സായുധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി 'അഫ്‌സ്പ' പ്രകാരം പ്രദേശത്തെ 'അസ്വസ്ഥമായി' പ്രഖ്യാപിച്ചിരിക്കുകയാണ്
അസമിലെ നാല് ജില്ലകളില്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന 'അഫ്‌സ്‌പ'യുടെ കാലാവധി ആറുമാസത്തേക്കു കൂടി നീട്ടി. സമീപ കാലത്ത് ബംഗ്ലാദേശിലുണ്ടായ അസ്വസ്ഥതകള്‍ സംസ്ഥാനത്തിന്‍റെ ക്രമസമാധാന നിലയെ ബാധിക്കുമെന്ന് നിരീക്ഷിച്ചാണ് നടപടി. ടിൻസുകിയ, ദിബ്രുഗർ, ചറൈഡിയോ, ശിവസാഗർ എന്നീ ജില്ലകളിലാണ് സായുധ നിയമം നീട്ടിയിരുക്കുന്നത്.
സുരക്ഷാ സേനയുടെ സാന്നിധ്യവും ഇടപെടലും സംസ്ഥാനത്തെ സാഹചര്യം മെച്ചപ്പെടുന്നതിനു ഉപകാരപ്പെട്ടുവെന്ന് 'അഫ്‌സ്‌പ' നീട്ടിക്കൊണ്ടുള്ള വിജ്ഞാപനത്തില്‍ പറയുന്നു. വിവിധ ഏജന്‍സികളില്‍ നിന്നും ലഭിച്ച റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് വിലയിരുത്തല്‍.
Also Read: 'ജാതി ചിന്താഗതി മാറ്റണം'; ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ജാട്ടുകളെ ഉപദേശിച്ച് മായാവതി
സായുധ സേനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി, നാല് ജില്ലകളെ അസ്വസ്ഥ പ്രദേശങ്ങളായി പ്രഖ്യാപിച്ചിരിക്കുകയാണ്. അസിമിലെ ജോർഹട്ട്, ഗോലാഘട്ട്, കർബി ആംഗ്ലോങ്, ദിമ ഹസാവോ എന്നീ ജില്ലകളിൽ കഴിഞ്ഞ വർഷം അഫ്‌സ്‌പ പിന്‍വലിച്ചിരുന്നു.
1990 നവംബറിലാണ് അസമില്‍ ആദ്യമായി അഫ്‌സ്‌പ നിലവില്‍വന്നത്. ഈ പ്രത്യേക നിയമ പ്രകാരം സൈന്യത്തിന് മുന്‍കൂർ വാറന്‍റുകളില്ലാതെ എവിടെയും ഓപ്പറേഷന്‍ നടത്താനും ആരെയും അറസ്റ്റ് ചെയ്യാനും അധികാരം ലഭിക്കും. അഫ്‌സ്‌പ അപരിഷ്കൃത നിയമമാണെന്നും റദ്ദാക്കണമെന്നും അവശ്യപ്പെട്ടുകൊണ്ട് മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധവുമായി സജീവമായി രംഗത്തുണ്ട്. സായുധ വിഭാഗങ്ങള്‍ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഈ നിയമത്തെ മറയാക്കി മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുവെന്നാണ് ആരോപണം.