ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങും ഈ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു
ആംആദ്മി പാര്‍ട്ടി വിടാന്‍ സ്ഥാനാര്‍ഥികള്‍ക്ക് ബിജെപി 15 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന അരവിന്ദ് കെജ്‌രിവാളിന്റെ വെളിപ്പെടുത്തല്‍ ശരിവെച്ച് മന്ത്രി മുകേഷ് ആഹ്ളാവത്. 15 കോടി രൂപയുടെ വാഗ്ദാനം തനിക്കും വന്നെന്ന് വ്യക്തമാക്കിയ ആഹ്ളാവത് വിളിച്ച നമ്പറും പങ്കുവെച്ചു. എന്ത് വിലകൊടുത്തും താന്‍ ആംആദ്മി പാര്‍ട്ടിയില്‍ തന്നെ നില്‍ക്കുമെന്നും കെജ്‌രിവാളിനെ കൈയ്യൊഴിയില്ലെന്നും ആഹ്ളാവത് അറിയിച്ചു.
'ഞാന്‍ ചിലപ്പോള്‍ മരിച്ചുപോയേക്കാം, എന്നെ വെട്ടിനുറുക്കിയേക്കാം, എന്നിരുന്നാലും ഞാന്‍ കെജ്‌രിവാളിനെ കൈയ്യൊഴിയില്ല. ഈ നമ്പറില്‍ നിന്നാണ് ഫോണ്‍ വന്നത്. അവര്‍ പറഞ്ഞത് ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും എന്നെ മന്ത്രിയാക്കാം. 15 കോടി തരാം എന്നും പറഞ്ഞു,' ആഹ്‌ളാവത് പറഞ്ഞു.
16 എഎപി സ്ഥാനാര്‍ഥികളെ കൂറുമാറ്റാനായി ബിജെപി സമീപിച്ചെന്നും 15 കോടി രൂപ വീതം വാഗ്ദാനം ചെയ്തുവെന്നും കെജ്‍രിവാള്‍ വ്യാഴാഴ്ച ആരോപണം ഉന്നയിച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ്ങും ഈ ആരോപണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു. നാളെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാനിരിക്കെ കടുത്ത ജാഗ്രതയിലാണ് ആം ആദ്മി പാര്‍ട്ടി നേതൃത്വം.
അതേസമയം, അരവിന്ദ് കെജ്‌രിവാളിൻ്റെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗം മൊഴിയെടുക്കാൻ അദ്ദേഹത്തിൻ്റെ വസതിയിലെത്തിയിരുന്നു. എന്നാൽ കെജ്‌രിവാളിൻ്റെ വസതിയിലെത്തിയ ഡൽഹി പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗത്തെ കെജ്‌രിവാളിൻ്റെ പത്തംഗ അഭിഭാഷക സംഘം ഗേറ്റിൽ വെച്ച് തടഞ്ഞു. മൊഴി രേഖപ്പെടുത്താൻ ഒരുക്കമല്ലെന്ന് അരവിന്ദ് കെജ്‌രിവാളും നിലപാടെടുത്തു.
ആദ്യം പരാതി വാങ്ങാൻ എത്തിയതെന്നാണ് പൊലീസ് അറിയിച്ചത്. പിന്നീട് മൊഴിയെടുക്കാൻ എന്നാണ് അറിയിച്ചത്. ഇവരുടെ കൈവശം നോട്ടീസ് ഉണ്ടായിരുന്നില്ലെന്നും അതിനാൽ കടത്തി വിടില്ലെന്നുമാണ് അഭിഭാഷകൻ നിലപാടെടുത്തത്. ഇതോടെ പൊലീസുകാർ നോട്ടീസുമായി അകത്തേക്ക് വരാമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, കെജ്‌രിവാളിൻ്റെ ആരോപണം സംബന്ധിച്ച പരാതി പൊലീസിന് മെയിലിൽ അയച്ചിട്ടുണ്ടെന്നാണ് അഭിഭാഷകൻ മാധ്യമങ്ങളെ അറിയിച്ചത്. ഇതുപോലും അറിയാതെയാണ് പൊലീസ് സംഘം വീട്ടുപടിക്കൽ എത്തിയതെന്നും അഭിഭാഷകൻ പൊലീസിനെ വിമർശിച്ചു. ഏകദേശം ഒരു മണിക്കൂറോളം സമയം ഗേറ്റിനരികിൽ കാത്തുനിന്ന ശേഷം പൊലീസ് സംഘം മടങ്ങി.
ALSO READ: പശ്ചിമ ബംഗാളില്‍ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം; നാല് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
വാഗ്ദാനം നൽകിയെന്ന ആരോപണത്തിൽ ഡല്‍ഹിയിലെ ബിജെപി ജനറല്‍ സെക്രട്ടറിയായ വിഷ്ണു മിത്തല്‍ നേരത്തെ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഗവര്‍ണര്‍ ഇന്ന് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ആംആദ്മി സ്ഥാനാര്‍ഥികളുടെ അടിയന്തര യോഗം പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‍രിവാള്‍ ഇന്ന് വിളിച്ചിരുന്നു.
എഎപി സ്ഥാനാര്‍ഥികളെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിച്ചെന്ന ആരോപണത്തിനിടെ കെജ്‍രിവാള്‍ വിളിച്ച യോഗത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ഡല്‍ഹിയില്‍ ആര് ഭരണം പിടിക്കുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇതിനിടെ പ്രചാരണത്തിലുടനീളം നടത്തിയ ആരോപണ-പ്രത്യാരോപണങ്ങള്‍ തുടരുകയാണ് എഎപിയും ബിജെപിയും.