കഴിഞ്ഞ ദിവസം ഓം പ്രകാശും ഭാര്യയും തമ്മിൽ കലഹമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പല്ലവി ക്രൂരകൃത്യം നടത്തിയത്
1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനും കർണാടക മുൻ ഡിജിപിയുമായ ഓം പ്രകാശിനെ ഭാര്യ പല്ലവി കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത്. കണ്ണിൽ മുളക് പൊടി വിതറി, കെട്ടിയിട്ട ശേഷം കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്ന് റിപ്പോർട്ട്. ഓം പ്രകാശിനെ ചില്ലുകുപ്പി കൊണ്ടും ആക്രമിച്ചതായി കണ്ടെത്തൽ. കഴിഞ്ഞ ദിവസം ഓം പ്രകാശും ഭാര്യയും തമ്മിൽ കലഹമുണ്ടായിരുന്നു. അതിന് പിന്നാലെയാണ് പല്ലവി ക്രൂരകൃത്യം നടത്തിയത്. ഓം പ്രകാശിൻ്റെ വയറിലും നെഞ്ചിലുമായി നിരവധി കുത്തേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.
കൊലപാതകത്തിന് പിന്നാലെ പല്ലവി മറ്റൊരു മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയെ ഫോണിൽ വിളിച്ച് 'ഞാൻ ആ രാക്ഷസനെ കൊലപ്പെടുത്തി' എന്ന വിവരം അറിയിച്ചിരുന്നു. തുടർന്ന് ഇവരാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഭാര്യയെയും മകളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും ഏകദേശം 12 മണിക്കൂറോളമായി ചോദ്യം ചെയ്യൽ തുടരുകയാണ്. എച്ച്എസ്ആർ ലേഔട്ടിലെ വസതിയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ഓം പ്രകാശിൻ്റെ മൃതദേഹം കണ്ടെത്തിയത്.
ബന്ധുവിന് കൈമാറിയ സ്വത്തിനെ ചൊല്ലി ഓം പ്രകാശും പല്ലവിയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഏതാനും വർഷങ്ങൾക്ക് മുൻപ് ഇതുസംബന്ധിച്ച പരാതി നൽകാൻ പല്ലവി എച്ച് എസ് ആർ പൊലീസ് സ്റ്റേഷനിലെത്തിയതായും റിപ്പോർട്ടുണ്ട്. തർക്കത്തെ തുടർന്നുള്ള പ്രകോപനം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. പല്ലവി മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായും പൊലീസ് വൃത്തങ്ങൾ പറയുന്നു. കൊലപാതകത്തിൽ ഇരുവരുടെയും മകൾ കൃതിക്ക് പങ്കുണ്ടോ എന്ന് അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ഓം പ്രകാശിന്റെ മകൻ കാർത്തിക്കിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തന്റെ അടുത്ത സഹായികളിൽ ചിലരോട് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഓം പ്രകാശ് മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. 68കാരനായ ഐപിഎസ് ഉദ്യോഗസ്ഥൻ ബിഹാറിലെ ചമ്പാരൻ സ്വദേശിയായിരുന്നു. ജിയോളജിയിൽ ബിരുദാനന്തര ബിരുദം (എംഎസ്‌സി) നേടിയ അദ്ദേഹം 2015 മാർച്ച് 1ന് കർണാടക ഡിജിപിയായി നിയമിതനായിരുന്നു.