ഒരു നടൻ്റെ ഇടപെടൽ മൂലം നിരവധി അവസരങ്ങൾ നഷ്ടമായെന്ന് നടി ശിവാനി നേരത്തെ വെളിപ്പെടുത്തിയിരുന്നു
സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണത്തിൽ പ്രതികരണവുമായി നടി ശിവാനി ഭായ്. തൻ്റേയും ഒരു നടന്റെയും ഫോട്ടോ വെച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് നടി വ്യക്തമാക്കി. മോശം അനുഭവത്തിൽ അന്ന് തന്നെ പ്രതികരിച്ചിരുന്നെന്നും വീണ്ടും വിഷയം ചർച്ചയാക്കേണ്ട കാര്യമില്ലെന്നും ശിവാനി ഭായ് പറഞ്ഞു.
"ചൈനാടൗൺ സിനിമാ ചിത്രീകരണ വേളയിൽ നിരവധി നല്ല അനുഭവങ്ങൾ ഉണ്ടായി. അതുകൊണ്ട് മാത്രമാണ് തനിക്കുണ്ടായ മോശം അനുഭവം പറയേണ്ടി വന്നത്. എന്നാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിലെ നടനല്ല അന്ന് മോശമായി പെരുമാറിയത്. കതകിൽ മുട്ടിയ സംഭവത്തിൽ അമ്മയും ഞാനും പിറ്റേദിവസം തന്നെ പ്രതികരിച്ചിരുന്നു. അതിനാൽ അത് ആരായിരുന്നാലും ഇപ്പോൾ പ്രശ്നമല്ല. സംശയത്തിന്റെ പേരിൽ ചിത്രങ്ങൾ വെച്ച് പോസ്റ്റുകൾ ഉണ്ടാക്കരുത്." നടി വ്യക്തമാക്കി.
ALSO READ: ആശങ്ക ഉന്നയിച്ചതില്‍ കൃത്യമായ മറുപടി ലഭിച്ചതിനാലാണ് രാജി : വിനു മോഹന്‍
ഒരു നടൻ്റെ ഇടപെടൽ മൂലം നിരവധി അവസരങ്ങൾ നഷ്ടമായെന്ന് നടി ശിവാനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. സിനിമാ സെറ്റിൽ ഒരു നടൻ നിരന്തരമായി കതകിൽ മുട്ടി ശല്യം ചെയ്തെന്നും അന്ന് മോഹൻലാൽ ഉൾപ്പെടെയുള്ള നടൻമാരെത്തിയാണ് സംരക്ഷിച്ചെന്നും നടി പറഞ്ഞിരുന്നു. പിന്നാലെയാണ് നടൻ്റെ കൂടെയുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയത്.
ALSO READ: എന്നെ ഭീഷണിപ്പെടുത്താന്‍ നോക്കണ്ട, പരാതി നല്‍കിയത് വ്യക്തിപരമായ നേട്ടത്തിനല്ല : പരാതിക്കാരിയായ നടി
സിനിമാ മേഖലയിൽ തൊണ്ണൂറ് ശതമാനം ആളുകളും നല്ലവരാണ്. ബാക്കിയുള്ള പത്ത് ശതമാനം മാത്രമേയുള്ളൂ മോശം വ്യക്തികൾ. അത്തരത്തിലുള്ളവരെ മാറ്റി നിർത്തണം. അണ്ണൻ തമ്പി, ചൈനാ ടൗൺ, രഹസ്യ പോലീസ്, എന്നീ സിനിമകളുടെ സെറ്റിൽ നിന്നും മോശം അനുഭവം നേരിട്ടിട്ടില്ലെന്നും നടി പറഞ്ഞു.