ഡ്ജിമാർ നിയമനിർമാണം നടത്തി നടപ്പിലാക്കുകയും, സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണെന്ന് ജഗദീപ് ധൻകർ അഭിപ്രായപ്പെട്ടു
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിയിൽ വിമർശനവുമായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. സുപ്രീംകോടതിക്ക് നൽകുന്ന സവിശേഷ അധികാരം ജനാധിപത്യത്തിനെതിരായ ആണവായുധമായി മാറുന്നെന്നായിരുന്നു ജഗദീപ് ധൻകറിൻ്റെ പ്രസ്താവന. കോടതികൾ രാഷ്ട്രപതിയെ നിയന്ത്രിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. രാജ്യസഭയിലെ ഇന്റേണുകളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രാജ്യത്തിന് എന്താണ് സംഭവിക്കുന്നതെന്നായിരുന്നു ഉപരാഷ്ട്രപതിയുടെ ചോദ്യം. ജഡ്ജിമാർ നിയമനിർമാണം നടത്തി നടപ്പിലാക്കുകയും, സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണെന്ന് ജഗദീപ് ധൻകർ അഭിപ്രായപ്പെട്ടു. "സമയബന്ധിതമായി തീരുമാനമെടുക്കാൻ ജഡ്ജിമാർ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിരിക്കുന്നു. ഒരു ജനാധിപത്യത്തിനായി ഇന്ത്യയ്ക്ക് ഇതുവരെ വിലപേശേണ്ടി വന്നിട്ടില്ല. ഭരണഘടന അനുഛേദം 145 പ്രകാരം ഭരണഘടന വ്യാഖ്യാനിക്കാനുള്ള ഒരു അവകാശം മാത്രമാണ് ജഡ്ജിമാർക്കുള്ളത്. എന്നാൽ നിയമനിർമാണം നടത്തുന്ന, എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾ നടത്തുന്ന, സൂപ്പർ പാർലമെന്റായി പ്രവർത്തിക്കുന്ന ഉത്തരവാദിത്തമില്ലാത്ത ജഡ്ജിമാർ നമുക്കുണ്ട്. കാരണം അവർക്ക് രാജ്യത്തെ നിയമം ബാധകമല്ല"- ജഗദീപ് ധൻകർ പറയുന്നു.
ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും അനധികൃത പണം കണ്ടെടുത്ത സംഭവത്തിലെ സുപ്രീംകോടതി അന്വേഷണത്തെയും ഉപരാഷ്ട്രപതി വിമര്‍ശിച്ചു. സുപ്രീംകോടതിക്ക് അന്വേഷണം നടത്താന്‍ എന്ത് അധികാരമാണുള്ളതെന്ന് ഉപരാഷ്ട്രപതി ചോദിക്കുന്നു. ഏതൊരന്വേഷണവും എക്‌സിക്യൂട്ടീവിന്റെ പരിധിയിലാണ് വരുന്നത്. കള്ളപ്പണ കേസ് പരിശോധിക്കാൻ മൂന്ന് ജഡ്ജിമാരുടെ സമിതി എന്തിനാണ്? ഇത് പാര്‍ലമെന്റില്‍ നിന്നും നിയമപ്രകാരം അനുമതിയുള്ള മൂന്ന് ജഡ്ജിമാരുടെ കമ്മിറ്റിയല്ലെന്ന് പറഞ്ഞ ജഗദീപ് ധൻകർ, ഈ സമിതിക്ക് എന്തുചെയ്യാന്‍ കഴിയുമെന്നും ചോദിച്ചു.