64 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് എഐസിസിയുമായി ബന്ധപ്പെട്ട പരിപാടി ഗുജറാത്തില്‍ വെച്ച് നടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
എഐസിസി സമ്മേളനത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പ്രത്യേക ഇരിപ്പിടം നല്‍കി ജാതി അധിക്ഷേപം നടത്തിയെന്ന് ആരോപണവുമായി ബിജെപി. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം സോഫയില്‍ ഇരുത്താതെ പ്രത്യേക ഇരിപ്പിടം നല്‍കി അപമാനിച്ചെന്നാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ ആരോപണം.
എഐസിസി സമ്മേളനത്തോട് അനുബന്ധിച്ച് അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ വെച്ച് നടന്ന പ്രാര്‍ഥനാ യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ ഖാര്‍ഗെയ്ക്ക് മാത്രം പ്രത്യേകം ഇരിപ്പിടം നല്‍കി അപമാനിച്ചെന്നാണ് പരാതി.
ALSO READ: യുഎസില്‍ നില്‍ക്കാനുള്ള എല്ലാ നിയമസാധുതകളും അവസാനിച്ചു; തഹാവൂര്‍ റാണയെ വൈകിട്ടോടെ ഇന്ത്യക്ക് കൈമാറും
കോണ്‍ഗ്രസ് എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ സോണിയ ഗാന്ധി രാഹുല്‍ ഗാന്ധി, അംബിക സോണി തുടങ്ങിയവര്‍ ഒരു സോഫയില്‍ ഇരിക്കുകയും ഖാര്‍ഗെ കസേരയില്‍ ഇരിക്കുന്നതും വ്യക്തമാണ്. അംബികാ സോണിയോട് സോഫയിലേക്ക് ഇരിക്കാന്‍ ഖാര്‍ഗെ ആവശ്യപ്പെടുന്നതും ദൃശ്യത്തില്‍ നിന്ന് വ്യക്തമായി കാണാം. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ആയുധമാക്കിയാണ് പട്ടിക വിഭാഗക്കാരനായ ഖാര്‍ഗെയോട് ജാതി വിവേചനം കാണിച്ചെന്ന് ബിജെപി ആരോപിക്കുന്നത്.
'ഖാര്‍ഗെയ്ക്ക് പ്രത്യേകം ഇരിപ്പിടം നല്‍കുമ്പോള്‍ എന്തുകൊണ്ടാണ് സോഫയുടെ മധ്യത്തില്‍ നല്‍കാത്തത്? അദ്ദേഹം പാര്‍ട്ടി പ്രസിഡന്റും മുതിര്‍ന്ന വ്യക്തിയുമല്ലേ?,' എന്നായിരുന്നു അമിത് മാളവ്യയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
ALSO READ: ഇനി EMI കുറയും! പുതിയ ധനനയം പ്രഖ്യാപിച്ച് RBI; റിപ്പോ നിരക്ക് 0.25% കുറച്ചു
ഖാര്‍ഗെയ്ക്ക് മുട്ടിന് വേദനയടക്കമുള്ള പ്രശ്‌നങ്ങളുള്ളതിനാല്‍ അല്‍പം ഉയര്‍ന്ന ഇരിപ്പിടത്തില്‍ ഇരിക്കേണ്ടതുണ്ടെന്നും അതിനാലാണ് കസേരയില്‍ ഇരുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും വരുന്ന അനൗദ്യോഗിക വിശദീകരണം.
ഏപ്രില്‍ 8,9 തീയതികളിലായാണ് അഹമ്മദാബാദില്‍ വെച്ച് കോണ്‍ഗ്രസിന്റെ 84-ാമത് എഐസിസി ദേസീയ കണ്‍വെന്‍ഷന്‍ നടക്കുന്നത്. 64 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് എഐസിസിയുമായി ബന്ധപ്പെട്ട പരിപാടി ഗുജറാത്തില്‍ വെച്ച് നടക്കുന്നതെന്ന പ്രത്യേകത കൂടിയുണ്ട്.
ചൊവ്വാഴ്ച അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ നാഷണല്‍ മെമ്മോറിയലില്‍ വെച്ചാണ് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം നടന്നത്. എഐസിസി പ്രധാന സെഷന്‍ സബര്‍മതി നദിയുടെ തീരത്തായാണ് നടക്കുന്നത്.