ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു ഖുശ്ബുവിൻ്റെ പ്രതികരണം
കരിയർ വളർച്ച വാഗ്ദാനം ചെയ്തുള്ള പീഡനം എല്ലായിടത്തും ഉണ്ടെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദർ. ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നുള്ള ഖുശ്ബുവിൻ്റെ പ്രതികരണം. പോരാടുന്ന സ്ത്രീകൾക്ക് അഭിവാദ്യമർപ്പിക്കുന്നുവെന്നും സ്വന്തം ജീവിതാനുഭവം വിശദീകരിച്ച് കൊണ്ട് ഖുശ്ബു പറയുന്നു.
"നിങ്ങൾ കാണിക്കുന്ന ഐക്യദാർഢ്യം പ്രതീക്ഷയുടെ കിരണങ്ങളാണ്. നീതിയും സഹാനുഭൂതിയും ഇപ്പോഴുമുണ്ടെന്നതിന്റെ തെളിവ്. ഞങ്ങൾക്കൊപ്പം നിൽക്കുക, ഞങ്ങളെ സംരക്ഷിക്കുക, നിങ്ങൾക്ക് ജീവിതവും സ്നേഹവും നൽകുന്ന സ്ത്രീകളെ ബഹുമാനിക്കുക" –ഖുശ്ബു എക്സിൽ കുറിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് തൻ്റെ രണ്ട് പെൺ മക്കളോടും സംസാരിച്ചപ്പോൾ അവരുടെ പ്രതികരണം അമ്പരപ്പിച്ചെന്ന് ഖുശ്ബു കുറിപ്പിൽ പറയുന്നു. അതിജീവിതരോട് അവർ പുലർത്തുന്ന വിശ്വാസവും സഹാനുഭൂതിയുമാണ് സിനിമ താരവും ബിജെപി നേതാവുമായ ഖുശ്ബുവിനെ അമ്പരപ്പിച്ചത്. തുറന്ന് പറച്ചിലിൽ ഇന്നോ നാളെയോ എന്നത് പ്രശ്നമല്ല, തുറന്ന് പറയണം എന്ന് മാത്രമേയുള്ളൂ. എത്ര നേരത്തെ പറയുന്നോ അത്രയും നേരത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും അന്വേഷണം കാര്യക്ഷമമാക്കാനും കഴിയുമെന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.
അതിജീവിതയ്ക്ക് നമ്മുടെ പിന്തുണ ആവശ്യമുണ്ട്, അവരെ കേൾക്കാനുള്ള നമ്മുടെ മാനസിക പിന്തുണയും അനിവാര്യമാണ്. ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും ഇത്തരം അതിക്രമങ്ങളുണ്ടാക്കുന്ന മുറിവ് ശരീരത്തെ മാത്രമല്ല ആത്മാവിൽപോലും ആഴ്ന്നിറങ്ങുന്നതാണെന്നും ഖുശ്ബു എക്സിൽ കുറിച്ചു. സ്വന്തം പിതാവിൽ നിന്നുണ്ടായ ദുരനുഭവങ്ങൾ തുറന്നുപറയാൻ ഒരുപാട് കാലമെടുത്തു. അത് നേരത്തെ പറയേണ്ടതായിരുന്നുവെന്ന് സമ്മതിക്കുന്നു. എന്നാൽ ആ ദുരനുഭവം കരിയർ കെട്ടിപ്പടുക്കുന്നതിനായി വിട്ടുവീഴ്ച ചെയ്യുന്നതിനു വേണ്ടിയായിരുന്നില്ല. അങ്ങനെയൊരു അനുഭവം നേരിടേണ്ടി വന്നിരുന്നെങ്കിൽ എന്നെ സംരക്ഷിക്കേണ്ട കൈകളുടെ ഉടമ തന്നെയാണ് തന്നെ ചൂഷണം ചെയ്തതെന്നും ഖുശ്ബു പറയുന്നു.