ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി 34 ഇസ്രയേൽ ബന്ദികളെ പുറത്തുവിടുമെന്ന് ഹമാസ് അറിയിച്ചിരുന്നു
വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി 34 ഇസ്രയേൽ ബന്ദികളെ പുറത്തുവിടുമെന്ന് ഹമാസിൻ്റെ പ്രഖ്യാപനം നിഷേധിച്ച് ഇസ്രയേൽ പ്രധാനമന്ത്രി. വാർത്ത നിഷേധിച്ചുകൊണ്ടുള്ള ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പ്രസ്താവന ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാറിന് പകരമായി പുറത്തുവിടുന്ന 34 ബന്ദികളുടെ പട്ടിക ഹമാസ് അംഗീകരിച്ചുവെന്ന യുകെ ആസ്ഥാനമായുള്ള ഒരു വാർത്താ ഏജൻസിയുടെ റിപ്പോർട്ടിനെ തുടർന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. "ഈ നിമിഷം വരെ ബന്ദികളുടെ പേരുകളുടെ പട്ടിക ഹമാസ് കൈമാറിയിട്ടില്ല. എന്നിരുന്നാലും, ബന്ദികളുടെ അവസ്ഥ പരിശോധിക്കാൻ കൂടുതൽ സമയം ആവശ്യമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു", നെതന്യാഹു വ്യക്തമാക്കി.
ALSO READ: ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവെക്കാനൊരുങ്ങി ജസ്റ്റിൻ ട്രൂഡോ; തീരുമാനം ഉടൻ പ്രഖ്യാപിച്ചേക്കും
ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ചകളുടെ ഭാഗമായി 34 ഇസ്രയേൽ ബന്ദികളെ പുറത്തുവിടുമെന്ന് ഹമാസ് അറിയിച്ചതായുള്ള വാർത്ത റോയിട്ടേഴ്സ്, എഎഫ്‌പി അടക്കമുള്ളവർ റിപ്പോർട്ട് ചെയ്തിരുന്നു. 34 പേരാണ് പട്ടികയിലുള്ളതെന്നും, ബന്ദികളുടെ പട്ടികയിൽ രോഗബാധിതരും ഉൾപ്പെടുന്നുവെന്നുമായിരുന്നു റിപ്പോർട്ട്. 10 സ്ത്രീകളും 50നും 85നും ഇടയിൽ പ്രായമുള്ള 11 പുരുഷൻമാരും പട്ടികയിലുണ്ട്. കൊല്ലപ്പെട്ടെന്ന് നേരത്തെ ഹമാസ് പറഞ്ഞിരുന്ന കുട്ടികളും യുവാക്കളും പട്ടികയിലുണ്ടെന്നും റിപ്പോർട്ട് പുറത്തുവന്നിരുന്നു.