ലോകത്തിന്‍റെ പല ഭാഗത്തുനിന്നുമുള്ള രചനകള്‍ തേടിപ്പിടിച്ച് വായിച്ച എം.ടി മനസിനെ ജാഗരൂകമാക്കി
മരണാനന്തരം എം.ടി. വാസുദേവൻ നായരും ലൂയിസ് ബോർഹസും കണ്ടുമുട്ടുന്നതായി സങ്കൽപ്പിക്കുക. എന്തായിരിക്കും അവർ തമ്മിൽ സംസാരിക്കുക? എന്തായാലും എഴുതിയ വാചകങ്ങളേക്കാൾ വായിച്ച പുസ്തകങ്ങളെപ്പറ്റിയായിരിക്കും അവർ വാചാലരാകുക. അന്ധനായ ബോർഹസിന് മുന്നിൽ വിശ്വസാഹിത്യത്തെ അടരടരായി എം.ടി അവതരിപ്പിക്കും. അതുകേട്ട് സ്വർഗസ്ഥനായ 'ബഷീർ' പോലും അത്ഭുതപ്പെട്ട് ചോദിച്ചേക്കും, " ഇത്രയധികം പുസ്തകങ്ങൾ അനുഭവിക്കാനുള്ള അനന്തമായ സമയം നൂലന് ആര് നൽകി?"
സമയം, അത് മനുഷ്യന്റെ ഒരു പരിമിതിയാണ്. കാലം ഒരിക്കലും ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല. എന്നാൽ നിരന്തരമായ വായനയിലൂടെ എം. ടി എന്ന ജീനിയസ് ഈ പരിമിതിയും മറികടന്നു. ഫലഭൂയിഷ്ടം (Fertile) ആയിരുന്നു അദ്ദേഹത്തിന്റെ മനസ്. ലോകത്തിന്‍റെ പല ഭാഗത്തുനിന്നുമുള്ള രചനകള്‍ തേടിപ്പിടിച്ച് വായിച്ച എം.ടി മനസിനെ ജാഗരൂകമാക്കി. വെട്ടിമാറ്റാമായിരുന്നു എന്ന് വായനക്കാരന് തോന്നാത്ത വിധം ശില്‍പ്പഭദ്രതയുള്ള രചനകള്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഈ ജാഗ്രതയാണ്.
ആദ്യകാല വായന
എം.ടിയുടെ കുട്ടിക്കാലത്ത് വലിയ തറവാടുകളില്‍ രാമായണം വായിക്കണം എന്നത് നിര്‍ബന്ധമുണ്ടായിരുന്നു. സാമ്പത്തികമായി അത്ര പ്രതാപത്തിലല്ലെങ്കിലും മാടത്ത് തെക്കേപ്പാട്ടും അത് അങ്ങനെതന്നെയായിരുന്നു. എംടിയുടെ അമ്മാവന്മാര്‍ രാമായണ പാരായണം നടത്തുകയും എംടിയെ അതിനു പ്രേരിപ്പിക്കുകയും ചെയ്തു. വിരുന്നിനു പോകുമ്പോള്‍ 'വാസു വായിക്കും' എന്ന് മേനി പറഞ്ഞ് രാമായണം ഉച്ചത്തില്‍ വായിപ്പിച്ചു. ഇതാണ് എം.ടിയില്‍ വായനയുടെ വിത്തുകളിട്ടത്. അത് വളക്കൂറുള്ള മണ്ണാക്കിയത് മറ്റൊരു മഹാകവിയാണ്- അക്കിത്തം.
