പുതിയ ഡാം നിർമാണം ഭാരിച്ച ചെലവേറിയതും വിഷമങ്ങളുമുള്ളതുമാണെന്നായിരുന്നു ഇ ശ്രീധരൻ്റെ വാദം
മുല്ലപ്പെരിയാറിൽ പുതിയ ഡാം അനിവാര്യമല്ലെന്ന് മെട്രോ മാൻ ഇ. ശ്രീധരൻ. മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്നാട്ടിലേക്ക് ടണൽ നിർമിക്കണമെന്നും ഈ ടണൽ നിർമിച്ച് ബലപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയുണ്ടാകില്ലെന്നും ഇ. ശ്രീധരൻ പറഞ്ഞു. ഈ നിർദ്ദേശം തമിഴ്നാടും കേന്ദ്രവും ഉടൻ അംഗീകരിയ്ക്കുമെന്നും സുപ്രീംകോടതിക്കും വിഷയത്തിൽ എതിർപ്പ് ഉണ്ടാവില്ലെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.
പുതിയ ഡാം നിർമാണം ഭാരിച്ച ചെലവേറിയതും വിഷമങ്ങളുമുള്ളതാണെന്നുമായിരുന്നു ഇ. ശ്രീധരൻ്റെ വാദം. റിസർവോയറിൽ 4 കിലോമീറ്റർ നീളത്തിലും 6 മീറ്റർ വിസ്താരത്തിലും ടണൽ നിർമിക്കണം. ഇത്തരത്തിൽ ടണലുകൾ നിർമിച്ച് ജലനിരപ്പ് 100 അടിയിൽ നിജപ്പെടുത്തണം. അങ്ങനയെങ്കിൽ ജലസമ്മർദ്ദം 60 ശതമാനം കുറയ്ക്കാമെന്നും ശ്രീധരൻ വ്യക്തമാക്കി.
ALSO READ: മുല്ലപ്പെരിയാറിൽ പുതിയ ഡാം വരണം; കേരളത്തിൻ്റെ നിലപാടിൽ മാറ്റമില്ല; മന്ത്രി റോഷി അഗസ്റ്റിൻ
എന്നാൽ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കമെന്നാണ് കേരളത്തിൻ്റെ നിലപാട്. 129 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിൻ്റെ സുരക്ഷ മുന്‍ നിര്‍ത്തി പുതിയ അണക്കെട്ട് നിര്‍മിക്കുമെന്നും ഇതിനായി ഡിപിആര്‍ തയാറാക്കിയെന്നും രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി റോഷി അഗസ്റ്റിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ പരിമിതികൾ ഉണ്ടെന്നും റോഷി അഗസ്റ്റിൻ ചൂണ്ടികാട്ടി.
അതേസമയം അണക്കെട്ട് ഉയർത്തുന്ന ഭീതി സംബന്ധിച്ച എല്ലാത്തരം വാദങ്ങളെയും നിരാകരിക്കുന്നതാണ് കേന്ദ്ര ജല കമ്മീഷൻ നിലപാട്. ബലക്ഷമത പരിശോധിക്കുന്നതിനൊപ്പം, 1980കൾ മുതൽ ഡാമിന് അറ്റകുറ്റ പണികൾ നടത്തിയിട്ടുണ്ടെന്ന കാര്യവും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അണക്കെട്ടിന്റെ ചരിവുകൾ കോൺക്രീറ്റ് ആവരണമിട്ട് ഉറപ്പ് വരുത്തിയിട്ടുണ്ട്. ധാരാളം ഇരുമ്പ് കേബിളുകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, കേരളത്തിൽനിന്നുള്ള പ്രതിനിധി ഉൾപ്പെടുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 136ൽനിന്ന് 142 അടിയായി ജലനിരപ്പ് ഉയർത്തുവാൻ സുപ്രീം കോടതി ഉത്തരവിട്ടത്.
ALSO READ: മുല്ലപ്പെരിയാർ എന്ന ആശങ്ക, ചരിത്രവും വർത്തമാനവും...
സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ഉൾപ്പെടുന്ന മൂന്നംഗ ഡാം സുരക്ഷാ നിരീക്ഷണ സമിതി യഥാസമയം അണക്കെട്ട് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാറുണ്ട്. മാത്രമല്ല, ഭൂകമ്പത്തെ തുടർന്നോ അല്ലാതെയോ അണക്കെട്ട് തകർന്നാൽ, മൂന്നോ നാലോ മണിക്കൂർ കൊണ്ട് വെള്ളം ഇടുക്കി ഡാമിലെത്തും. 70.5 ദശലക്ഷം ഘനയടിയാണ് ഇടുക്കി ഡാമിന്റെ സംഭരണ ശേഷി. അനുവദനീയമായ പരമാവധി സംഭരണ ശേഷി 51.5 ഘനയടിയും. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ ഒഴുകിയെത്തുന്ന 11 ദശലക്ഷം ഘനയടി വെള്ളത്തെ സംഭരിക്കാനുള്ള ശേഷി ഇടുക്കി ഡാമിനുണ്ടെന്നാണ് റിപ്പോർട്ടുകൾ.