സിനിമാ ലൊക്കേഷനില്‍ നിന്നും മടങ്ങുകയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു
2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. മലയാള സിനിമയിലെ ഒരു പ്രമുഖ നടി ക്രൂരമായി പീഡനത്തിന് ഇരയാവുകയായിരുന്നു. സിനിമാ ലൊക്കേഷനില്‍ നിന്നും മടങ്ങുകയായിരുന്ന നടിയെ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു.
ഈ കേസില്‍ ആകെ 14 പ്രതികളാണ് ഉള്ളത്. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്. നടന്‍ ദിലീപ് പ്രതിയായ സുനിയെ ഏകദേശം മൂന്നിലധികം തവണ ബന്ധപ്പെട്ടിരുന്നു എന്ന സൂചന ആദ്യം തന്നെ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പള്‍സര്‍ സുനി തന്റെ മൊബൈലില്‍ പകര്‍ത്തിയ നടിയുടെ ദൃശ്യങ്ങള്‍ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും അന്വേഷണം ദിലീപിലേക്ക് എത്തുകയും ചെയ്തു. പീഡനം പകര്‍ത്തിയ ദൃശ്യങ്ങള്‍ പൊലീസ് വീണ്ടെടുക്കുകയും ചെയ്തു. നടന്‍ ഉള്‍പ്പെടെയുള്ള ആദ്യ 8 പ്രതികളുടെ പേരില്‍ കൂട്ട ബലാത്സംഗ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 8 മുതല്‍ 12 വരെയുള്ള പ്രതികള്‍ക്കുമേല്‍ ഡൂഢാലോചനാക്കുറ്റവും ചമുത്തപ്പെട്ടു. ഇതില്‍ 1 മുതല്‍ 7 വരെയുള്ള പ്രതികള്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. 375 പേജുള്ള കുറ്റപത്രത്തില്‍ 385 സാക്ഷികള്‍, 12 രഹസ്യമൊഴികള്‍ എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.
ഇതിനിടയില്‍ നടിയുടെ വിചാരണയ്ക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിച്ചിരുന്നു. 2018ല്‍ ലൈംഗികാതിക്രമം ചെയ്ത വീഡിയോയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ എത്തി. എന്നാല്‍ നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്ന ദിലീപിന്റെ ഹര്‍ജി കോടതി തള്ളുകയായിരുന്നു. പിന്നീട് അതീവ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് പ്രതി ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് നടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ദൃശ്യം കൈമാറുന്നത് തന്റെ അന്തസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടി സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചത്.
ALSO READ : സര്‍ക്കാരിന്റെ തടസവാദങ്ങള്‍ ഏറ്റില്ല; നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
2020ല്‍ ദിലീപിനും പള്‍സര്‍ സുനിക്കും മറ്റ് എട്ടു പ്രതികള്‍ക്കുമെതിരെ വിചാരണ കോടതി കുറ്റം ചുമത്തി. 2020ല്‍ തന്നെ കേസിലെ നിരവധി സാക്ഷികള്‍ കൂറുമാറുകയും ചെയ്തിരുന്നു. ഇതില്‍ അഭിനേതാക്കളായ ഭാമ, സിദ്ദീഖ്, ഇടവേള ബാബു എന്നിവര്‍ ഉള്‍പ്പെടുന്നു. ആക്രമിക്കപ്പെട്ട നടി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഹര്‍ജി തള്ളുകയായിരുന്നു.
2021ല്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസില്‍ നടനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. കേസില്‍ ദിലീപിനെ സഹായിച്ചതായി പറയപ്പെടുന്ന ഒരു വിഐപിയെ കുറിച്ചും സംവിധായകന്‍ പരാമര്‍ശിച്ചിരുന്നു. ബാലചന്ദ്രകുമാര്‍ കുറ്റകരമായ ഓഡിയോ ക്ലിപ്പുകള്‍ സമര്‍പ്പിച്ചതിന് പിന്നാലെ ദിലീപിനെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പുനരന്വേഷണം നടത്തി രണ്ടാം ഘട്ട കുറ്റപത്രം സമര്‍പ്പിച്ച് വീണ്ടും വിചാരണ നടത്തി.
2022ല്‍ അതിജീവിത താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ തുറന്നുപറച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി താരങ്ങള്‍ അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തി. 2023ല്‍ കോടതി കേസിന്റെ വിചാരണ 2023 ജൂലൈ 31നുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടു. എന്നാല്‍ ഓഗസ്റ്റ് 2023ല്‍ സുപ്രീം കോടതി വിചാരണയുടെ സമയപരിധി 2024 മാര്‍ച്ച് 31 വരെ നീട്ടി. നീണ്ട നാലര വര്‍ഷത്തെ സാക്ഷി വിസ്താരമാണ് കഴിഞ്ഞയാഴ്ച്ചയില്‍ പൂര്‍ത്തിയായത്. 1600 രേഖകളാണ് കേസില്‍ കൈമാറിയത്. ക്രമിനല്‍ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിന് പറയാനുള്ളതു കൂടി കേട്ട ശേഷം നവംബറില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധി പറഞ്ഞേക്കും.
ആ സാഹചര്യത്തിലാണ് കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ കോടതി പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കിയത്.