എംടിയുടെ സഹോദരന്മാരുടെ കൂടെയാണ് അക്കിത്തം അച്യുതന്‍ നമ്പൂതിരി പഠിച്ചിരുന്നത്. അക്കിത്തത്തിന്‍റെ വീട്ടില്‍ ധാരാളം പുസ്കങ്ങളുണ്ടായിരുന്നു. അനാരോഗ്യങ്ങള്‍ വേട്ടയാടിയിരുന്ന ആ ബാലന്‍ ജ്യേഷ്ഠന്മാര്‍ക്കൊപ്പം അക്കിത്തത്തിന്‍റെ ഇല്ലത്തെത്തി അഭിരുചിക്ക് ഇണങ്ങും വിധം പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് വായിക്കാന്‍ ആരംഭിച്ചു. ആശാന്‍, ചങ്ങമ്പുഴ, വളളത്തോള്‍ എന്നിവരുടെ കവിതകളും കേശവദേവ്, തകഴി, ബഷീര്‍, എസ്.കെ പൊറ്റെക്കാട്ട്, എന്നിവരുടെ ഫിക്ഷനും എം ടിയെ സ്വാധീനിച്ചു. അതില്‍ തന്നെ ഗ്രാമങ്ങളിലെ എസ്.കെ ഭ്രമം പതിയെ എം ടിയെയും ഗ്രസിച്ചു. ആ പ്രചോദനത്തില്‍ വി.എന്‍. തെക്കേപ്പാട്ട് എന്ന പേരില്‍ മാസികകളിലേക്ക് കൃതികളും അയച്ചു.
എന്നാല്‍, ആരാധനയുടെ കാലം അധികം നീണ്ടുപോയില്ല. എം.ടി തനിക്കായുള്ള വഴി കണ്ടെത്തി. അന്യമായ വേദനകളേയും അസ്തിത്വ പ്രതിസന്ധികളേയും ഒരരുകിലേക്ക് മാറ്റിവെച്ച് തനിക്കുള്ളിലെ നിളയെ എഴുത്തുകാരന്‍ ഏറ്റെടുത്തു. നാടിന്‍റെ കഥകള്‍ക്ക് തന്‍റെ രചനാപാടവം കൊണ്ട് സാര്‍വജനനീയത നല്‍കി. ഈ തിരിച്ചറിവിനു പിന്നില്‍ വായനയുടെ പങ്ക് വലുതാണ്. വിശ്വ സാഹിത്യത്തിലേക്ക് വാതായനങ്ങള്‍ തുറന്നിട്ടിരുന്ന എം.ടി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത് മഹത്തായ സൃഷ്ടികളുമായാണ്. സൃഷ്ടികളും സ്രഷ്ടാക്കളും വായനക്കാരന്‍റെ ഉള്ളിലേക്ക് കയറുമ്പോഴും എഴുത്തുകാരന്‍ നിസ്വനായി അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. തന്നിലെ വായനക്കാരന്‍റെ പകര്‍പ്പെഴുത്തുകാരനായിരുന്നില്ല എം.ടി ഒരിക്കലും.
Also Read: കവിത എഴുതിയിരുന്ന എം.ടിയെ അറിയുമോ? ഒരു എഴുത്തുകാരന്‍റെ ജനനം
എം.ടിയുടെ സ്വന്തം ഹെമിംഗ്‌വേ
മുഖവുര ആവശ്യമില്ലാത്ത വിശ്വപ്രസിദ്ധ എഴുത്തുകാരന്‍ ഏണെസ്റ്റ് ഹെമിംഗ്‌വേയ്ക്ക് മലയാളത്തില്‍ അത്തരത്തില്‍ ഒന്നുണ്ടായാല്‍ തരക്കേടില്ല എന്ന് എംടിക്ക് തോന്നാന്‍ കാരണം എന്തായിരിക്കും? അതിയായ ആരാധന മാത്രമല്ല. വരും തലമുറ ആ എഴുത്തുകാരനിലൂടെ സഞ്ചരിക്കാന്‍ ദിശാസൂചിയാകുന്നതില്‍ ഒരു വായനക്കാരനുള്ള കൊതി കൂടി അതിനു പിന്നിലുണ്ട്. എം.ടിയുടെ തന്നെ വാക്കുകളില്‍, മഹാനായ ആ എഴുത്തുകാരന്‍റെ കാലത്ത് അദ്ദേഹത്തിന്‍റെ വര്‍ഗത്തിന്‍റെ ഏതോ വിദൂരസ്ഥമായ ഒരറ്റത്ത് നില്‍ക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്ന ഒരു ആരാധകന്‍ എഴുതിയ മുഖവുര.
