ഇ-മെയിൽ വഴി അയച്ച പരീക്ഷ പേപ്പർ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരീക്ഷയ്‌ക്ക് മുൻപ് പരസ്യപ്പെടുത്തിയെന്ന് എഫ്ഐആർ
കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പാലക്കുന്ന് ഗ്രീൻവുഡ്‌സ് കോളേജ് പ്രിൻസിപ്പൽ പി. അജീഷിനെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഇ-മെയിൽ വഴി അയച്ച പരീക്ഷ പേപ്പർ രഹസ്യസ്വഭാവം സൂക്ഷിക്കാതെ പരീക്ഷയ്‌ക്ക് മുൻപ് പരസ്യപ്പെടുത്തിയെന്നും, സർവകലാശാലയെ വഞ്ചിച്ചെന്നും എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് പാലക്കുന്ന് ഗ്രീൻ വുഡ്‌സ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ നിന്നും ആറാം സെമസ്റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത്.
സർവകലാശാലയുടെ എക്സാം സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.എക്സാമിനെത്തിയ കുട്ടിയിൽ നിന്ന് ചോദ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എഴുതിയ പേപ്പർ കണ്ടെത്തുകയായിരുന്നു. കുട്ടിയോട് കാര്യങ്ങൾ തിരക്കിയതിൽ പിന്നാലെയാണ് അധ്യാപിക ചോദ്യപേപ്പർ ചോർത്തി നൽകിയ വിവരം വെളിപ്പെടുത്തിയത്. മെയിൽ വഴി അയച്ച് നൽകിയ ചോദ്യപേപ്പർ അധ്യാപിക ചോർത്തുകയും, പരീക്ഷക്ക് രണ്ടര മണിക്കൂർ മുൻപ് വിദ്യാർഥികൾക്ക് അയച്ചു നൽകുകയും ചെയ്തതായാണ് കണ്ടെത്തൽ.