാശവും സഹിച്ചുകൊണ്ടാണ് ജീവിക്കുന്നത്. അവരുടെ ഭൂമി വിട്ടുപോകാതെ പിടിച്ചു നിൽക്കുന്നവർക്ക് ട്രംപിൻ്റെ ആവശ്യത്തെ അംഗീകരിക്കാൻ കഴിയില്ല. ഗാസയിൽ കാലങ്ങളായി തുടർന്നു കൊണ്ടിരുന്ന ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
പ്രദേശമാകെ തകർന്നടിഞ്ഞ അവസ്ഥയിലാണ്. അതിനാൽ ഈജിപ്‌തിനോടും ജോർദാനോടും ചർച്ച ചെയ്‌ത് പലസ്തീനികളെ മാറ്റി പാർപ്പിക്കാനുള്ള ചർച്ച നടത്തുമെന്നാണ് ട്രംപ് അറിയിച്ചത്. അവരെ സമാധാനത്തോടെ ജീവിക്കാൻ സാധിക്കുന്ന മറ്റൊരിടത്തേക്ക് മാറ്റി പാർപ്പിക്കാൻ താൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഗാസയിലുടനീളം 60% ഘടനകൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്‌തിട്ടുണ്ടെന്നും, ഇത് പുനർനിർമിക്കാൻ പതിറ്റാണ്ടുകളെടുക്കുമെന്നും ഐക്യരാഷ്ട്രസഭ നേരത്തെ വ്യക്തമാക്കിയിരുന്നു.
ALSO READ: ഗർഭഛിദ്ര വിരുദ്ധ നയം ആഗോളമാക്കാന്‍ ട്രംപ്; മെക്സിക്കോ സിറ്റി പോളിസിയും ഹൈഡ് ഭേദഗതിയും പുനഃസ്ഥാപിച്ചു
"നമ്മുടെ വിധിയും നമുക്ക് എന്ത് വേണമെന്നും തീരുമാനിക്കുന്നത് നമ്മളാണ്.ചരിത്രത്തിലുടനീളം ഈ ഭൂമി നമ്മുടേതാണ്, ഇത് നമ്മുടെ പൂർവ്വികരുടെ സ്വത്താണ്. ശവമായല്ലാതെ ഞങ്ങൾ ഇത് ഉപേക്ഷിക്കില്ല", തെക്കൻ നഗരമായ ഖാൻ യൂനിസിൽ കുടിയിറക്കപ്പെട്ട അബു യഹ്‌യ റാഷിദ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തു.