യൂറോപ്യന്‍ രാജ്യങ്ങളിലേക്കുണ്ടായിരുന്ന നിരോധനം, നാല് വര്‍ഷത്തിനുശേഷം പിന്‍വലിക്കപ്പെട്ടശേഷമുള്ള സര്‍വീസ് ആഘോഷമാക്കിയാണ് പിഐഎ പരസ്യം നല്‍കിയത്.
വിവാദമായ പിഐഎ പരസ്യചിത്രം
പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് അടുത്തിടെ ഒരു പരസ്യം ചെയ്തു. ഈഫല്‍ ടവറിന്റെ പശ്ചാത്തലത്തില്‍ പാക് എയര്‍ലൈന്‍സിന്റെ (പിഐഎ) വിമാനം പറക്കുന്നു. പാരിസ്, വി ആര്‍ കമിങ് ടുഡേ എന്നായിരുന്നു ക്യാപ്ഷന്‍. യൂറോപ്യൻ അധികൃതര്‍ നിരോധനം നീക്കിയതിനു ശേഷം പാരീസിലേക്കുള്ള പിഐഎയുടെ ആദ്യ വിമാന സര്‍വീസ് പ്രോത്സാഹിപ്പിക്കുകയായിരുന്നു പരസ്യത്തിന്റെ ലക്ഷ്യം. പക്ഷേ, പരസ്യം സമൂഹമാധ്യമങ്ങളില്‍ കയറിക്കൊളുത്തിയത് അങ്ങനെയായിരുന്നില്ല. പിഐഎ കാണാത്തൊരു മാനം കൂടി പരസ്യചിത്രത്തിന് വന്നു. അതോടെ, പാക് എയര്‍ലൈന്‍സിന് മാപ്പും പറയേണ്ടിവന്നു.
ജനുവരി 10ന് പിഐഎയുടെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത പരസ്യചിത്രമാണ് വിവാദങ്ങള്‍ക്ക് കാരണമായത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുണ്ടായിരുന്ന നിരോധനം, നാല് വര്‍ഷത്തിനുശേഷം പിന്‍വലിക്കപ്പെട്ടശേഷമുള്ള സര്‍വീസ് ആഘോഷമാക്കിയാണ് പിഐഎ പരസ്യം നല്‍കിയത്. ഫ്രഞ്ച് പതാകയുടെ പശ്ചാത്തലത്തിൽ, ഈഫൽ ടവറിലേക്ക് പോകുന്ന ഒരു വിമാനമായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്. പക്ഷേ, പരസ്യത്തിന് സെപ്റ്റംബര്‍ 11 ആക്രമണവുമായി താരതമ്യം വന്നു. അല്‍ ഖ്വയ്ദയുടെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെ ഓര്‍മിപ്പിക്കുന്നതാണ് പരസ്യമെന്ന് വിമര്‍ശനങ്ങളുയര്‍ന്നു. 2001ല്‍ ന്യൂയോര്‍ക്കിലെ ട്വിന്‍ ടവറിലേക്ക് അല്‍ ഖ്വയ്ദ ഹൈജാക്ക് ചെയ്ത വിമാനങ്ങള്‍ ഇടിച്ചിറക്കി നടത്തിയ ആക്രമണത്തില്‍ മൂവായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ തീവ്രവാദത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച യുഎസ്, പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം 2011ല്‍ അബോട്ടാബാദില്‍ വെച്ച് അല്‍ ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ വധിക്കുകയും ചെയ്തു. ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന പാക് ഭീകരന്‍, ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഗ്വാണ്ടനാമോ ബേയില്‍ തടവിലാണ്. ട്വിന്‍ ടവറിലേക്ക് വിമാനങ്ങള്‍ പറന്നെത്തുന്നതും, കെട്ടിടങ്ങള്‍ നിലംപൊത്തുന്നതുമെല്ലാം അന്ന് തത്സമയം ലോകം കണ്ടിരുന്നു. പിഐഎ പരസ്യചിത്രം അതിനെ ഓര്‍മപ്പെടുത്തുന്നു എന്നായിരുന്നു വിമര്‍ശനങ്ങള്‍.
