പൈനാവ് 56 കോളനിയിൽ കൊച്ചുമലയിൽ അന്നകുട്ടിയുടെ മരുമകൻ നിരപ്പേൽ സന്തോഷ് ആണ് പൊലീസ് പിടിയിലായത്.
ഇടുക്കി പൈനാവിൽ രണ്ടു വീടുകൾ തീവെച്ച് നശിപ്പിച്ച പ്രതി പിടിയിൽ. പൈനാവ് 56 കോളനിയിൽ കൊച്ചുമലയിൽ അന്നകുട്ടിയുടെ മരുമകൻ നിരപ്പേൽ സന്തോഷ് ആണ് പൊലീസ് പിടിയിലായത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം ഉണ്ടായത്. അന്നകുട്ടിയെയും കൊച്ചുമകളെയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവം ഉണ്ടായ വീട്ടിലും അന്നക്കുട്ടിയുടെ ഇളയ മകൻ താമസിക്കുന്ന വീട്ടിലുമാണ് തീവപ്പുണ്ടായത്. സംഭവത്തിൽ അന്നക്കുട്ടിയുടെ വീട് പൂർണമായും കത്തി നശിച്ചു. ജിൻസിൻ്റെ വീട് ഭാഗികമായും തീപിടിച്ചു. ഈ സമയം വീടുകളിൽ ആളില്ലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഇടുക്കിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
അന്നക്കുട്ടിയുടെ മകളും സന്തോഷിന്റെ ഭാര്യയുമായ യുവതി വിദേശത്താണ്. സന്തോഷും ഭാര്യയും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് അന്നക്കുട്ടിയെയും മകന്റെ മകളായ രണ്ടുവയസുകാരി ചെറുമകളെയും ഇയാൾ പെട്രോൾ ഒഴിച്ചു കഴിഞ്ഞ ആഴ്ച തീ കൊളുത്തിയത്. സംഭവത്തിനുശേഷം മുങ്ങിയ സന്തോഷിനായി പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് ഇന്ന് പുലർച്ചെ വീടുകൾക്ക് തീവച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി പിടിയിലായത്. അതേസമയം അന്നക്കുട്ടിയും, കൊച്ചുമകളും ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്.