fbwpx
"പിണറായി വിജയൻ കേരള ഹിറ്റ്ലർ"; അൻവറിൻ്റെ അറസ്റ്റിൽ രൂക്ഷ വിമർശനവുമായി യുഡിഎഫ് നേതാക്കൾ
logo

ന്യൂസ് ഡെസ്ക്

Last Updated : 06 Jan, 2025 12:51 PM

ഒരു ജനപ്രതിനിധിയെ മാന്യമായി അറസ്റ്റ് ചെയ്യാനുള്ള മര്യാദ പോലും സർക്കാർ കാണിച്ചില്ലെന്ന വിമർശനമാണ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഉയർത്തിയത്

KERALA



നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിലെ പി.വി. അൻവ‍ർ എംഎൽഎയുടെ അറസ്റ്റിൽ പ്രതികരണവുമായി യുഡിഎഫ് നേതാക്കൾ. സംസ്ഥാന സർക്കാറിനെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു നേതാക്കളുടെ പ്രതികരണം. അൻവറിൻ്റെ അറസ്റ്റ് തെറ്റായ നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പി.വി. അൻവറിന് പിന്തുണയുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരനും രംഗത്തെത്തി. സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായത് ഒരു പൊതു പ്രവർത്തകനോട് സ്വീകരിക്കേണ്ട നടപടിയല്ലെന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.


ഒരു ജനപ്രതിനിധിയെ മാന്യമായി അറസ്റ്റ് ചെയ്യാനുള്ള മര്യാദ പോലും സർക്കാർ കാണിച്ചില്ലെന്ന വിമർശനമാണ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി ഉയർത്തിയത്. അധികാര ഭ്രാന്ത് പിടിച്ച സർക്കാരാണ് കേരളത്തിലേത്. ഒന്നുകിൽ കീഴ്‌വഴങ്ങുക അല്ലെങ്കിൽ തൊട്ടിലാട്ടി വീട്ടിൽ ഇരിക്കുക എന്നതാണ് സിപിഎം നയമെന്നും ഷാജി പറഞ്ഞു. 

സംസ്ഥാന സർക്കാരിനെതിരെ വിമർശനമുന്നയിച്ച കെ.എം ഷാജി, അൻവർ ഉയർത്തിയ പ്രശ്നത്തിനും, എംഎൽഎയ്ക്ക് കിട്ടേണ്ട ജനാധിപത്യ മര്യാദകൾക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. നാട്ടിൽ ഇറങ്ങിയാൽ സിപിഎം കൊല്ലും കാട്ടിൽ ഇറങ്ങിയാൽ ആന കൊല്ലും ഇങ്ങനെയാണ് കേരളത്തിൻ്റെ അവസ്ഥ. കേരളത്തിലെ അതീവ ന്യൂനപക്ഷമായ ഒരു വിഭാഗത്തിലെ ആളാണ് മരിച്ചതെന്നത് ഗൗരവകരമായ വിഷയമാണ്. ഇതിൽ പ്രതികരിച്ചതിനാണ് അവിടുത്തെ ജനപ്രതിനിധിയായ അൻവറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിയമസഭ അടിച്ച് തകർത്തവർ മന്ത്രിമാരായ സംസ്ഥാനമാണിതെന്നും അറസ്റ്റ് ചർച്ചയാവണമെന്നും ഷാജി കൂട്ടിച്ചേർത്തു.


ALSO READ: പി. വി. അൻവർ എംഎൽഎ ജയിലിൽ; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ, ഇന്ന് ജാമ്യാപേക്ഷ സമർപ്പിക്കും


മുകേഷിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്യാത്ത പൊലീസാണ് അൻവറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തതെന്നായിരുന്നു കോൺഗ്രസ് നേതാവ് കെ. മുരളീധരൻ്റെ വിമർശനം. കേരള ഹിറ്റ്ലറാണ് പിണറായി വിജയൻ. ജനങ്ങൾക്കൊപ്പം നിന്നതിനാണ് അൻവറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പി.വി. അൻവറിൻ്റെ മുന്നണിപ്രവേശനവും മുരളീധരൻ തള്ളിയില്ല. കാത്തിരുന്നു കാണാമെന്നായിരുന്നു നേതാവിൻ്റെ പ്രസ്താവന.

പി.വി. അൻവറിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ യോജിപ്പില്ലെങ്കിലും, അൻവറിന്റെ സമരരീതിയോട് യോജിപ്പില്ലെന്ന് കോൺഗ്രസ് നേതാവ് എം.എം. ഹസ്സൻ പറഞ്ഞു. ഇന്നലെ അവധി ദിവസമായിരുന്നതിനാലാണ് ഓഫീസ് അടച്ചിട്ടിരുന്നത്. ജനപ്രതിനിധിയെ ഭീകരവാദിയെ കൈകാര്യം ചെയ്യുന്നതുപോലെ കൈകാര്യം ചെയ്തെന്നും എം.എം. ഹസ്സൻ പറഞ്ഞു.


