പല കൊലപാതകങ്ങളും ലഹരിക്കടിമപ്പെട്ട് നടത്തിയതാണെന്ന് തെളിയിക്കപ്പെടുന്നു. കൊല്ലം ചിതറയില്‍ പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊന്നതും ലഹരിക്കടിമപ്പെട്ട് നടത്തിയ കൊലപാതകമെന്നാണ് കണ്ടെത്തല്‍.
ലഹരിക്കായി ജീവനെടുക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിച്ച് വരുകയാണ്. പല കൊലപാതകങ്ങളും ലഹരിക്കടിമപ്പെട്ട് നടത്തിയതാണെന്ന് തെളിയിക്കപ്പെടുന്നു. കൊല്ലം ചിതറയില്‍ പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊന്നതും ലഹരിക്കടിമപ്പെട്ട് നടത്തിയ കൊലപാതകമെന്നാണ് കണ്ടെത്തല്‍. കൊല്ലപ്പെട്ട പോലീസുകാരന്‍ ഇര്‍ഷാദും ലഹരിക്ക് അടിമയായിരുന്നെന്നും പോലീസ് കണ്ടെത്തി. റിമാന്റിലുള്ള പ്രതി സഹദാണ് നിര്‍ണായക വിവരം അന്വേഷണ സംഘത്തിന് കൈമാറിയത്. ലഹരി ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന മരവിപ്പാണ് കൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. ന്യൂസ് മലയാളം പരമ്പര കൊന്ന് തള്ളുന്ന രാസലഹരി.
2024 ഒക്ടോബര്‍ 14ന് രാവിലെ ചിതറ സ്വദേശി ഇര്‍ഷാദിനെ കഴുത്തറത്ത നിലയില്‍ കണ്ട ആംബുലന്‍സ് ഡ്രൈവറുടെ വാക്കുകളാണിത്. ചിതറയെന്ന ഗ്രാമത്തെ ഞെട്ടിപ്പിക്കുന്നതായിരുന്നു ആ കൊലപാതകം. കൊല്ലം ചിതറയിലെ വീട്ടില്‍ ഇരുപത്തിയാറുകാരനായ പോലീസുകാരന്‍ ഇര്‍ഷാദ് സുഹൃത്തിനാല്‍ കഴുത്തറുത്ത് കൊലപ്പെടുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ സുഹൃത്ത് സഹദിനെ പോലീസ് പിടികൂടുന്നു. മാരക ലഹരി ഉപയോഗത്തിന് അടിമയാകുന്നവര്‍ നടത്തുന്ന അരും കൊലകളില്‍ ഒന്ന് മാത്രമാണൊ? ഈ സംഭവം! ദുരൂഹമായ ജീവിത പശ്ചാത്തലവും, നഷടമായ ജീവനും, ഇനിയും പരിഹരിക്കാനാകാത്ത ഗുരുതരമായ പ്രശ്‌നത്തിലേക്ക് തന്നെയാണ് പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നത്
ഏറെ നാളായി ഇര്‍ഷാദ്, സുഹൃത്ത് സഹദിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. രാവിലെ പുറത്ത് പോയി വന്ന സഹദിന്റെ പിതാവ് അബ്ദുല്‍ സലാമിനോട് കൊലപാതക വിവരം പ്രതി സഹദ് തന്നെയാണ് അറിയിച്ചത്. അബ്ദുല്‍ സലാം മരിച്ച് കിടന്ന ഇര്‍ഷാദിനെ മുറിയില്‍ ചെന്ന് കാണുന്നു. പൊലീസും സമീപവാസികളും വിവരമറിഞ്ഞ് എത്തിയപ്പോള്‍ കണ്ടത് ലഹരിക്കടിമപ്പെട്ട മൃതദേഹത്തിനരികില്‍ ഒരു കൂസലുമില്ലാതെ അര്‍ധ ബോധാവസ്ഥയില്‍ ഇരിക്കുന്ന സഹദിനെയാണ്. ചോര വാര്‍ന്ന് കിടന്ന ഇര്‍ഷാദിന് സമീപം സുഗന്ധ വസ്തുക്കള്‍ കത്തിച്ചുവെച്ചിരുന്നു. രാസ ലഹരി അയാളെ അത്രയും ആഴത്തില്‍ അടിമയാക്കിയിരുന്നു. അയാള്‍ അപ്പോഴും പറഞ്ഞ് കൊണ്ടേയിരുന്നു ലഹരിയാണ് ഇര്‍ഷാദിനെ കൊലപ്പെടുത്തിയതെന്നാണ്.
Also Read: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടി; 10 രൂപ മുതൽ 50 രൂപ വരെ വർധനവ്; പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ
ചിതറയിലെ കൊലപാതകം നടന്ന വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നുകളുടെ ആംപ്യൂളുകള്‍, സിറിഞ്ച്, എം.ഡി.എം.എ എന്നിങ്ങനെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതിനുള്ള തെളിവ് കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടില്‍ ദുര്‍മന്ത്രവാദം നടന്നിരുന്നതായും പൊലീസിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.
കൊലയ്ക്ക് പിന്നില്‍ മയക്കു മരുന്ന് ഉപയോഗം തന്നെയെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. കേരളാ ആംഡ് പോലീസ് അടൂര്‍ ക്യാമ്പിലെ ഹവീല്‍ദാറായിരുന്ന ഇര്‍ഷാദും ലഹരിക്കടിമയായിരുന്നു. ലഹരി ഉപയോഗം കാരണം പോലീസ് സര്‍വ്വീസില്‍ നിന്ന് അച്ചടക്ക നടപടി നേരിട്ടയാളാണ് കൊല്ലപ്പെട്ട ഇര്‍ഷാദ്. കഴക്കൂട്ടം, ചടയമംഗലം, പോത്തന്‍കോട്, ചിതറ എന്നീ സ്റ്റേഷനുകളിലായി ഇരുപതിലധികം ലഹരി കേസുകള്‍ സഹദിനുണ്ട്.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം ഒന്നാമതെന്ന് നാം ആവര്‍ത്തിക്കുമ്പോഴും രാസലഹരി ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് ഇനിയും പഠിക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി ആത്മസുഹൃത്തുക്കളായ രണ്ട് പേര്‍, നാളുകളായി ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ചിരുന്ന സുഹൃത്തുക്കള്‍, കൊലപാതകത്തിന് മുന്‍പ് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചവര്‍, രണ്ട് മണിക്കൂറിന് ശേഷം അതിലൊരാളെ മറ്റൊരാള്‍ കഴുത്തറുത്ത് കൊന്നെങ്കില്‍ അത് വിരല്‍ ചൂണ്ടുന്നത് എന്തിലേക്കാണ്...