ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി
മുർഷിബാദിനു പിന്നാലെ പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലും വഖഫ് നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ സംഘർഷം. ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. രാംലീല മൈതാനിയിലേക്ക് ഐഎസ്എഫ് നടത്തിയ റാലിയിലെ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെതുടർന്നാണ് സംഘർഷാവസ്ഥ രൂപപ്പെട്ടത്. പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. ജനക്കൂട്ടത്തെ ഒഴിപ്പിക്കാന്‍ പൊലീസ് ലാത്തിവീശി. 8 പൊലീസുകാരുള്‍പ്പടെ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
മൂന്ന് പേർ കൊല്ലപ്പെട്ട മുർഷിദാബാദിലെ സംഘർഷങ്ങള്‍ക്ക് പിന്നാലെയാണ് പശ്ചിമബംഗാളില്‍ വീണ്ടും അസ്വാരസ്യങ്ങളുടലെടുക്കുന്നത്. കൊൽക്കത്തയിലെ രാംലീല മൈതാനിയിലെ ഐഎസ്എഫ് റാലിയിലേക്ക് മാർച്ചുചെയ്ത ഐഎസ്എഫ് പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെയാണ് തിങ്കളാഴ്ച, സൗത്ത് 24 പർഗാനാസിലെ ഭംഗറില്‍ സംഘർഷാവസ്ഥ രൂപപ്പെട്ടത്. അനുമതിയില്ലെന്ന് കാണിച്ച് പൊലീസ് മാർച്ച് തടഞ്ഞതോടെ പൊലീസ് ബാരിക്കേഡുകള്‍ മറികടക്കാന്‍ പ്രതിഷേധക്കാർ ബലപ്രയോഗം നടത്തിയെന്നും, ഇത് ഏറ്റുമുട്ടലിലെത്തിയെന്നുമാണ് റിപ്പോർട്ട്.
പ്രതിഷേധക്കാർ ഒരു പൊലീസ് വാനിനും നിരവധി ബൈക്കുകള്‍ക്കും തീയിട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. ഏറ്റുമുട്ടലില്‍ എട്ട് പൊലീസുകാരുള്‍പ്പടെ നിരവധി പേർക്ക് പരിക്കേറ്റതായി പിടിഐ റിപ്പോർട്ടുചെയ്തു. ഭംഗറിനുപുറമെ, മിനാഖാൻ, സന്ദേശ്ഖലി എന്നിവിടങ്ങളില്‍ നിന്നുള്ള ഐഎസ്എഫ് പ്രവർത്തകരാണ് പ്രതിഷേധത്തിലുണ്ടായിരുന്നത്.
ബസന്തി ഹൈവേയിലെ ഭോജർ ഹട്ടിന് സമീപത്തുണ്ടായ ഏറ്റുമുട്ടലിനെതുടർന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. പിന്നീട് പ്രതിഷേധക്കാരെ പിരിച്ചുവിട്ടെങ്കിലും ക്രമസമാധാനഭീഷണി കണക്കിലെടുത്ത് മേഖലയിലെ പൊലീസ് വിന്യാസം വർധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാരില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എല്ലാ മതവിഭാഗത്തിനും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും- ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്നതിലേക്ക് അത് എത്തരുതെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. അതേസമയം, മമത സർക്കാർ ക്രമസമാധാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് ബിജെപി ആരോപണം. സംസ്ഥാനത്ത് പ്രത്യേക സൈനികാധികാര നിയമം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ജ്യോതിർമയ് സിംഗ് മഹാതോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതിയിട്ടുണ്ട്. മുർഷിദാബാദിൽ കേന്ദ്ര സേനയെ ഉടൻ വിന്യസിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് ഇത്. ഇതിനിടെ മുർഷിദാബാദ് സംഘർഷത്തില്‍ കൊല്ലപ്പെട്ട ഹരോ ഗോബിന്ദോ ദാസും മകന്‍ ചന്ദൻ ദാസും സിപിഐഎം പ്രവർത്തകരാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.