എം.ടിയെപ്പോലെ ഹെമിംഗ്‍വേയും ഒരു പത്രപ്രവര്‍ത്തകനായിരുന്നു. വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള ബന്ധത്തിലുപരിയായി ഇവരില്‍ മറ്റ് സമാനതകളും കാണാന്‍ സാധിക്കും. അതിലൊന്ന് എഴുത്തിലെ ശില്‍പ്പ ഭംഗിയാണ്. വാചകങ്ങള്‍ കൊണ്ടല്ല വാചകങ്ങള്‍ക്കിടയിലെ വെള്ളവിടവുകളിലൂടെയാണ് ഹെമിംഗ്‌വേ കഥപറയുന്നതെന്നാണ് ഒരിക്കല്‍ ആല്‍ഡസ് ഹക്സ്ലി പറഞ്ഞത്. എം.ടിയുടെ കാര്യത്തിലും ഇത് ശരിയാണ്. ചെറുവാക്യങ്ങളില്‍ പെരും കടലിനെ ഒതുക്കാനുള്ള ശേഷി എം.ടിയുടെ സവിശേഷതയാണ്. ഒരുപക്ഷേ അതിനു പിന്നില്‍ ഹെമിംഗ്‍വേയുടെ സ്വാധീനം ഉണ്ടാകാം.
എഴുത്തിന്‍റെ ആദ്യകാലത്ത് തനിക്ക് പരിചിതമായ പരിസരങ്ങളെ കഥകളില്‍ ഉപയോഗിച്ചതിന് എം.ടിയും ഹെമിംഗ്‍വേയും കുടുംബത്തിനുള്ളില്‍ നിന്നു തന്നെ വിമര്‍ശനം നേരിട്ടിട്ടുണ്ട്. ഇത്തരം സാമ്യങ്ങള്‍ കാണാമെങ്കിലും ഇരുവരും കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ വ്യത്യസ്തമാണ്. യുദ്ധവും പൗരുഷവും മരണവുമാണ് ഹെമിംഗ്‍വേ കഥകളുടെ കേന്ദ്രമെങ്കില്‍ കുറ്റബോധവും ദൗര്‍ബല്യങ്ങളും ജീവിതാസക്തിയുമാണ് എം.ടിയുടെ കഥകളുടെ സവിശേഷത. ഹെമിംഗ്‌വേയെ വായിക്കുന്നതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ മൗലീകത നിലനിര്‍ത്താനും അദ്ദേഹം ശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണിത്.
Also Read: തോറ്റുപോയവരും മാറ്റി നിര്‍ത്തപ്പെട്ടവരും; ജീവിതമാകുന്ന ദുരിതപ്പുഴയിലെ നീന്തല്‍ക്കാര്‍
മാര്‍ക്കേസിനെ അവതിരിപ്പിച്ച എം.ടി
മലയാളി ഏറ്റവും അധികം വായിച്ച ലാറ്റിനമേരിക്കന്‍ എഴുത്തുകാരനാണ് ഗബ്രിയേല്‍ ഗാര്‍സിയാ മാര്‍ക്കേസ്. മാര്‍ക്കേസിനെ മലയാളിക്ക് പരിചയപ്പെടുത്തിയതും എം.ടിയാണ്. 1967ലാണ് മാര്‍ക്കേസിന്‍റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ എന്ന നോവല്‍ സ്പാനിഷ് ഭാഷയില്‍ പുറത്തുവരുന്നത്. 1970ല്‍ ഗ്രിഗറി റബാസ നോവലിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. ഈ കാലഘട്ടത്തില്‍ അമേരിക്ക സന്ദര്‍ശിച്ച എം.ടി നോവലിന്‍റെ ഒരു കോപ്പി സ്വന്തമാക്കി. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന യാത്രാവിവരണത്തില്‍ അദ്ദേഹം തന്നെയിത് സൂചിപ്പിക്കുന്നുണ്ട്.
