രാജ്യം ഇന്ന് ഭരണഘടനാ ദിനം ആചരിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭരണഘടന നിര്‍മാണസഭയുടെ അംഗീകാരം ലഭിച്ച ദിനത്തിന്റെ ഓര്‍മ ദിനമാണ് ഇന്ന്. 1949 നവംബര്‍ 26 നാണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ചത്. ഭരണഘടനാ ദിനത്തിനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്.
ലോകത്ത് എഴുതപ്പെട്ടതില്‍ വെച്ച് ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടേത്. 1950 ജനുവരി 26നാണ് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത്. എന്നാല്‍ 1949 നവംബര്‍ 26 നാണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഭരണഘടന നിര്‍മാണസഭയുടെ അംഗീകാരം ലഭിച്ചത്. ഈ ദിവസത്തിന്റെ ഓര്‍മപുതുക്കലായിട്ടാണ് രാജ്യം നവംബര്‍ 26 ഭരണഘടനാ ദിനം ആചരിക്കുന്നത്. 2015 മുതലാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കാന്‍ ആരംഭിച്ചത്.
അതിന് മുന്‍പ് ഇന്ത്യക്കാര്‍ക്ക് നിയമദിനമായിരുന്നു ഈ ദിനം. ജനങ്ങള്‍ക്കിടയില്‍ ഭരണഘടനാ മൂല്യങ്ങള്‍ വളര്‍ത്താനാണ് ദിനാചരണം. ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രിംകോടതി ഇന്നലെ തള്ളിയതും ചരിത്രമാണ്.
ഭരണഘടന ദിനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേക വെബ്സൈറ്റ് തയാറാക്കിയതായി കേന്ദ്ര സാംസ്‌കാരിക സെക്രട്ടറി അരുണീഷ് ചൗള അറിയിച്ചു. ഭരണഘടനയുടെ ആമുഖം വായിക്കുന്ന വീഡിയോ റെക്കോഡ് ചെയ്ത് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്. രാജ്യത്തുടനീളമുള്ള സ്‌കൂളുകളില്‍ ആമുഖത്തിന്റെ കൂട്ട വായനകള്‍ നടക്കുമെന്നും ചൗള കൂട്ടിച്ചേര്‍ത്തു.
പഴയ പാര്‍ലമെന്റിന്റെ സെന്‍ട്രന്‍ ഹാളില്‍ നടക്കുന്ന വിപുലമായ ആഘോഷ പരിപാടികള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു നേതൃത്വം നല്‍കും. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല എന്നിവരും ആഘോഷങ്ങളില്‍ പങ്കെടുക്കും. അതിനിടെ, രാജ്യസഭയിലേയും ലോക്‌സഭയിലേയും പ്രതിപക്ഷ നേതാക്കള്‍ക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതിനെതിരെ ഇന്ത്യ സഖ്യം രംഗത്തെത്തി. സംസാരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് നേതാക്കള്‍ സ്പീക്കര്‍ ഓം ബിര്‍ലക്ക് കത്തെഴുതി.