2005 ഒക്ടോബര്‍ 5 നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റിജിത്ത് കൊല്ലപ്പെട്ടത്. ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ പത്ത് പേരായിരുന്നു കേസിലെ പ്രതികള്‍.
കണ്ണൂര്‍ കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസില്‍ 9 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധി. 19 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിധി വരുന്നത്. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ജനുവരി 7 ന് പ്രതികളുടെ ശിക്ഷ പ്രഖ്യാപിക്കും.
2005 ഒക്ടോബര്‍ 5 നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റിജിത്ത് കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ ഹൈവേ അനില്‍, പുതിയപുരയില്‍ അജീന്ദ്രന്‍, തെക്കേവീട്ടില്‍ ഭാസ്‌കരന്‍, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികള്‍. ഇതില്‍ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടയില്‍ മരിച്ചിരുന്നു.
കണ്ണപുരം തച്ചങ്കണ്ടിയാല്‍ ക്ഷേത്രത്തിനടുത്തു വെച്ച് രാത്രി സുഹൃത്തുക്കള്‍ക്കൊപ്പം നടന്നു വരികയായിരുന്ന റിജിത്തിനെ ആര്‍എഎസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു കൊല്ലുകയായിരുന്നു. റിജിത്തിനൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ക്ഷേത്രത്തില്‍ ശാഖ തുടങ്ങുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
2005 ൽ നടന്ന കേസ് 5 ജഡ്ജിമാർ മാറി പരിഗണിക്കുന്ന സാഹചര്യവുമുണ്ടായിരുന്നു. വളപട്ടണം സിഐ ആയിരുന്ന ടി പി പ്രേമരാജനാണ് കേസ് അനീഷിച്ചത്. 2006 ഒക്ടോബർ 3 ന് കേസിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ പ്രതികൾ കോടതിക്കെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചതും, കോവിഡും, സ്പെഷ്യൽ പ്രോസിക്യുട്ടർ ആയി ബി.പി. ശശീന്ദ്രനെ നിയമിക്കണമെന്ന കുടുംബത്തിന്റെ ആവശ്യവും വിചാരണ നീളാൻ കാരണമായി. കേസില്‍ 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. വൈകിയെങ്കിലും വിധി വന്നതിൽ സന്തോഷമെന്ന് റിജിത്തിന്റെ അമ്മയും സഹോദരിയും പ്രതികരിച്ചു.