97 റൺസെടുത്ത ജോസ് ബട്‌ലറാണ് ഗുജറാത്തിന്റെ വിജയശിൽപ്പി
ഐപിഎല്ലിൽ ഡൽഹിക്കെതിരെ ഗുജറാത്ത് ടൈറ്റൻസിന് വിജയം. ഏഴ് വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസിന്റെ വിജയം. നാല് പന്ത് ബാക്കി നിൽക്കെ ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം ഗുജറാത്ത് മറികടന്നു. 97 റൺസെടുത്ത ജോസ് ബട്‌ലറാണ് ഗുജറാത്തിന്റെ വിജയശിൽപ്പി.
ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റെടുത്ത എല്ലാ ഡൽഹി ക്യാപിറ്റൽസ് ബാറ്റർമാരും ഭേദപ്പെട്ട പ്രകടനം കാഴ്ച വയ്ക്കുന്നതാണ് അഹ്മദാബാദിൽ കണ്ടത്. മൂന്ന് ഫോറും ഒരു സിക്സും ഉൾപ്പെടെ ഒൻപത് പന്തിൽ 18 റൺസെടുത്ത് ഓപ്പണർ അഭിഷേക് പോറെൽ ഡൽഹിയുടെ നയം വ്യക്തമാക്കി. പിന്നാലെ വന്ന കരുൺ നായരും കെ.എൽ രാഹുലും റൺറേറ്റ് താഴേക്ക് പോകാതെ ഉയർത്തി. 18 പന്തിൽ രണ്ട് സിക്സും രണ്ട് ഫോറുമായി കരുൺ 31 റൺസ് അടിച്ചെടുത്തപ്പോൾ മറുവശത്ത് രാഹുലും മികച്ച പിന്തുണ നൽകി. 14 പന്തിൽ 28 റൺസാണ് രാഹുൽ നേടിയത്.
Also Read: വീണ്ടും ഒരു ഇന്ത്യാ-പാക് പോരാട്ടത്തിന് കളമൊരുങ്ങുന്നു; മത്സരങ്ങൾ 'നിഷ്പക്ഷ' വേദിയിലോ?
നാലാം വിക്കറ്റിൽ ക്യാപ്റ്റൻ അക്ഷർ പട്ടേൽ, ട്രിസ്റ്റൺ സ്റ്റബ്സുമായി ചേർന്ന് ടീം സ്കോർ ഉയർത്തി. 53 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. ടീം ടോട്ടൽ 146ൽ എത്തി നിൽക്കുമ്പോഴാണ് 15-ാം ഓവറിൽ ട്രിസ്റ്റൺ പുറത്തായത്. മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. ട്രിസ്റ്റണ് പിന്നാലെ 18-ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ ബട്ലറിന് ക്യാച്ച് നൽകി അക്ഷർ പട്ടേലും (39) മടങ്ങി. അവസാന ഓവറുകളിൽ വമ്പൻ അടികളുമായി അശുതോഷ് ശര്‍മയാണ് ഡല്‍ഹി സ്‌കോര്‍ 200 കടത്തിയത്. 19 പന്തിൽ 37 റൺസെടുത്താണ് അശുതോഷ് മടങ്ങിയത്.
ഗുജറാത്ത് ടൈറ്റന്‍സിനായി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി. കരുൺ നായർ (31), കെ.എൽ രാഹുൽ (28), അക്ഷർ പട്ടേൽ (39), വിപ് രാജ് നിഗം (0) എന്നിവരുടെ വിക്കറ്റുകളാണ് പ്രസിദ്ധ് നേടിയത്.
Also Read: സഞ്ജുവിൻ്റെ നായകപദവി തെറിക്കും? പന്തിൻ്റെ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെ നേരിടാനിരിക്കെ രാജസ്ഥാന് തിരിച്ചടി
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് രണ്ടാം ഓവറിൽ നഷ്ടമായി. 21 പന്തിൽ 36 റൺസെടുത്ത സായ് സുദർശൻ എട്ടാം ഓവറിലും പുറത്തായി. എന്നാൽ ജോസ് ബട്‌ലറിനോപ്പം ചേർന്ന് ഷെർഫെയ്ൻ റൂഥർഫോർഡ് അനായാസമായി ടീം സ്കോർ ഉയർത്തി. 34 പന്തിൽ 43 റൺസെടുത്താണ് റൂഥർഫോർഡ് പുറത്തായത്. പുറത്താകാതെ നിന്ന ബട്‌ലർ സെഞ്ചുറിയുടെ അരികിലെത്തിയെങ്കിലും അപ്പോഴേക്കും ടീം വിജയലക്ഷ്യം കടന്നിരുന്നു. 54 പന്തിൽ 97 റൺസാണ് ബട്‌ലർ അടിച്ചെടുത്തത്.