അൻവറിൻ്റെ അറസ്റ്റ് തെറ്റായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു. വന നിയമ ഭേദഗതിയിൽ വനമേഖലയിലുള്ളവർ ആശങ്കയിലാണ്. നിയമസഭാ തല്ലി തകർത്തവരാണ് ഇപ്പോൾ മന്ത്രിസ്ഥാനം വഹിക്കുന്നത്. അൻവർ ഒന്നും തല്ലി തകർത്തിട്ടില്ലല്ലോ എന്നും വി.ഡി സതീശൻ പരിഹസിച്ചു. അൻവർ സതീശനെതിരെ വിമർശനം ഉന്നയിച്ച വിഷയം പരാമർശിച്ചപ്പോൾ,  അൻവറിന് വിമർശനങ്ങൾ ഉന്നയിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു സതീശൻ്റെ മറുപടി. തനിക്കെതിരെ വിമർശനമുന്നയിച്ച വ്യക്തിയെന്ന് കരുതി ഒരാളെ പാതിരാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്തത് ന്യായീകരിക്കാൻ ആകില്ലെന്നും സതീശൻ പറഞ്ഞു.

എന്നാൽ അൻവറിൻ്റെ മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള ചർച്ചയും നടന്നിട്ടില്ലെന്ന് വി.ഡി. സതീശൻ പറയുന്നു. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗം ഈ വിഷയം ചർച്ച ചെയ്യില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.


ALSO READ: അൻവറിൻ്റെ അറസ്റ്റ് സാധാരണ പൊലീസ് നടപടി; പ്രതികരിച്ച് സിപിഎം നേതാക്കൾ


പി.വി. അൻവർ ഉയർത്തിയ വിഷയം പ്രധാനപ്പെട്ടതാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. കാട്ടാന ആക്രമണം തുടരുമ്പോഴും സർക്കാർ നിസ്സംഗത തുടരുകയാണ്. ഗൗരവമായ ചർച്ചക്ക് സർക്കാർ തയ്യാറായിട്ടില്ല. വിഷയത്തിൽ മുസ്ലീം ലീഗ് യുഡിഎഫ് പ്രക്ഷോഭം ആലോചിക്കുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം അൻവറിനെ മുന്നണിയിലേക്ക് സ്വീകരിക്കുന്ന കാര്യത്തിൽ, വി.ഡി. സതീശൻ്റെ പ്രസ്താവനയ്ക്ക് വിപരീതമായായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. വിഷയത്തിൽ അനൗപചാരിക ചർച്ചകൾ നടന്നിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അൻവറുമായുള്ള സമീപനം യുഡിഎഫ് ആലോചിക്കേണ്ട കാര്യമാണെന്നും ഔദ്യോഗിക തീരുമാനം ഉണ്ടാകേണ്ടത് യുഡിഎഫിൽ നിന്നാണെന്നും മുസ്ലീം ലീഗ് നേതാവ് പറഞ്ഞു.

നിലമ്പൂർ നോർത്ത് DFO ഓഫീസ് അടിച്ചു തകർത്തതിനും പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനുമടക്കം ജാമ്യമില്ലാ വകപ്പുകൾ ചുമത്തിയാണ് പി.വി. അൻവർ ഉൾപ്പെടെ പതിനൊന്ന് ഡിഎംകെ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അൻവറിനൊപ്പം നാല് ഡിഎംകെ പ്രവർത്തകരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ അൻവറാണ് ഒന്നാം പ്രതി.


ALSO READ: പി.വി. അൻവറിൻ്റെ അറസ്റ്റ്: ആക്രമണം നടന്നത് അൻവറിന്റെ പ്രേരണയിൽ, പൊലീസിനെ തള്ളിമാറ്റി നിലത്തിട്ട് ചവിട്ടി, റിമാൻഡ് റിപ്പോർട്ട് പുറത്ത്


കരുളായി ഫോറസ്റ്റ് റേഞ്ചിലെ മാഞ്ചീരി വനത്തിൽ ആനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിൻ്റെ ഡിഎംകെ പാർട്ടി ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്.

അൻവറിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് DMK യുടെ നേതൃത്വത്തിലും, DFO ഓഫീസ് ഓഫീസ് അടിച്ചു തകർത്ത DMK നിലപടിൽ പ്രതിഷേധിച്ച് NGO യൂണിയനും ഇന്ന് നിലമ്പൂരിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.

NATIONAL
പ്രണബ് മുഖര്‍ജിക്ക് സ്മാരകം രാജ്ഘട്ടിലെ രാഷ്ട്രീയ സ്മൃതി സ്ഥലിൽ, അനുമതി നൽകി കേന്ദ്രസർക്കാർ; നന്ദി പറഞ്ഞ് മകള്‍
Also Read
user
Share This

Popular

KERALA
NATIONAL
അവള്‍ക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി