കിളിമാനൂർ സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പുതിയ വിവരം നൽകിയത്
വെഞ്ഞാറമൂട് കൂട്ടക്കോലക്കേസ് പ്രതി അഫാനെതിരെ മാതാവിന്റെ നിർണായക മൊഴി. ആക്രമിച്ചത് അഫാൻ തന്നെയെന്ന് മാതാവ് ഷെമി മൊഴി നൽകി. അഫാൻ കഴുത്തിൽ ഞെരിച്ചു. 'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞാണ് പിന്നിൽ നിന്ന് ഷാൾ കൊണ്ടു കഴുത്തു ഞെരിച്ചതെന്നാണ് മൊഴി. കിളിമാനൂർ സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴാണ് പുതിയ വിവരം നൽകിയത്.
ബോധം വന്നപ്പോൾ പൊലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നും ഷെമി പറഞ്ഞു. കട്ടിലിൽ നിന്ന് വീണ് തല തറയിൽ ഇടിച്ചുണ്ടായ മുറിവെന്നാണ് ഷെമി ഇത് വരെ പറഞ്ഞത്. എന്നാൽ, ഇന്ന് വൈകിട്ടോടെ മൊഴി രേഖപ്പെടുത്തിയപ്പോൾ കൂടുതൽ വിവരങ്ങൾ ഷെമി നൽകി.
വയോജന കേന്ദ്രത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന ഷെമിയെ കഴിഞ്ഞദിവസം അന്വേഷണസംഘം സന്ദർശിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ മൊഴിയെടുത്തിരുന്നില്ല. ഷെമിയുടെ വിശദമായ മൊഴിയെടുത്ത ശേഷം കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
Also Read: SPOTLIGHT |അറിയേണ്ടേ, കുട്ടികള്‍ ചുറ്റികയുമായി കൊല്ലാന്‍ നടക്കുന്നത്?
സഹോദരന്‍ അഫ്സാന്‍, എസ്.എൻ പുരം ചുള്ളാളം സ്വദേശികളായ ഉപ്പയുടെ സഹോദരൻ ലത്തീഫ്, അദ്ദേഹത്തിൻ്റെ ഭാര്യ ഷാഹിദ, ഉപ്പയുടെ ഉമ്മ പാങ്ങോട് സ്വദേശി സല്‍മാ ബീവി, പെണ്‍സുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍ തന്നെ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറയുകയായിരുന്നു.
അതേസമയം, കേസിൽ മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി. സഹോദരൻ അഫ്സാൻ്റെയും ഫർസാനയുടെയും കൊലപാതകത്തിൽ പേരുമലയിലെ വീട്ടിൽ അടക്കം എട്ട് ഇടങ്ങളിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. നാളെ ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. മൂന്നാം ഘട്ട തെളിവെടുപ്പിൻ്റെ ഭാഗമായി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ നിന്ന് ആദ്യം പ്രതിയുമായി എത്തിയത് പേരുമലയിലെ പ്രതിയുടെ വീട്ടിലേക്കാണ്. ശേഷം സ്വർണം പണയംവെച്ച ധനകാര്യ സ്ഥാപനത്തിലും എലിവിഷം വാങ്ങിയ കടയിലും പെപ്സി, മുളകുപൊടി, ചുറ്റിക, ബാഗ് എന്നിവ വാങ്ങിയ കടകളിലും പൊലീസ് ഒരിക്കൽ കൂടി പ്രതിയെ എത്തിച്ചു.