ഇതാണ് കേരളത്തിലേക്ക് മാര്‍ക്കേസിനെ എത്തിച്ചത്. എത്തിച്ചുവെന്ന് മാത്രമല്ല മാര്‍ക്കേസിന്‍റെ രചനാ വൈഭവം തിരിച്ചറിഞ്ഞ എം.ടി നൂറു വര്‍ഷത്തെ ഏകാന്തത എന്ന പേരില്‍ ഒരു ലേഖനവും പ്രസിദ്ധപ്പെടുത്തി. പിന്നീട് നാം കണ്ടത് മലയാള വായനാ ലോകത്ത് ലാറ്റിനമേരിക്കന്‍ വസന്തമായിരുന്നു. ഹുവന്‍ റൂള്‍ഫോ, മരിയോ വാര്‍ഗസ് യോസ, അങ്ങനെ പലരും മലയാളം കണ്ടു.
നല്ല സാഹിത്യത്തെ തിരിച്ചറിയുന്നതിലും അതിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിലും എന്നും എം.ടി ശ്രദ്ധിച്ചിരുന്നു. ഹെമിംഗ്‍വേ ഒരു മുഖവുര എന്ന പുസ്തകത്തിന്‍റെ ആമുഖത്തില്‍ ഇതിന്‍റെ സൂചന കാണാം. ഫോക്നര്‍, കാഫ്ക, കാമൂ, നോര്‍മന്‍ മെയ്ലര്‍, ഹെന്‍ റി മില്ലര്‍, ഡി.എച്ച്. ലോറന്‍സ്, നാടകകൃത്ത് യൂജിന്‍ ഓ നീല്‍, ചിത്രകാരന്‍ പിക്കാസോ തുടങ്ങിയവര്‍ക്ക് സമഗ്ര പഠനം നമ്മുടെ ഭാഷയില്‍ ആവശ്യമുണ്ടെന്നാണ് ആമുഖത്തില്‍ അദ്ദേഹം പറയുന്നത്. സ്വാര്‍ഥതയില്ലാതെ തന്‍റെ വായനാലോകം സഹൃദയര്‍ക്കായി തുറന്നുകൊടുക്കുകയായിരുന്നു എംടി.
Also Read: സ്‌ക്രീനിലെ എംടിയുടെ പെണ്ണുങ്ങള്‍
വായിച്ച് രചിച്ച രണ്ടാമൂഴം
മഹാഭാരതത്തിലെ വ്യാസന്‍റെ മൗനത്തെ അതിതീവ്രമായ ഭാഷയില്‍ ആവിഷ്കരിച്ച രചനയാണ് രണ്ടാമൂഴം. ഒരുപക്ഷേ എം.ടിയുടെ ഏറ്റവും ശക്തമായ നോവല്‍. കേവലം ഭാവനകൊണ്ട് മാത്രം നിര്‍മിക്കാന്‍ കഴിയുന്നതല്ല ഈ നോവലിലെ സന്ദര്‍ഭങ്ങള്‍. വൈദികകാലഘട്ടത്തെ പുനരവതിരിപ്പിക്കുമ്പോള്‍ കൈപൊള്ളാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍ വിശദാംശങ്ങളിലൂടെ വായനക്കാരെ എം.ടി സ്ഥലകാലങ്ങള്‍ക്ക് അപ്പുറം എത്തിച്ചു. അതിനദ്ദേഹത്തെ സഹായിച്ചതോ ആഴവും പരപ്പുമുള്ള വായനയും. ഭാവനാത്മകമായ ഈ സൃഷ്ടിയുടെ കാതലും അതുതന്നെയാണ്.
