fbwpx
മുംബൈ ഭീകരാക്രമണത്തിൻ്റെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് 16 വയസ്; രാജ്യത്തെ ഞെട്ടിച്ച ആ രാത്രി സംഭവിച്ചതെന്ത്?
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Nov, 2024 09:31 AM

ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്തെ ഒന്നടങ്കം നടുക്കിയ രാത്രിയായിരുന്നു 2008 നവംബർ 26

DAY IN HISTORY


രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിൻ്റെ പതിനാറാം വാർഷികമാണ് ഇന്ന്. രാജ്യത്തുടനീളം വാർഷികത്തിൻ്റെ ഭാ​ഗമായി വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടികൾ നടക്കും. ഇന്ത്യയുടെ വാണിജ്യ തലസ്ഥാനത്തെ ഒന്നടങ്കം നടുക്കിയ രാത്രിയായിരുന്നു 2008 നവംബർ 26. മൂന്ന് ദിവസമാണ് ആക്രമണങ്ങളും പ്രത്യാക്രമണവും നീണ്ടുനിന്നത്. ആക്രമണ പരമ്പരയിൽ 22 വിദേശികളടക്കം 166 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. എകെ 47 തോക്കുകളും, ഗ്രനേഡും, സ്‌ഫോടക വസ്തുക്കളുമായി നുഴഞ്ഞുകയറിയ പത്ത് ലഷ്കർ ഇ- ത്വയ്ബ ഭീകരർ മുംബൈയിലെ നരിമാൻ ഹൗസ്, ലിയോപോൾഡ് കഫേ, ആഡംബര ഹോട്ടലുകളായ താജ് മഹൽ പാലസ്, ഒബ്‌റോയ് ട്രൈഡന്റ്, കാമ ഹോസ്പിറ്റൽ, ഛത്രപതി ശിവാജി ടെർമിനൽ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളെ അക്ഷരാർത്ഥത്തിൽ ചോരക്കളമാക്കി മാറ്റുകയായിരുന്നു.

ALSO READ: ഇന്ന് ഭരണഘടനാ ദിനം; രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികള്‍

ചെറിയ സംഘങ്ങളായി തിരിഞ്ഞ ലഷ്കർ ഭീകരർ ആദ്യം സിഎസ്ടി റെയിൽവേ സ്റ്റേഷനായിരുന്നു ലക്ഷ്യമിട്ടത്. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന വെടിവെപ്പിൽ 58 പേർ കൊല്ലപ്പെട്ടു. അജ്മൽ കസബും, ഇസ്മായിൽ ഖാനുമായിരുന്നു ഇവിടുത്തെ കൂട്ടക്കുരുതിക്ക് പിന്നിൽ പ്രവർത്തിച്ചത്. ആക്രമണത്തിൽ നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. സിഎസ്ടിയിലെ വെടിവെപ്പിന് പത്ത് മിനുറ്റുകൾക്ക് ശേഷമാണ് നരിമാൻ ഹൗസിലെ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ജൂത മതവിശ്വാസികളുടെ കേന്ദ്രമായിരുന്ന ചബാഡ് ലുബാവിച്ച് ഔട്ട്‌റീച്ച് സെൻ്റർ ആക്രമിക്കുന്നതിന് മുൻപ് രണ്ടാമത്തെ ഭീകര സംഘം അടുത്തുള്ള ഗ്യാസ് സ്റ്റേഷൻ തകർത്തിരുന്നു. ഇവിടെ നടത്തിയ ആക്രമണത്തിൽ ജൂത പുരോഹിതനും ഭാര്യയും അഞ്ച് ഇസ്രായേലി ബന്ദികളുമായിരുന്നു കൊല്ലപ്പെട്ടത്. ലിയോപോൾഡ് കഫേയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്ക് നേരെയായിരുന്നു ഭീകരർ അടുത്തതായി വെടിയുതിർത്തത്. നരിമാൻ ഹൗസിൽ ആക്രമണം നടക്കുന്ന അതേ സമയത്തായിരുന്നു ഇവിടെയും വെടിവെപ്പുണ്ടായത്. കഫെയിൽനിന്ന് താജ് ഹോട്ടലിലേക്ക് പോയ ഷോയിബ്, ഉമർ എന്നീ ലഷ്കർ ഭീകരർ യാത്രാമാർഗത്തിൽ ടാക്സിയിലും ബോംബ് സ്ഥാപിച്ചിരുന്നു.

