ഈ വൃദ്ധനെ നിങ്ങൾക്ക് അറിയാമോ എന്ന് ചോദിച്ചാണ് മെസേജ് അയച്ചതെന്ന് തട്ടിപ്പിനിരയായ വ്യക്തി വെളിപ്പെടുത്തി
വാട്‌സാപ്പിൽ വന്ന ഇമേജ് ഡൗൺലോഡ് ചെയ്തതിന് പിന്നാലെ യുവാവിന് 2 ലക്ഷം രൂപ നഷ്ടമായതായി പരാതി. പ്രദീപ് ജെയിൻ എന്നയാൾക്കാണ് പണം നഷ്ടമായത്. "ഒരു ദിവസം രാവിലെ അജ്ഞാത നമ്പറിൽ നിന്ന് നിരന്തരം കോൾ വന്നു കൊണ്ടേയിരുന്നു. കോൾ അവഗണിച്ചതിന് പിന്നാലെ വാട്‌സാപ്പിൽ ഒരു ചിത്രം അയച്ചു. പിന്നാലെ ഈ വൃദ്ധനെ നിങ്ങൾക്ക് അറിയാമോ എന്ന മെസേജ് കൂടി അയച്ചു. സഹിക്കെട്ട് മെസേജ് നോക്കിയതിന് പിന്നാലെ, അക്കൗണ്ടിൽ നിന്നും 2 ലക്ഷം രൂപ ഡെബിറ്റ് ചെയ്യപ്പെട്ടതായി മെസേജ് വന്നു", പ്രദീപ് ജെയിൻ വെളിപ്പെടുത്തി.
ഹൈദരാബാദിലെ ഒരു എടിഎമ്മിൽ നിന്നാണ് പണം ഡെബിറ്റ് ചെയ്തത ലൊക്കേഷൻ കാണിക്കുന്നത്. ജെയിനിൻ്റെ അക്കൗണ്ടിലെ പണം പിൻവലിച്ചതിന് പിന്നാലെ കാനറ ബാങ്ക് ഉദ്യോഗസ്ഥർ ഫോൺ കോൾ വഴി ഇടപാട് സ്ഥിരീകരിക്കാൻ ശ്രമിച്ചപ്പോൾ, തട്ടിപ്പുകാർ പ്രദീപ് ജെയിനിൻ്റെ ശബ്ദം അനുകരിച്ച് രക്ഷപ്പെടുകയാണ് ഉണ്ടായത്.
ALSO READ: വികൃതി സഹിക്കാൻ വയ്യ; കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ചു
തട്ടിപ്പിന് ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള സാങ്കേതികവിദ്യയെ ലീസ്റ്റ് സിഗ്നിഫിക്കൻ്റ് ബിറ്റ് (എൽഎസ്ബി) സ്റ്റെഗനോഗ്രഫി എന്നാണ് വിളിക്കുന്നത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഏറ്റവും നിസാരമായ ഡാറ്റ യൂണിറ്റുകളുടെ ബിറ്റുകൾ പരിഷ്കരിച്ച് ഓഡിയോ അല്ലെങ്കിൽ ഇമേജുകൾ പോലുള്ള മീഡിയ ഫയലുകളിലെ ഡാറ്റകളെ മറയ്ക്കാൻ സാധിക്കും.
ഇതൊരു പുതിയ കണ്ടുപിടുത്തമല്ല. 2017-ലും ഇത്തരത്തിലൊരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. വാട്സ്ആപ്പിൽ പങ്കിട്ട ഗിഫ് ഫയലുകൾക്കുള്ളിൽ ഹാക്കർമാർ എക്സിക്യൂട്ടബിൾ കോഡ് ഉൾപ്പെടുത്തിയായാണ് തട്ടിപ്പിന് കെണിയൊരുക്കിയത്. ഗിഫ് ഇമേജ് ഡൗൺലോഡ് ചെയ്യുമ്പോൾ, മറഞ്ഞിരിക്കുന്ന കോഡ് ബാക്‌ഗ്രൗണ്ടിൽ പ്രവർത്തിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് ഉപയോക്താവിൻ്റെ ഡാറ്റ ആക്സസ് ചെയ്യാൻ സാധിക്കുകയും ചെയ്യും.