കുറ്റബോധത്തിന്റെ തരിമ്പു പോലുമില്ലാതെയാണ് അഫാൻ മൂന്നാം വട്ടവും കൊലപാതക കഥ പൊലീസിനോട് ആവർത്തിച്ചത്
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയാക്കി. സഹോദരൻ അഫ്സാൻ്റെയും ഫർസാനയുടെയും കൊലപാതകത്തിൽ പേരുമലയിലെ വീട്ടിൽ അടക്കം എട്ട് ഇടങ്ങളിൽ എത്തിച്ച് പൊലീസ് തെളിവെടുത്തു. നാളെ ഉച്ചയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കും. ചുറ്റിക വാങ്ങിയ കടയിൽ പ്രതി അഫാനെ എത്തിച്ച് തെളിവെടുപ്പ് നടത്തുമ്പോൾ അച്ഛൻ റഹീം റോഡിന് മറുവശത്തുണ്ടായിരുന്നു.
തെളിവെടുപ്പിനായി എത്തിച്ച അഫാന് ഒരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല. കുറ്റബോധത്തിന്റെ തരിമ്പു പോലുമില്ലാതെ അഫാൻ മൂന്നാം വട്ടവും കൊലപാതക കഥ പൊലീസിനോട് ആവർത്തിച്ചു. ആ സമയം അവിടെയെത്തിയ അച്ഛൻ റഹീം റോഡിൻ്റെ മറുവശത്ത് നിന്ന് ഒരു നിമിഷം പൊലീസ് ജീപ്പിലേക്ക് നോക്കി. സ്വന്തം കുടുംബത്തെ കൂട്ടക്കൊല ചെയ്ത മകൻ അത് പൊലീസിന് മുന്നിൽ വിവരിക്കുന്നത് കാണാൻ നിൽക്കാതെ റഹീമും നടന്നകന്നു.
Also Read: കോഴിക്കോട് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി യാസിർ ഒളിവില്‍
മൂന്നാം ഘട്ട തെളിവെടുപ്പിൻ്റെ ഭാഗമായി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ നിന്ന് ആദ്യം പ്രതിയുമായി എത്തിയത് പേരുമലയിലെ പ്രതിയുടെ വീട്ടിലേക്കാണ്. ശേഷം സ്വർണം പണയംവെച്ച ധനകാര്യ സ്ഥാപനത്തിലും എലിവിഷം വാങ്ങിയ കടയിലും പെപ്സി, മുളകുപൊടി, ചുറ്റിക, ബാഗ് എന്നിവ വാങ്ങിയ കടകളിലും പൊലീസ് ഒരിക്കൽ കൂടി പ്രതിയെ എത്തിച്ചു.
ഫർസാനയെ ബൈക്കിൽ കൂടെക്കൂട്ടിയ വഴിയിൽ തെളിവെടുത്ത ശേഷം പ്രതിയെ തിരികെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ലത്തീഫിനെയും ഭാര്യ സാജിദയെയും കൊന്നതിന് ശേഷം വീട്ടിൽ മടങ്ങി എത്തിയാണ് അഫാൻ അഫ്സാനെയും സുഹൃത്ത് ഫർസാനയെയും അടിച്ചുവീഴ്ത്തിയത്. വീട്ടിലേക്ക് കയറിയ വിധവും കൊലപാതക രീതിയും വീണ്ടും പ്രതി പൊലീസിന് മുന്നിൽ വിശദീകരിച്ചു.
അതിനിടെ, വയോജന കേന്ദ്രത്തിന്റെ സംരക്ഷണത്തിൽ കഴിയുന്ന അഫാന്റെ ഉമ്മ ഷെമിയെ കഴിഞ്ഞദിവസം അന്വേഷണസംഘം സന്ദർശിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാൽ മൊഴിയെടുത്തിരുന്നില്ല. രണ്ടുദിവസത്തിനുശേഷം വിശദമായ മൊഴിയെടുക്കുമെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി.