ഗ്ലോബൽ പീസ് ഇൻഡക്സിൻ്റെ റിപ്പോർട്ട് പ്രകാരം,സ്ത്രീകൾ സുരക്ഷിതരല്ലാത്ത ലോകത്തിലെ ആദ്യ ആറു രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ
കൊൽക്കത്ത ഡോക്ടറുടെ ക്രൂരബലാത്സംഗവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ഇപ്പോഴും കെട്ടടിങ്ങിയിട്ടില്ല. ഇപ്പോഴിതാ സ്ത്രീകൾ സുരക്ഷിതരല്ലാത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സ്ഥാനം പിടിച്ചിരിക്കുകയാണ്. ഗ്ലോബൽ പീസ് ഇൻഡക്സിൻ്റെ റിപ്പോർട്ട് പ്രകാരം, സ്ത്രീകൾ സുരക്ഷിതരല്ലാത്ത ലോകത്തിലെ ആദ്യ ആറു രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ഗ്ലോബൽ പീസ് ഇൻഡക്സിൻ്റെ 2024 ലെ കണക്കുപ്രകാരമാണ് സ്ത്രീകൾക്ക് ഭീഷണിയുള്ള ആറു രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. സാംസ്കാരിക പൈതൃകവും വൈവിധ്യമാർന്ന ഭൂപ്രകൃതിയും ഇന്ത്യയെ സമ്പന്നമാക്കുമ്പോഴും സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ രാജ്യം വട്ടപൂജ്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ഈ റിപ്പോർട്ട്. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ ദിനം പ്രതി കൂടുന്നു. നിരത്തിവെക്കാൻ കണക്കുകൾ ഏറെയാണ്.
ഈ നിമിഷവും കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടർക്ക് നീതി ലഭിക്കാൻ ഇന്ത്യയിൽ പ്രതിഷേധം നടക്കുകയാണ്. ലോകത്ത് സ്ത്രീകൾ അതീവ ജാഗ്രത പുലർത്തേണ്ട ഇടമായി ഇന്ത്യ മാറിയിരിക്കുകയാണ്.
ALSO READ: സ്ത്രീകൾ ഇനി വീടിന് പുറത്ത് മിണ്ടരുത്; പുതിയ നിയമവുമായി താലിബാൻ
ഗാർഹിക പീഡനം മുതൽ പ്രായ-ബന്ധ വ്യത്യാസമില്ലാതെയുള്ള ലൈംഗിക അതിക്രമങ്ങൾ വരെ സ്ത്രീകൾക്കു നേരെ നടക്കുന്നു. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ 2021 ലെ കണക്കുപ്രകാരം ഇന്ത്യയിൽ പ്രതിദിനം 86 ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എല്ലാ ഇന്ത്യക്കാരും സഹോദരീ-സഹോദരൻമാരാണെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പ്രതിജ്ഞ ചൊല്ലുന്ന രാജ്യമാണിതെന്നതാണ് വിരോധാഭാസം.
സ്ത്രീകൾക്കു നേരെയുള്ള ആക്രമണങ്ങളിൽ ഒന്നാമത് ആഫ്രിക്കയാണ്. വേൾഡ് പോപ്പുലേഷൻ്റെ കണക്കു പ്രകാരം ദക്ഷിണാഫ്രിക്കയിൽ 25 ശതമാനം സ്ത്രീകൾ മാത്രമാണ് രാത്രിയിൽ തനിച്ചു നടക്കാൻ ധൈര്യപ്പെടുന്നത്. ലൈംഗികാതിക്രമം, പീഡനം,മനുഷ്യക്കടത്ത് എന്നിവയ്ക്ക് കുപ്രസിദ്ധമാണ് ദക്ഷിണാഫ്രിക്ക. കൂടാതെ 40 ശതമാനം സ്ത്രീകളും അവരുടെ ജീവിത കാലയളവിൽ ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്നു. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അപകടകരമാണ് ആഫ്രിക്ക.
അഫ്ഗാനിസ്ഥാൻ,സൊമാലിയ, കോംഗോ, യെമൻ തുടങ്ങിയ രാജ്യങ്ങളാണ് പിന്നീട് പട്ടികയിലുള്ളത്. സാമ്പത്തികം, ആരോഗ്യം, രാഷ്ട്രീയ ശാക്തീകരണം എന്നിവയിൽ സ്ത്രീകളുടെ സാന്നിധ്യം മാനദണ്ഡമാക്കിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.