പിറവം സെൻ്റ് ജോസഫ് ഹൈസ്കൂളിലെ പ്രധാന അധ്യാപകനെതിരായ പരാതി ഒഴിവാക്കാമെന്ന പേരിലാണ് 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് കൈക്കൂലി വാങ്ങാൻ ശ്രമിച്ച നാലംഗ സംഘം വിജിലൻസ് പിടിയിൽ. എറണാകുളം പിറവം സെൻ്റ് ജോസഫ് ഹൈസ്കൂൾ പ്രഥമാധ്യാപക നിൽ നിന്നും പണം തട്ടാൻ ശ്രമിച്ച പ്രതികളാണ് പിടിയിലായത്. സ്കൂളിലെ പി. ടി. എ പ്രസിഡൻ്റ് പ്രസാദ്, മുൻ പ്രസിഡൻ്റ് ബിജു തങ്കപ്പൻ, രാകേഷ് ,അലേഷ് എന്നിവരാണ് വെഞ്ഞാറമൂട് വച്ച് വിജിലൻസിൻ്റെ പിടിയിലായത്.
ഈ മാസം 31 ന് വിരമിക്കുന്ന പ്രധാനാധ്യാപകന്റെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും തടസ്സപ്പെടാതിരിക്കാൻ പണം നൽകണമെന്നാവശ്യപ്പെട്ടാണ് സംഘം 15 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തെത്തി പണം കൈമാറാനായിരുന്നു ആവശ്യം. ഇതിൽ 2 ലക്ഷം രൂപ കൈപ്പറ്റുന്നതിനിടയിൽ ആയിരുന്നു വിജിലൻസ് നീക്കം. പ്രതികൾ സഞ്ചരിച്ച കാറും വിജിലൻസ് കസ്റ്റഡിയിലെടുത്തു. എറണാകുളം റെയിഞ്ച് എസ്‌പി ശശിധരന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് റെയ്ഡ്.