രണ്ട് കുട്ടികള്‍ വീണു, ഒരു സ്ത്രീ മരിച്ചു. എന്നിട്ടും അദ്ദേഹം തിയേറ്ററിലിരുന്ന് സിനിമ മുഴുവന്‍ കണ്ടു.
പുഷ്പ 2 സിനിമയുടെ റിലീസ് ദിവസമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച ദിവസം, സിനിമ ഇനി ഹിറ്റ് ആകുമെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞതായി തെലങ്കാന എംഎല്‍എ അക്ബറുദ്ദീന്‍ ഒവൈസി. നിയമസഭയിലാണ് എംഎല്‍എ ഇക്കാര്യം പറഞ്ഞത്.
'പ്രശസ്തനായ സിനിമാ താരത്തിന്റെ പേര് ഇവിടെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം അയാള്‍ക്ക് അത്രയും പ്രധാന്യം നല്‍കേണ്ടതുണ്ടെന്ന് കരുതുന്നില്ല. പക്ഷെ സര്‍, എനിക്ക് കിട്ടിയ വിവരമനുസരിച്ച്, അദ്ദേഹവും സിനിമ കാണാന്‍ എത്തിയിരുന്നു. പുറത്ത് വലിയ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചുവെന്നും രണ്ട് കുട്ടികള്‍ വീണെന്നും പറഞ്ഞപ്പോള്‍ ഈ താരം പറഞ്ഞത്, അപ്പോള്‍ ഇനി സിനിമ ഹിറ്റ് അടിക്കുമെന്നാണ്,' എഐഎംഐഎം നേതാവു കൂടിയായ അക്ബറുദ്ദീന്‍ ഒവൈസി പറഞ്ഞു.
രണ്ട് കുട്ടികള്‍ വീണു, ഒരു സ്ത്രീ മരിച്ചു. എന്നിട്ടും അദ്ദേഹം തിയേറ്ററിലിരുന്ന് സിനിമ മുഴുവന്‍ കണ്ടു. സിനിമ കണ്ട് എഴുന്നേറ്റ ശേഷവും തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നില്ല. എല്ലാവര്‍ക്കും കൈവീശി കാണിച്ച് അദ്ദേഹം കാറില്‍ കയറി പോയി എന്നും എംഎല്‍എ പറഞ്ഞു.
രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ നിരവധി റാലികളിലും മറ്റും പങ്കെടുക്കുന്ന ഒരാളാണ് താന്‍. വന്‍ ജനക്കൂട്ടം ഉണ്ടാകുന്ന അത്തരം സാഹചര്യങ്ങളില്‍ പോലും ഒരു അപകടം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ എടുക്കാറുണ്ടെന്നും അക്ബറുദ്ദീന്‍ ഒവൈസി പറഞ്ഞു.
അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2 വിന്റെ പ്രീമിയര്‍ ഷോയ്ക്കിടെ സന്ധ്യ തിയേറ്ററില്‍ വെച്ചായിരുന്നു സംഭവം. മുന്നറിയിപ്പൊന്നുമില്ലാതെ നടന്‍ അല്ലു അര്‍ജുന്‍ തീയേറ്ററില്‍ സിനിമ കാണാനെത്തിയതിനെ തുടര്‍ന്ന് ഉണ്ടായ തിരക്കിനിടയിലാണ് ദാരുണ സംഭവം ഉണ്ടായതെന്ന് ഹൈദരാബാദ് പൊലീസ് പറയുന്നു. തീയേറ്ററില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കാതെയാണ് അല്ലു അര്‍ജുന്‍ തീയേറ്ററിലെത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
അല്ലു അര്‍ജുന്‍ തിയേറ്റര്‍ സന്ദര്‍ശിക്കുമെന്ന് തിയേറ്റര്‍ മാനേജ്മെന്റിന്റെയോ താരത്തിന്റേയോ ഭാഗത്ത് നിന്ന് യാതൊരു അറിയിപ്പും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ സി.വി. ആനന്ദ് പ്രസ്താവനയില്‍ പറഞ്ഞു. തിയേറ്റര്‍ നടത്തിപ്പുകാര്‍ക്ക് അല്ലുവിന്റെ സന്ദര്‍ശനത്തെ കുറിച്ച് അറിയാമായിരുന്നിട്ടും നടനും സംഘത്തിനും പ്രത്യേക പ്രവേശനമോ എക്‌സിറ്റോ ഒരുക്കിയിരുന്നില്ലെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
ALSO READ: ആസ്വാദകരെ 'ഞെരിപിരിപ്പനി'യിലാക്കി മു.രി ഇടവേളയെടുക്കുമ്പോള്‍
ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയാണ് (39) വ്യാഴാഴ്ച രാവിലെ മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് രേവതി സന്ധ്യാ തിയേറ്ററില്‍ പ്രീമിയര്‍ ഷോ കാണാനെത്തിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. അല്ലു അര്‍ജുനെ കാണാനുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രേവതി ബോധംകെട്ട് നിലത്ത് വീഴുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീഴുകയും നില ഗുരുതരമാകുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. രേവതിയുടെ ഒപ്പമുണ്ടായിരുന്ന മകന്‍ തേജും ബോധം കെട്ട് വീണിരുന്നു. പിന്നാലെ കുട്ടിക്ക് മസ്തിഷ്‌ക ക്ഷതം സംഭവിച്ചുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ അല്ലു അര്‍ജുന്‍, തിയേറ്റര്‍ ഉടമ അടക്കമുള്ളവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.