പട്ടിക വർഗ്ഗ സമൂഹത്തിലെ കുട്ടികളടക്കം ഇരകളായ കേസുകൾ വൈകുന്നതിനാൽ ഇരകളും പരാതിക്കാരുമായ കുട്ടികളിൽ ചിലർ ഇപ്പോഴും ചിൽഡ്രൻസ് ഹോമുകളിൽ കഴിയുകയാണ്
വയനാട്ടിൽ പോക്സോ കേസുകൾ പരിഗണിക്കുന്ന അതിവേഗ കോടതിയിൽ 6 മാസമായി ജഡ്ജിയില്ലെന്ന് ആരോപണം. കുട്ടികൾ ഇരകളായ 120- ഓളം കേസുകളാണ് വയനാട്ടിൽ കെട്ടികിടക്കുന്നത്. പട്ടിക വർഗ്ഗ സമൂഹത്തിലെ കുട്ടികളടക്കം ഇരകളായ കേസുകൾ വൈകുന്നതിനാൽ ഇരകളും പരാതിക്കാരുമായ കുട്ടികളിൽ ചിലർ ഇപ്പോഴും ചിൽഡ്രൻസ് ഹോമുകളിൽ കഴിയുകയാണ്. ഈ വിഭാഗത്തിൽപ്പെട്ട വിചാരണ നേരിടേണ്ടവരിൽ ചിലർ ജയിലിലുമാണ്. ന്യൂസ് മലയാളം എക്സ്ക്ലൂസീവ്.
രാജ്യത്ത് കുട്ടികൾക്കെതിരെയുള അതിക്രമങ്ങളും ലൈംഗിക ചൂഷണവും തടയാനായാണ് പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട് 2012 അഥവാ പോക്സോ നിയമം പ്രാബല്യത്തിൽ വന്നത്. ഈ നിയമമനുസരിച്ച് പോക്സോ കേസുകൾ അതിവേഗം പരിഗണിച്ച് വിധി പറയാനായി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ രാജ്യത്ത് സ്ഥാപിതമായത്. 202O ജൂലായിലാണ് കൽപ്പറ്റയിൽ കോടതി കോംപ്ലക്സിൽ പ്രത്യേക അതിവേഗ കോടതി ആരംഭിക്കുന്നത്.
ALSO READ: ഒന്നും മൂന്നും പ്രതികൾ കുറ്റക്കാർ; പാറശാല ഷാരോൺ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്
സുപ്രീം കോടതി നിർദേശ പ്രകാരം അതിവേഗ കോടതി പരിഗണിക്കുന്ന കേസുകളിൽ 15 എണ്ണത്തിനെങ്കിലും പ്രതിമാസം ജഡ്ജി വിധി പറയണം. ഇതനുസരിച്ച് വയനാട്ടിലും കേസുകൾ തീർപ്പായിരുന്നു. പ്രതികൾ കുറ്റക്കാരാണന്ന് കാണുന്ന കേസുകളിൽ പരമാവധി ശിക്ഷയും നൽകിയിരുന്നു. എന്നാൽ ജഡ്ജിയില്ലാതായതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്.
വിചാരണ പൂർത്തിയായി പത്തോളം കേസുകളിൽ വിധി പറയാനിരിക്കെയാണ് നിലവിലെ ജഡ്ജി സ്ഥലം മാറി പോയത്. ഹൈക്കോടതിയിൽ നിന്നാണ് പുതിയ ജഡ്ജിയെ നിയമിക്കേണ്ടത്. വിഷയത്തിൽ സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉൾപ്പെടെ ശക്തമായ സമ്മർദ്ദം വേണമെന്നാണ് ആവശ്യം.