തട്ടിപ്പിൻ്റെ മുഖ്യസൂത്രധാരൻ സായ് ഗ്രാം ചെയർമാൻ ആനന്ത് കുമാറാണെന്നും അനന്തു കൃഷ്ണൻ സൂചിപ്പിച്ചു
വിവിധ രാഷ്ട്രീയ നേതാക്കൾക്കും കക്ഷികൾക്കും താൻ പണം നൽകിയിട്ടുണ്ടെന്ന് പകുതി വില തട്ടിപ്പ് മുഖ്യപ്രതി അനന്തു കൃഷ്ണൻ. ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണന് പണം കൊടുത്തിട്ടില്ലെന്നും, പണം കൈപ്പറ്റിയവരുടെ പേരുകൾ സമയമാകുമ്പോൾ പറയുമെന്നും പ്രതി പറഞ്ഞു. തട്ടിപ്പിൻ്റെ മുഖ്യസൂത്രധാരൻ സായ് ഗ്രാം ചെയർമാൻ ആനന്ത് കുമാറാണെന്നും അനന്തു കൃഷ്ണൻ സൂചിപ്പിച്ചു. ഇതിനിടെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ ഉള്ള പ്രതി അനന്തു കൃഷ്ണൻ്റെ രണ്ട് ഡയറികൾ പൊലീസ് കണ്ടെടുത്തു. ഒന്നര ലക്ഷത്തോളം പേർ തട്ടിപ്പിന് ഇരയായി എന്നാണ് ഡയറികളിൽ നിന്ന് വെളിവായത്.
എ.എൻ.രാധാകൃഷ്ണൻ നേതൃത്വം നൽകുന്ന സൈൻ എന്ന സംഘടന അനന്തു കൃഷ്ണൻ തട്ടിപ്പ് നടത്താനായി സംഘടിപ്പിച്ച വിവിധ പരിപാടികളിൽ മുഖ്യ സഹകാരിയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. താൻ രൂപീകരിച്ച പദ്ധതിയുടെ നടത്തിപ്പ് ചുമതല മാത്രമായിരുന്നു സൈൻ സംഘടനയ്ക്ക്, പണമിടപാടില്ല എന്ന് പറഞ്ഞ് എ.എൻ.രാധാകൃഷ്ണനെ പ്രതി തൻ്റെ പ്രതികരണത്തിൽ സുരക്ഷിതമാക്കുന്നു. പക്ഷേ സായ് ഗ്രാം ചെയർമാൻ ആനന്ദ് കുമാറിലേക്ക് ആരോപണമുന തിരിക്കുകയാണ് അനന്തു കൃഷ്ണൻ.
കൊച്ചിയിലെ പൊന്നുരുന്നി, കത്രിക്കടവ്, കടവന്ത്ര എന്നിവിടങ്ങളിലെ തട്ടിപ്പ് സംഘടനയുടെ ഓഫീസുകളിലും പ്രതിയുടെ ഫ്ലാറ്റുകളിലും ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെ എത്തിച്ച് തെളിവെടുത്തു. അതിനിടെ പണമിടപാട് സംബന്ധിച്ച വിവരങ്ങൾ ഉള്ള അനന്തു കൃഷ്ണൻ്റെ രണ്ട് ഡയറികൾ പൊലീസ് കണ്ടെടുത്തതോടെ പകുതി വില തട്ടിപ്പിൻ്റെ വ്യാപ്തിയുടെ ഏതാണ്ട് പൂർണരൂപം ഇതാദ്യമായി പുറത്തു വന്നു. ഗൃഹോപകരണങ്ങൾ പകുതി വിലയ്ക്ക് നൽകാമെന്ന് പറഞ്ഞ് 95000 പേരിൽ നിന്നും പണം വാങ്ങി വഞ്ചിച്ചു. പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാം എന്നു പറഞ്ഞ് പണം വാങ്ങിയത് 40,000 പേരിൽ നിന്ന്. ഇതിൽ 18000 പേർക്ക് സ്കൂട്ടർ നൽകി. ആദ്യം പണം നൽകിയവർക്ക് പിന്നെ നൽകിയവരുടെ പണം കൊണ്ട് സ്കൂട്ടർ കൊടുത്തു, സ്കൂട്ടർ വിതരണത്തിൻ്റെ ചിത്രങ്ങൾ കണ്ട് വിശ്വാസമായി കൂട്ടത്തോടെ പിന്നീട് പണം നൽകിയവർ ഒന്നാകെ കബളിപ്പിക്കപ്പെട്ടു. ഇതായിരുന്നു തട്ടിപ്പിൻ്റെ രീതി.
