പരുക്കനായ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് ഷാഹിദ് തിളങ്ങുന്നത്
ഷാഹിദ് കപൂറിൻ്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു അർജുൻ റെഡ്ഡിയുടെ റീമേക്കായ കബീർ സിങ്. ബോക്സോഫീസിൽ തരംഗം സൃഷ്ടിക്കാൻ ചിത്രത്തിന് കഴിഞ്ഞു. അതിന് ശേഷം കാര്യമായ വിജയങ്ങളൊന്നും നേടാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.
ഏറ്റവുമൊടുവിൽ മലയാളിയായ ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസ് അണിയിച്ചൊരുക്കുന്ന 'ദേവ' എന്ന ഹിന്ദി ചിത്രമാണ് ഷാഹിദിൻ്റേതായി തിയേറ്ററിലെത്താനുള്ളത്. സിനിമയുടെ 52 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് ഞായറാഴ്ച പുറത്തുവന്നത്.
പരുക്കനായ പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് ഷാഹിദ് തിളങ്ങുന്നത്. ഇതെന്താ കബീർ സിങ്ങിൻ്റെ പൊലീസ് വേർഷനാണോയെന്നും ആരാധകർ സംശയിക്കുന്നുണ്ട്. ആക്ഷനും പാട്ടുകൾക്കും ഏറെ പ്രാധാന്യമുള്ളൊരു പവർ പാക്ക്ഡ് എൻ്റർടെയ്നറാണ് റോഷൻ ആൻഡ്രൂസ് ഒരുക്കിയിരിക്കുന്നത്. ജനുവരി 31ന് സിനിമ തീയേറ്ററുകളിലെത്തും.
2019ൽ പുറത്തിറങ്ങിയ കബീർ സിങ്ങിനെ വെല്ലുന്നൊരു കഥാപാത്രമാകും ഇതെന്നാണ് ആരാധകരിൽ ചിലരുടെ കമൻ്റുകൾ. ഷാഹിദ് കപൂറിൻ്റെ കരിയറിലെ നിർണായകമായ വേഷങ്ങളിലൊന്നാകും ഇതെന്നാണ് ആരാധകരുടെ പ്രതീക്ഷ. പൃഥ്വിരാജിൻ്റെ 'മുംബൈ പൊലീസ്' പോലെയുള്ള വേറിട്ട പൊലീസ് ചിത്രങ്ങളിലൂടെ കാണികളെ ത്രില്ലടിപ്പിച്ച സംവിധായകനാണ് റോഷൻ ആൻഡ്രൂസ്.
ALSO READ: മികച്ച ചിത്രമായി 'ദി ബ്രൂട്ടലിസ്റ്റ്'; നാല് ഗോൾഡൻ ഗ്ലോബ് അവാർഡുകൾ വാരിക്കൂട്ടി 'എമിലിയ പെരസ്'