രഞ്ജിത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് നടി പൊലീസിൽ പരാതി നൽകിയത്
വലിയ കോളിളക്കങ്ങൾക്കൊടുവിൽ സംവിധായകൻ രഞ്ജിത്തിനെതിരെ കൊച്ചി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. ലൈംഗിക ഉദ്ദേശ്യത്തോടെ സംവിധായകൻ ശരീരത്തിൽ സ്പർശിച്ചതായി നടി പരാതിയിൽ പറയുന്നു. അതിക്രമം നടന്നത് കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ചാണെന്നും, ദുരനുഭവം തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് തുറന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നുണ്ട്.
രഞ്ജിത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് നടി പൊലീസിൽ പരാതി നൽകിയത്. നേരത്തെ നടിയുടെ ആരോപണത്തെ തുടർന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ നീക്കിയിരുന്നു. 'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ' എന്ന ചിത്രത്തിലേക്ക് ഓഡിഷനായി വിളിച്ച സംവിധായകന്‍ അപമര്യാദയായി പെരുമാറി എന്നായിരുന്നു നടിയുടെ ആരോപണം.
ALSO READ: AMMAയ്ക്ക് വീഴ്ച സംഭവിച്ചു; ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണം: പൃഥ്വിരാജ്
354, 354 ബി വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യമാണ് രഞ്ജിത്തില്‍ നിന്ന് ഉണ്ടായത്. എന്നാല്‍, കൊല്‍ക്കത്തയില്‍ നിന്നുള്ള ആളായതിനാല്‍ രഞ്ജിത്തിനെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കാന്‍ അന്ന് എനിക്ക് സാധിച്ചിരുന്നില്ല. ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് തനിക്കുണ്ടായ ശ്രീലേഖ മിത്ര ദുരനുഭവം വെളിപ്പെടുത്തിയത്. സുപ്രീം കോടതി വിധിപ്രകാരം ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമായതിനാല്‍ രഞ്ജിത്തിന്‍റെ പെരുമാറ്റത്തില്‍ രേഖാമൂലം പരാതി വേണ്ടെന്നാണ് ഞാന്‍ മനസിലാക്കിയത്.
എന്നാല്‍, തന്‍റെ വെളിപ്പെടുത്തലില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പരാതി വേണമെന്ന അധികാര പദവിയിലുള്ളവരുടെ പ്രതികരണം ശ്രദ്ധയില്‍പ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചതിനാലാണ് ഇ-മെയില്‍ മുഖാന്തിരം ഇപ്പോള്‍ പരാതി നല്‍കുന്നത്. ഇ-മെയില്‍ പരാതിയായി പരിഗണിച്ച് നിലവിലെ നിയമ പ്രകാരം അതിക്രമകാരിക്കെതിരെ ക്രിമിനല്‍ നിയമനടപടി ആരംഭിക്കണമെന്ന് ആവശ്യപ്പെടുന്നു. ശ്രീലേഖ മിത്ര പരാതിയിൽ പറയുന്നു.
ALSO READ: അടിമുടിയുലഞ്ഞ് മലയാള സിനിമ; ഇതുവരെ വീണത് രണ്ട് വിക്കറ്റ്, ആരോപണവിധേയരുടെ പട്ടിക നീളുന്നു