തട്ടിപ്പ് പണം ഉപയോഗിച്ച് ഇടുക്കി ജില്ലയിൽ ബിനാമി പേരുകളിലും അനന്തു കൃഷ്ണൻ സ്ഥലം വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും ഇയാൾ ഭൂമി വാങ്ങിയതിൻ്റെ വിശദാംശങ്ങൾ നേരത്തേ പുറത്തുവന്നിരുന്നു. ഈ ആധാരങ്ങൾ ഉടൻ കസ്റ്റഡിയിലെടുത്ത് ഭൂമിയുടെ ക്രയവിക്രയ സാധ്യത പൊലീസ് മരവിപ്പിക്കും.
കണ്ണൂരിലാണ് തട്ടിപ്പ് ഏറ്റവും വലിയ രൂപത്തിൽ നടന്നത്. ജില്ലയിലാകെ ഇതുവരെ കിട്ടിയ പരാതികൾ 2800 ആയി. മയ്യിൽ സ്റ്റേഷനിൽ മാത്രം 644 പരാതികളും കണ്ണൂർ ടൗൺ സ്റ്റേഷനിൽ 487ഉം ശ്രീകണ്ഠാപുരത്ത് 220 പരാതികളും ഇതുവരെ കിട്ടി. തട്ടിപ്പിനായി രൂപീകരിച്ച സീഡ് സൊസൈറ്റികളും ഫെസിലിറ്റേറ്റിങ് ചാർജ് എന്ന പേരിൽ സ്വന്തം നിലയിൽ പണം ഇരകളിൽ നിന്ന് പണം ഈടാക്കിയതായി കണ്ടെത്തി. 100 രൂപ മുതൽ 2000 രൂപ വരെ ഇത്തരത്തിൽ വാങ്ങി. ഈ പണം അനന്തു കൃഷ്ണൻ്റെ അക്കൗണ്ടിലേക്ക് അടച്ചിട്ടില്ല.
ALSO READ: പകുതി വില തട്ടിപ്പ്: ജസ്റ്റിസ്. സി.എൻ. രാമചന്ദ്രൻ നായർക്കെതിരെ കേസ്, ജനശ്രീ മിഷൻ വഴിയും തട്ടിപ്പ്
അനന്തു കൃഷ്ണൻ്റെ തട്ടിപ്പ് സംഘടനയുടെ ഉപദേശക സമിതിയിലുണ്ടായിരുന്ന റിട്ടയേഡ് ജസ്റ്റിസ് സി.എൻ രാമചന്ദ്രന് എതിരെയും പൊലീസ് കേസെടുത്തു. പെരിന്തൽമണ്ണയിൽ രജിസ്റ്റർ ചെയ്ത കേസിൽ സി.എൻ രാമചന്ദ്രൻ മൂന്നാം പ്രതിയാണ്. ഇതിനിടെ തട്ടിപ്പിൻ്റെ മുഖ്യ ആസൂത്രകൻ സായി ഗ്രാം ചെയർമാൻ ആനന്ദ കുമാറാണെന്ന് കോൺഗ്രസ് നേതാവ് ലാലി വിൻസൻ്റ് ആരോപിച്ചു. ആനന്ദ് കുമാറിന് അനന്തു കൃഷ്ണൻ പണം നൽകിയതിന് സാക്ഷികളുണ്ട്. തനിക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നും ലാലി വിൻസൻ്റ് ആരോപിച്ചു.
വയനാട്ടിലും തിരുവന്തപുരത്തും പാലക്കാട്ടും ഇന്നലെയും ഇന്നുമായി തട്ടിപ്പിനിരയായ കൂടുതൽ പേർ പരാതികളുമായി വിവിധ പൊലീസ് സ്റ്റേഷനുകളിൽ എത്തി. വയനാട്ടിൽ അക്ഷയ കേന്ദ്രങ്ങളും തട്ടിപ്പിൽ പങ്കാളികളായി. അക്ഷയ കേന്ദ്രങ്ങൾ മുഖേനെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചാണ് രജിസ്ട്രേഷൻ നടത്തിയത്. രണ്ടായിരത്തോളം പേരാണ് തട്ടിപ്പിന് ഇവിടെ ഇരകളായത്. കോഴിക്കോട് കോൺഗ്രസ് നേതൃത്വത്തിലുള്ള ജനശ്രീ മിഷൻ വഴിയും തട്ടിപ്പ് നടന്നെന്ന് പരാതിയുണ്ട്. തിരുവനന്തപുരം കാട്ടാക്കടയിൽ തട്ടിപ്പിനിരയായ 75 പേരും പാലക്കാട് കൊല്ലങ്കോട്ട് രണ്ട് സ്ത്രീകളും പരാതികളുമായി എത്തി. രണ്ടിടത്തും അനന്തു കൃഷ്ണനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കേസുകൾ അനുദിനം കൂടി വരുകയാണെന്ന് പൊലീസ് പറഞ്ഞു.