മഹാഭാരതത്തെ കമ്പോട് കമ്പ് വായിക്കുകയും അതിനുള്ളില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാക്കിയെടുക്കുകയും ചെയ്തു എഴുത്തുകാരന്‍. ആ ചോദ്യങ്ങളെ ഫിക്ഷന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി പരിഹരിച്ചപ്പോള്‍ ലഭിച്ച ഉത്തരങ്ങളാണ് നാം വായിക്കുന്ന നോവല്‍. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ മഹാഭാരതം പരിഭാഷ ഇതിനായി എം.ടി പലകുറി വായിച്ചു. മഹാഭാരതത്തിന്‍റെ മൂന്ന് സംസ്കൃത പതിപ്പുകളുടെയും പഠനങ്ങള്‍ വിശകലനം ചെയ്തു. ഇതിനു പുറമേ മക്ഡൊണാള്‍ഡിന്‍റെ വേദിക് ഇന്ത്യ, മക്ഡൊണാള്‍ഡും കീത്തും ചേര്‍ന്ന് തയ്യാറാക്കിയ വേദിക് ഇന്‍ഡക്സ്, റാല്‍ഫ് ഗ്രിഫിത്തിന്‍റെ യജ്ജുര്‍വേദസംഹിത, ജോര്‍ജ് ബൂവലറുടെ സേക്രഡ് ലോസ് ഓഫ് ദ ഇസ്റ്റ്, ജൂലിയസ് എഗ്ഗര്‍ ലിങ്ങിന്‍റെ ശതപഥ ബ്രാഹ്മണം, പണ്ഡിറ്റ് രാജറാമിന്‍റെ ധനുര്‍വേദസങ്കലനം, പണ്ഡിറ്റ് ജയമിത്ര ശാസ്ത്രിയുടെ ബൃഹദ്സംഹിതയിലെ ഇന്ത്യ, യൊഹ്ന്‍ ജെ. മേയറുടെ പ്രാചീനഭാരതത്തിലെ ലൈംഗികജീവിതം തുടങ്ങിയ കൃതികളും ഗവേഷണത്തിന്‍റെ ഭാഗമായി എം.ടി അവലംഭിച്ചതായി ഇ.പി. രാജഗോപാലിന്‍റെ വായനക്കാരന്‍ എം.ടി എന്ന പഠനത്തില്‍ പറയുന്നു.
വായനയിലൂടെ ആര്‍ജിച്ച അറിവും സ്വതസിദ്ധമായ ഭാവനയും ഉള്‍ച്ചേര്‍ത്താണ് എം.ടി രണ്ടാമൂഴം എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മഹാഭാരതത്തെ ആസ്പദമാക്കി മലയാളത്തില്‍ രചിക്കപ്പെട്ട മറ്റ് കൃതികള്‍ (ഇനി ഞാന്‍ ഉറങ്ങട്ടെ, എന്‍റെ കര്‍ണന്‍) വെച്ച് നോക്കുമ്പോള്‍ കുറച്ചുകൂടെ സമഗ്രമാണ് എം.ടിയുടെ ലോകം. കുടുംബബന്ധങ്ങള്‍, ഭക്ഷണരീതികള്‍, ആഭരണങ്ങള്‍, വസ്ത്രധാരണം എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ ആ ലോകത്തെ വിശ്വാസയോഗ്യമാക്കുന്നു. എം.ടി ഭാവനയില്‍ കണ്ടെഴുതിയതായിരുന്നു രണ്ടാമൂഴം എന്ന ധാരണ എത്രകണ്ട് ഒരു കാലത്ത് ഞെട്ടിച്ചോ അതിലും അധികം ഈ രചനയ്ക്കു പിന്നിലെ വായന അത്ഭുതപ്പെടുത്തുന്നു.