പിന്നീട് താജ് ഹോട്ടലിലെത്തിയ ഇവർ അബ്ദുൾ റഹ്മാൻ ബാഡ, അബു അലി എന്നിവരുമായി ചേർന്നാണ് ആക്രമണം നടത്തിയത്. താജ് ഹോട്ടലിൻ്റെ സൈഡ് ഡോറിലൂടെ പ്രവേശിച്ച ഷോയിബും ഉമറും, കണ്ണിന് മുന്നിൽ പെട്ടവർക്ക് നേരെയെല്ലാം നിറയൊഴിച്ചു. അതേസമയം തന്നെയാണ് ഹോട്ടലിൻ്റെ മുൻ വശത്തുകൂടി പ്രവേശിച്ച് മറ്റൊരു സംഘവും ആക്രമണം നടത്തിയത്. 31 പേർ ഇവിടെ കൊല്ലപ്പെട്ടിരുന്നു. ഒബ്‌റോയ്-ട്രൈഡന്റ് ഹോട്ടലിലും സമാനമായിരുന്നു സാഹചര്യങ്ങൾ. റെസ്റ്റോറന്റ് വഴി ഹോട്ടലിലേക്ക് പ്രവേശിച്ച രണ്ടംഗ സംഘം ജനക്കൂട്ടത്തിന് നേരെ നടത്തിയ വെടിവെപ്പിൽ 30 പേർ കൊല്ലപ്പെട്ടു.

ALSO READ: ഡൽഹിയിലെ വായു മലിനീകരണം; സ്കൂളുകൾ തുടർച്ചയായി അടച്ചിടുന്നത് പുനപരിശോധിക്കണമെന്ന് സുപ്രീം കോടതി

സിഎസ്ടി റെയിൽവേ സ്റ്റേഷൻ ആക്രമിച്ച ശേഷം കസബും ഇസ്മായിൽ ഖാനെന്ന മറ്റൊരു സംഘാംഗവും ചേർന്നാണ് കാമ ആശുപത്രി ആക്രമിക്കുന്നത്. അവിടെവച്ചുണ്ടായ ഏറ്റുമുട്ടലിലാണ് എടിഎസ് മേധാവി ഹേമന്ത് കർക്കറെ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരെ തീവ്രവാദികൾ കൊലപ്പെടുത്തുന്നത്. അതിനുശേഷം, ജീപ്പ് തട്ടിയെടുത്ത് കൊണ്ടു പോകാൻ ശ്രമിക്കവെയാണ് കസബ് പിടിയിലാകുന്നത്.

ഭീകരരെ കീഴ്‌പ്പെടുത്താൻ ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്ന പേരിൽ 200 പേരടങ്ങുന്ന എൻഎസ്ജി കമാൻഡോ സംഘത്തെയാണ് വിന്യസിച്ചത്. നവംബർ 26ന് ആരംഭിച്ച ആക്രമണം നവംബർ 29ന് രാവിലെ എട്ടുമണിക്കാണ് അവസാനിക്കുന്നത്. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ തീവ്രവാദ വിരുദ്ധ സേന മേധാവി ഹേമന്ത് കർക്കരെ, എസിപി അ​ശോ​ക്​ കാം​തെ, ഇൻ​സ്​​പെ​ക്​​ട​ർ വി​ജ​യ്​ സലസ്ക​ർ, മലയാളിയായ എ​ൻഎ​സ്​ജി ക​മാ​ൻ​ഡോ മേ​ജ​ർ സന്ദീപ് ഉ​ണ്ണി​കൃ​ഷ്​​ണ​ൻ ഉൾപ്പെടെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്കും ഓപ്പറേഷനിൽ ജീവൻ നഷ്ടപ്പെട്ടു. നാല് വർഷങ്ങൾക്ക് ശേഷം 2012 നവംബറിൽ കസബിനെയും ഇന്ത്യൻ ഭരണകൂടം തൂക്കിലേറ്റി. 

KERALA
'കട്ടന്‍ ചായയും പരിപ്പുവടയും'; ആത്മകഥാ വിവാദം ആസൂത്രിത ഗൂഢാലോചനയെന്ന് ഇ.പി
Also Read
user
Share This

Popular

KERALA
KERALA
'മീന്‍കറിക്ക് ഉപ്പില്ലെന്ന് പറഞ്ഞ് മര്‍ദനം'; ഭര്‍ത്താവിനെതിരെ വീണ്ടും പരാതി നല്‍കി പന്തീരാങ്കാവ് കേസിലെ യുവതി