അതേസമയം മൂന്ന് ഫോണുകൾ ഉപയോഗിക്കാറുള്ള ഷൈൻ സ്ഥിരം ഇടപാട് നടത്തുന്ന ഫോൺ അല്ല ഹാജരാക്കിയതെന്നും പൊലീസിന് സംശയമുണ്ട്
കഴിഞ്ഞ ദിവസം ഡാൻസാഫിൻ്റെ ലഹരി പരിശോധനയ്ക്കിടെ ഓടിരക്ഷപ്പെട്ടത് പൊലീസ് ആണെന്ന് അറിയാതെയെന്ന് നടൻ ഷൈൻ ടോം ചാക്കോ. ആക്രമിക്കാൻ വന്ന ഗുണ്ടകളാണെന്ന് കരുതിയാണ് ഓടിയത്. വന്നവരെ കണ്ടപ്പോൾ പൊലീസ് ആണെന്ന് തോന്നിയില്ല. എല്ലാവർക്കും ഗുണ്ടകളുടെ ലുക്കായിരുന്നു. പൊലീസാണെന്ന് അറിയാമായിരുന്നെങ്കിൽ താൻ സഹകരിക്കുമായിരുന്നുവെന്നും ഷൈൻ പറഞ്ഞു. സിനിമാ മേഖലയിൽ ശത്രുക്കൾ ഉണ്ടെന്നും അവർ ആക്രമിക്കാൻ വിട്ട ഗുണ്ടകളാണെന്നും കരുതിയാണ് ഓടിയത്. തൻ്റെ വളർച്ച ഇഷ്ടപെടാത്തവരാണ് ശത്രുക്കൾ അവരെ പേടിക്കുന്നുണ്ടെന്നും ഷൈൻ പൊലീസിനോട് പറഞ്ഞു.
അതേസമയം മൂന്ന് ഫോണുകൾ ഉപയോഗിക്കാറുള്ള ഷൈൻ സ്ഥിരം ഇടപാട് നടത്തുന്ന ഫോൺ അല്ല ഹാജരാക്കിയതെന്നും പൊലീസിന് സംശയമുണ്ട്. മൂന്ന് ഫോണുകളിൽ രണ്ടെണ്ണം മാതാപിതാക്കളാണ് ഉപയോഗിക്കുന്നതെന്നും, അത് കൊണ്ടുവരാൻ മറന്നു പോയെന്നുമാണ് ഷൈൻ പൊലീസിനോട് പറഞ്ഞത്. താൻ ആ ഫോണുകൾ ഉപയോഗിക്കാറില്ലെന്നും ഷൈൻ പറഞ്ഞു. ഇന്ന് രാവിലെ 10 മണിയോടെയാണ് ഷൈനിനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്. നിലവിൽ ചോദ്യം ചെയ്യൽ ആരംഭിച്ചിട്ട് രണ്ട് മണിക്കൂർ പിന്നിട്ടു. ഡാൻസാഫ് പരിശോധനയ്ക്കിടെ ഓടിക്കളഞ്ഞത് എന്തിനെന്ന് അറിയാനാണ് ചോദ്യം ചെയ്യൽ. ഷൈനിൻ്റെ ലഹരി ഉപയോഗത്തെക്കുറിച്ച് നടി വിൻസി അലോഷ്യസ് നടത്തിയ വെള്ളിപ്പെടുത്തലിൽ പൊലീസും വിവരങ്ങൾ ശേഖരിക്കും.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് ഷൈനിനെ ചോദ്യം ചെയ്യുന്നത്. പിതാവും അഭിഭാഷകനും ഷൈൻ ടോം ചാക്കോയ്ക്കൊപ്പം എത്തിയിരുന്നു. എസ്എച്ച്ഒയുടെ മുറിയിൽ അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലിയാണ് എറണാകുളം നോർത്ത് പൊലീസ് തയാറാക്കിയിരിക്കുന്നത്. ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
സമീപ കാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ആറ് ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. ഈ ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും തയാറാക്കിയിട്ടുണ്ട്. അടുത്തിടെ നടൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു. ഷൈനുമായി ബന്ധപ്പെട്ട് എക്സൈസിന് കിട്ടിയ വിവരങ്ങളും പൊലീസിന് കൈമാറി.