വെണ്ണക്കര ബൂത്തിലെത്തിയാണ് രാഹുലിനെ തടഞ്ഞത്
പാലക്കാട് തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. 48ആം ബൂത്തിലാണ് സംഘർഷം. വെണ്ണക്കര ബൂത്തിലെത്തിയാണ് രാഹുലിനെ തടഞ്ഞത്. സ്ഥാനാർഥി ബൂത്തിൽ കയറരുതെന്ന് ആവശ്യപ്പെട്ടതായിരുന്നു തർക്കം.
വിഷയത്തിൽ പ്രതികരിച്ച ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാർ കായികപരമായി നേരിട്ടാൽ തിരിച്ചും നേരിടുമെന്നറിയിച്ചു. വോട്ടു ചെയ്യുന്നവരെ കോൺഗ്രസ് കായികപരമായി നേരിടാൻ തീരുമാനിച്ചാൽ തിരിച്ചും നേരിടുമെന്ന് സി. കൃഷ്ണകുമാർ പറഞ്ഞു. അവരെ നേരിടാനുള്ള ശക്തി പാലക്കാട് ബിജെപിക്കുണ്ട്. രാഹുലിൻ്റേത് ചീപ് പബ്ലിസിറ്റി നാടകമാണ്. ബൂത്തിൽ തടഞ്ഞെന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ആരോപണം ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ്. ബൂത്തിനുള്ളിൽ വോട്ട് ചോദിക്കരുത് എന്നത് നിയമമാണ്. രാഹുൽ മാങ്കൂട്ടത്തിലും, ഷാഫി പറമ്പിലും ഇത് ലംഘിച്ചുവെന്നും കൃഷ്ണകുമാർ പറഞ്ഞു.
ALSO READ: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ 66.7% പോളിങ്; വെണ്ണക്കരയിൽ ബിജെപി-കോൺഗ്രസ് സംഘർഷം
പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വൈകിട്ട് ആറ് മണി വരെ 66.7% പോളിങ്ങാണ് രേഖപ്പെടുത്തിയത്. മുന്‍സിപ്പാലിറ്റിയിലും മൂന്ന് പഞ്ചായത്തുകളിലും ഭേദപ്പെട്ട പോളിങ്ങാണ് രേഖപ്പെടുത്തിയത്. പാലക്കാട് പത്ത് സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇടതുപക്ഷ സ്ഥാനാർഥിയായ പി. സരിനും, കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും, ബിജെപി സ്ഥാനാഥി സി. കൃഷ്ണകുമാറും വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയ കോളിളക്കങ്ങൾ സൃഷ്ടിച്ച തെരഞ്ഞടുപ്പ് പോരിൻ്റെ അങ്കത്തട്ടിൽ ആര് വിജയക്കൊടി നാട്ടുമെന്നറിയാൻ ഇനി മൂന്ന് നാൾ കൂടി കാത്തിരിക്കണം.
ALSO READ: മഹാരാഷ്ട്രയിൽ തണുത്ത പോളിങ്; വൈകീട്ട് 5 മണി വരെ 58.22% പോളിങ് മാത്രം