മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലിനെ പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ യുവതിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് രാഹുല്‍ വീട്ടില്‍വെച്ച് മര്‍ദിച്ചെന്നാണ് യുവതി ആശുപത്രിയില്‍ മൊഴി നല്‍കിയത്. ഇന്നലെ രാത്രിയോടെയാണ് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരാതിയില്ലെന്നും രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ അനുവദിക്കണമെന്നും യുവതി പന്തീരാങ്കാവ് പൊലീസിന് എഴുതി നല്‍കി. ഇതിനിടയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലിനെ പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചത്. രാഹുല്‍ തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുവന്നത്. പിന്നീട് ഇയാള്‍ സ്ഥലത്തു നിന്നും മാറി.
Also Read: തൃശൂരിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്ത് ലോറി കയറിയിറങ്ങി; അഞ്ച് മരണം
ഏറെ വിവാദം സൃഷ്ടിച്ച കേസായിരുന്നു പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ യുവതിയെ ക്രൂരമായി മര്‍ദിക്കപ്പെട്ട നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പരാതി നല്‍കുന്നത്. പിന്നാലെ കോഴിക്കോട് സ്വദേശിയായ ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് ഗാര്‍ഹിക പീഡനവും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു. വധശ്രമക്കേസും ചുമത്തി.
ഇതിനിടയില്‍ രാഹുല്‍ ജര്‍മനിയിലേക്ക് രക്ഷപ്പെട്ടു. രാഹുലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് ഭര്‍ത്താവ് മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിനാണ് പരാതി നല്‍കിയതെന്നും പറഞ്ഞ് യുവതി രംഗത്തെത്തുന്നത്. ഇതോടെ, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചു. ഭാര്യയെ മര്‍ദിച്ചിട്ടില്ലെന്നും തങ്ങള്‍ക്കിടയിലുണ്ടായിരുന്ന തര്‍ക്കം സംസാരിച്ചു തീര്‍ത്തു എന്നുമായിരുന്നു രാഹുലിന്റെ വാദം. ഇത് ശരിവെച്ച് യുവതിയും സത്യവാങ്മൂലം നല്‍കി.
ഇതിനിടെ, യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഡല്‍ഹിയിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍വെച്ച് പൊലീസ് യുവതിയെ കണ്ടെത്തി. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ യുവതി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് അറിയിച്ചു.
ഒന്നിച്ച് ജീവിക്കണമെന്ന് രാഹുലും യുവതിയും ഹൈക്കോടതിയെ അറിയിച്ചു. കോടതി നിര്‍ദേശപ്രകാരം ഇരുവര്‍ക്കും കൗണ്‍സിലിങ്ങും നല്‍കി. പിന്നാലെ രാഹുലിനെതിരായ ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.