കാസർഗോഡ് ജില്ലയിലെയും പുറത്തുമുള്ള മുതിർന്ന സിപിഎം നേതാക്കളുടെ പങ്ക് പ്രതികളുടെ കുടുംബം തുറന്നു പറയുമെന്നും അതിനാൽ അവരെ ഭീഷണിപ്പെടുത്താനായിരുന്നു സിപിഎം നേതാക്കളുടെ സന്ദർശനമെന്നും കൃപേഷിൻ്റെ പിതാവ് കൃഷ്ണൻ ആരോപിച്ചു
പെരിയ കേസിലെ കുറ്റവാളികളെയും കുടുംബത്തെയും സിപിഎം നേതാക്കൾ സന്ദർശിച്ചതിനെ വിമർശിച്ച് കൃപേഷിൻ്റെയും ശരത് ലാലിൻ്റെയും കുടുംബം. കൊലപാതകത്തിലെ പാർട്ടി ബന്ധം തെളിയിക്കുന്നതാണ് നേതാക്കളുടെ സന്ദർശനമെന്ന് ശരത്‌ലാലിൻ്റെയും കൃപേഷിൻ്റെയും കുടുംബം ആരോപിച്ചു. കൊലപാതകത്തിൽ സിപിഎം നേതാക്കളുടെ പങ്ക് പുറത്തു പറയാതിരിക്കാനാണ് നേതാക്കളുടെ സന്ദർശനമെന്നും കുടുംബം പറയുന്നു.
കണ്ണൂരിലെ മുതിർന്ന നേതാക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നതിൻ്റെ തെളിവാണ് ജയിൽ സന്ദർശനമെന്ന് ശരത്‌ലാലിൻ്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു. കാസർഡഗോഡ് ജില്ലയിലെയും പുറത്തുമുള്ള മുതിർന്ന സിപിഎം നേതാക്കളുടെ പങ്ക് പ്രതികളുടെ കുടുംബം തുറന്നു പറയും. അതിനാൽ അവരെ ഭീഷണിപ്പെടുത്താനായിരുന്നു സിപിഎം നേതാക്കളുടെ സന്ദർശനമെന്ന് കൃപേഷിൻ്റെ പിതാവ് കൃഷ്ണൻ ആരോപിച്ചു.
സിപിഎം നേതാക്കളുടെ ജയിൽ സന്ദർശനം തീവ്രവാദി സംഘടനകളെ പോലും ലജ്ജിപ്പിക്കുന്നതെന്നാണ് വിഡി സതീശൻ പ്രതികരിച്ചത്. പ്രതികൾക്ക് ജയിലിനു മുന്നിൽ സ്വീകരണം നൽകിയ പാർട്ടിയാണ് സിപിഎമ്മെന്നും ജയിൽ ഉപദേശക സമിതിയിൽ നിന്നും പി. ജയരാജനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. ജയിൽ സന്ദർശനത്തോടെ കേസിൽ പി. ജയരാജൻ്റെ പങ്ക് വ്യക്തമായതായി പെരിയ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം കോൺഗ്രസ് നേതാവ് കെ. മുരളീധരനും പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനികൾക്ക് താമ്രപത്രം നൽകുന്നത് പോലെയാണ് കൊലയാളികൾക്ക് സിപിഎം സ്വീകരണം നൽകിയതെന്നായിരുന്നു എം. എം. ഹസ്സൻ്റെ വിമർശനം. കൊലയാളികൾക്ക് വീരപത്രം നൽകുകയാണ് സിപിഎമ്മും ജയരാജനുമെന്നും കോൺഗ്രസ് നേതാവ് വിമർശിച്ചു.
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ കണ്ണൂർ ജയിലിലേക്ക് മാറ്റുമ്പോഴായിരുന്നു സിപിഎം പ്രവർത്തകർ ജയിലിന് പുറത്ത് മുദ്രാവാക്യം വിളിക്കുകയും പി.ജയരാജൻ പ്രതികളെ സന്ദർശിക്കുകയും ചെയ്തത്. ഇതിന് പിന്നാലെകാസർഗോഡ് സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ്റെയും സി.എച്ച്. കുഞ്ഞമ്പു എംഎൽഎയുടേയും നേതൃത്വത്തിൽ മുഖ്യ പ്രതി പീതാംബരൻ ഉൾപ്പെടെയുള്ളവരുടെ വീടുകൾ കയറിയുള്ള സന്ദർശനവുമുണ്ടായിരുന്നു.
ജയിൽജീവിതം കമ്മ്യൂണിസ്റ്റുകാർക്ക് വായിക്കാനുള്ള അവസരമാണെന്ന് പറഞ്ഞ ഇ.പി. ജയരാജൻ, 'കേരളം-മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന തൻ്റെ പുസ്തകവും കുറ്റവാളികൾക്ക് കൈമാറി. വായിച്ച് അവർ പ്രബുദ്ധരാകും. രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്നാണ് സിപിഎമ്മിൻ്റെ കാഴ്ചപ്പാട്. കഴിഞ്ഞ എട്ടര വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് പൊതുവേ സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങളില്ലാത്ത സമാധാനാന്തരീക്ഷമാണ്. അത് നിലനിർത്തണം. പെരിയ കേസിലെ വിധി അന്തിമമല്ല. നിയമപരമായി മുന്നോട്ട് പോകാനുള്ള അവസരം അവർക്കുണ്ടെന്നും പി. ജയരാജൻ പറഞ്ഞു.
രഞ്ജിത്ത് , സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിലിലേക്ക് മാറ്റിയത്. ഒൻപത് പേർക്കും സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കോടതി നിർദേശപ്രകാരമാണ് ജയിൽ മാറ്റം. ആറ് വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് പെരിയ ഇരട്ട കൊലപാതകക്കേസിൽ കോടതി ശിക്ഷ വിധിച്ചത്. കേസിൽ 14 പ്രതികളെയാണ് കുറ്റക്കാരായി കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്. കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്കും, പത്തും, പതിനഞ്ചും പ്രതികൾക്കും ഇരട്ട ജീവപര്യന്തം വിധിച്ചു. ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള മറ്റ് പ്രതികള്‍ക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഈ പ്രതികളുടെ ജാമ്യവും കോടതി റദ്ദാക്കി. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.