Also Read: സിനിമാ ജീവിതം കൊണ്ട് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ആ ഹൃദയത്തിലൊരിടം കിട്ടിയത്: മമ്മൂട്ടി
എം.ടി എന്ന വിശ്വസാഹിത്യകാരന്‍
എം.ടി വാസുദേവന്‍ നായര്‍ എന്ന വ്യക്തിയെ വിശേഷിപ്പിക്കേണ്ടത് വിഖ്യാത മലയാള എഴുത്തുകാരനെന്നല്ല. വിശ്വസാഹിത്യകാരന്‍ എന്നാണ്. മലയാളം എന്ന മൂന്നരക്കോടി വരുന്ന ജനങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന ഭാഷയില്‍ എഴുതുമ്പോഴും സാര്‍വജനനീയമായ ചിന്താധാരകളെ നമ്മളിലേക്ക് എത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ജെയിംസ് ജോയിസിന് ഡബ്ലിനും ബര്‍ണാഡ് മലമൂദിന് ന്യൂയോര്‍ക്കും കഥാപരിസരമായപോലെ എം.ടിയുടെ തട്ടകം കൂടല്ലൂരായി. എന്നാല്‍ അതിനും അപ്പുറത്തേക്കും എം.ടിയുടെ കഥാലോകം വികസിക്കുന്നുണ്ട്. നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം എന്നായിരുന്നില്ല എംടിയുടെ തിയറി. കണ്ടുപരിചയിച്ച മനുഷ്യരുടെ ഇരുണ്ട വശങ്ങളും എംടിയുടെ കഥകളുടെ വിഷയങ്ങളായി.
എഴുത്തുകാരനായും വായനക്കാരനായും ഭാഷക്ക് വേണ്ടിയാണ് എം.ടി പണിയെടുത്തത്. മലയാളത്തില്‍ സ്വപ്നം കാണുമ്പോഴും ആയിരത്തൊന്നു രാവുകളുടെ മാന്ത്രിക ഭാവം അദ്ദേഹം തന്‍റെ ബാലസാഹിത്യ കൃതികളിലൂടെ പ്രകാശിപ്പിച്ചു. പത്രാധിപരായി പുതിയ എഴുത്തുകാരെ നമുക്ക് ചൂണ്ടിക്കാണിച്ചു തന്നു. നിത്യകാമുകനായ മഹാകവി പി. കുഞ്ഞിരാമനെക്കൊണ്ട് ആത്മകഥ എഴുതിപ്പിച്ചു( അത് പത്രാധിപരുടെയല്ല, എംടിയിലെ വായനക്കാരന്‍റെ ആവശ്യമായിരുന്നു). വ്യത്യസ്ത ഴോണറുകളിലെ സിനിമകള്‍ക്ക് ദൃശ്യഭാഷയൊരുക്കി. അതിലും വായനയുടെ അംശങ്ങള്‍ കാണാം. ഉദാഹരണത്തിന്, ഡാഫ്‌നെ ഡു മൗറിയറുടെ കഥയാണ് ഉത്തരമായത്, വൈല്‍ഡ് വെസ്റ്റ് കഥകളോടുള്ള പ്രിയമാണ് താഴ്വാരമായത്. അനായാസേന നടക്കുന്നു എന്ന പ്രതീതിയുണ്ടാക്കുന്ന ഈ പ്രക്രിയയ്കക്ക് പിന്നില്‍ സുദീര്‍ഘമായ വായനയും അപാരമായ അനുഭവങ്ങളുമുണ്ട്. അതുകൊണ്ടാണ് അവ കാലാതീതമാകുന്നത്, എഴുത്താള്‍ അമരനാകുന്നത്. ഇനിയും എംടി എന്തുചെയ്തു എന്നാണ് ചോദ്യമെങ്കില്‍, കേട്ടുകൊള്ളൂ…അദ്ദേഹം ഗൗരവത്തോടെ ഭാഷയെപ്പറ്റി സംസാരിച്ചു, ഗൗരവത്തോടെ എഴുതി, ഗൗരവത്തോടെ വായിച്ചു.