മാർച്ച് 23നാണ് തെക്കൻ ഗാസയിൽ 15 ആരോഗ്യ പ്രവർത്തകരെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്
ഗാസയിലെ സന്നദ്ധപ്രവർത്തകരുടെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോർട്ടുമായി ഇസ്രയേല്‍. മരണത്തിലേക്ക് നയിച്ചത് 'പ്രൊഫഷണൽ വീഴ്ച' ആണെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. സംഭവിച്ചത് ഒരു ഉദ്യോഗസ്ഥന്‍റെ മാത്രം വീഴ്ചയെന്നാണ് സെെന്യത്തിന്‍റെ അന്വേഷണ റിപ്പോർട്ട്. ആരോപണവിധേയനായ ഡെപ്യൂട്ടി കമാന്‍ഡറെ പുറത്താക്കിയെന്നും ഇസ്രയേല്‍ അറിയിച്ചു. കഴിഞ്ഞ മാസമാണ് പാരാമെഡിക്കുകൾ ഉൾപ്പെടെ 15 സന്നദ്ധപ്രവർത്തകർ ഗാസയിൽ കൊല്ലപ്പെട്ടത്.
എന്നാൽ, പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയും (പിആർസിഎസ്) ഇസ്രയേലിലെ അവകാശ സംഘടനയായ ബ്രേക്കിങ് ദി സൈലൻസും ഇസ്രയേൽ സൈന്യത്തിന്റെ അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നിരസിച്ചു. റഫയിലെ കൊലപാതകങ്ങളെക്കുറിച്ചുള്ള ഇസ്രയേലിന്റെ അന്വേഷണം വൈരുദ്ധ്യങ്ങൾ നിറഞ്ഞതാണെന്നായിരുന്നു പിആർസിഎസ് പ്രസിഡന്റ് യൂനിസ് അൽ-ഖാതിബിന്റെ ആരോപണം. സൈനികർ പാരാമെഡിക്കുകളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടത് ക്രിമിനൽ രീതിയിലാണെന്നും ആക്ഷേപമുണ്ട്. സംഭവം ഐക്യരാഷ്ട്ര സഭ സ്വതന്ത്രവും നിഷ്പക്ഷവുമായി അന്വേഷിക്കണമെന്നും പിആർസിഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. കാണാതായ തങ്ങളുടെ ഒരു ഡോക്ടർ ഇസ്രയേൽ കസ്റ്റഡിയിലാണെന്ന് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റിയിൽ (ഐസിആർസി) നിന്ന് സ്ഥിരീകരണം ലഭിച്ചതായും പിആർസിഎസ് പറഞ്ഞു.
മാർച്ച് 23നാണ് തെക്കൻ ഗാസയിൽ 15 ആരോഗ്യ പ്രവർത്തകരെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയത്. പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (പിആർസിഎസ്) ആംബുലൻസുകൾ, ഗാസയിലെ സിവിൽ ഡിഫൻസിൽ നിന്നുള്ള ഒരു ഫയർ ട്രക്ക് എന്നിവയുടെ വാഹനവ്യൂഹത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്.
Also Read: ഷെയ്ഖ് ഹസീനയടക്കം 12 പേര്‍ക്കെതിരെ റെഡ് നോട്ടീസ്; ആവശ്യവുമായി ഇന്റര്‍പോളിനെ സമീപിച്ച് ബംഗ്ലാദേശ്
ഹെഡ്‌ലൈറ്റുകളോ, മറ്റ് ലൈറ്റുകളോ ഇല്ലാതെ ഇരുട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ വാഹനവ്യൂഹം സമീപിച്ചതിനാലാണ് സൈന്യം വെടിയുതിർത്തതെന്നായിരുന്നു ഇസ്രയേലിന്റെ അവകാശവാദം. എന്നാൽ കൊല്ലപ്പെട്ട പാരാമെഡിക്കുകളിൽ ഒരാൾ പകർത്തിയ മൊബൈൽ ഫോൺ ദൃശ്യങ്ങളിൽ, പരിക്കേറ്റവരെ സഹായിക്കാനായി വിന്യസിച്ച ആരോഗ്യ പ്രവർത്തകരുടെ വാഹനങ്ങളിൽ ലൈറ്റുകൾ ഓണായിരുന്നതായി വ്യക്തമായി. ആരോഗ്യ പ്രവർത്തകരുടെ വെസ്റ്റും വാഹനത്തിലെ അടയാളവും മനസിലാകുന്ന വിധത്തിലായിരുന്നുവെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇതോടെ വാഹനങ്ങൾ ലൈറ്റുകൾ അണച്ചുകൊണ്ടാണ് തങ്ങളെ സമീപിച്ചതെന്ന ഇസ്രയേലിൻ്റെ വാദവും പൊളിഞ്ഞു. സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഇസ്രയേൽ സൈന്യത്തിനു നേരെ ഉയർന്നത്.