വിമര്‍ശനങ്ങള്‍ ഏറിയപ്പോള്‍, മറുപടിയുമായി പിഐഎ രംഗത്തെത്തി. വളരെ പോസിറ്റീവായി ചെയ്തൊരു പരസ്യം തെറ്റായ അര്‍ത്ഥത്തില്‍ പ്രചരിക്കുകയാണെന്നായിരുന്നു പിഐഎയുടെ പ്രതികരണം. തെറ്റായ വിചാരങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും അത് തിരികൊളുത്തി, അതില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും പിഐഎ വക്താവ് അബ്ദുള്ള ഖാനെ ഉദ്ധരിച്ച് എഎഫ്‍പി റിപ്പോര്‍ട്ട് ചെയ്യുന്നു. പരസ്യത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉത്തരവിട്ടിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ സെനറ്റ് യോഗത്തില്‍ വ്യക്തമാക്കി. വിഡ്ഢിത്തം നിറഞ്ഞതാണ് പരസ്യമെന്ന് ഇഷാഖ് ദാര്‍ അഭിപ്രായപ്പെട്ടു. ഈഫല്‍ ടവറിനടുത്തേക്ക് വിമാനം പറക്കുന്നതായി കാണിച്ചിരിക്കുന്നത് മണ്ടത്തരമാണ്. വിമാനം ടവറിനു മുകളിലായോ, മറ്റൊരു ദിശയിലോ പറക്കുന്നതായി കാണിച്ചിരുന്നെങ്കില്‍ ഡിസൈന്‍ മികച്ചതാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാര്യമിങ്ങനെയൊക്കെയാണെങ്കിലും, പാരീസിലേക്കുള്ള പിഐഎ വിമാനം ജനുവരി 10ന് ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലെത്തി. സുരക്ഷാ നിരോധനങ്ങള്‍ നീക്കിയശേഷമുള്ള പാരീസ് സര്‍വീസ് ഹിറ്റാണെന്നാണ് പിഐഎയുടെ വാദം. ടി.വി., റേഡിയോ, പത്രം എന്നിവിടങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. അതെല്ലാം വളരെ ശ്രദ്ധിക്കപ്പെട്ടു. പത്രത്തിലെ പരസ്യമാണ് വിവാദമായത്. മൂന്ന് കോടിയിലധികം ആളുകള്‍ പരസ്യം കണ്ടു. എട്ട് ലക്ഷത്തോളം ആളുകള്‍ അതിനോട് പ്രതികരിച്ചു. അതില്‍ പത്ത് ശതമാനം മാത്രമാണ് അതിനെ വിവാദമാക്കിയത്. ഒരിക്കലും ഉദ്ദേശിക്കാത്തൊരു അര്‍ത്ഥമാണ് അവര്‍ പരസ്യത്തില്‍ കണ്ടതെന്നും പിഐഎ വക്താവ് പ്രതികരിച്ചു.
2020ല്‍, പിഐഎയുടെ എയര്‍ബസ് എ320 വിമാനങ്ങളിലൊന്ന് കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം 107 പേരുമായി തകര്‍ന്നുവീണിരുന്നു. ഇറങ്ങാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെയുണ്ടായ അപകടത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. പൈലറ്റുമാരുടെ പിഴവും, എയര്‍ ട്രാഫിക്ക് നിയന്ത്രണത്തില്‍ സംഭവിച്ച പാകപ്പിഴയുമായിരുന്നു അപകടകാരണം. അപകടം നടന്ന് ഒരു മാസത്തിനുശേഷമാണ്, യൂറോപ്യന്‍ യൂണിയന്‍, യു.കെ., യു.എസ്. എന്നിവിടങ്ങളിലേക്കുള്ള പിഐഎ സര്‍വീസിന് നിരോധനം വരുന്നത്. ഇക്കഴിഞ്ഞ നവംബറില്‍, യൂറോപ്യന്‍ യൂണിയന്‍ ഏവിയേഷന്‍ സേഫ്റ്റി ഏജന്‍സി യൂറോപ്യന്‍ സര്‍വീസുകള്‍ക്കുള്ള നിരോധനം പിന്‍വലിച്ചു. അതേസമയം, യു.എസും യു.കെയും വിലക്ക് നീക്കിയിട്ടില്ല.
ആദ്യമായല്ല പിഐഎ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ തലക്കെട്ട് സൃഷ്ടിക്കുന്നത്. 2019ല്‍, കാബിന്‍ ക്രൂവിനോട് ഭാരം കുറയ്ക്കണമെന്ന് ഉത്തരവിട്ടത് ഏറെ വിവാദമായിരുന്നു. ആറ് മാസത്തിനുള്ളില്‍ അനുവദിക്കപ്പെട്ട ശരീരഭാരത്തിലേക്ക് മെലിഞ്ഞില്ലെങ്കില്‍ ജോലിയില്‍ നിന്നൊഴിവാക്കുമെന്ന് ചൂണ്ടിക്കാട്ടി 1800ഓളം ജീവനക്കാര്‍ക്കാണ് അന്ന് പിഐഎ മെമോ നല്‍കിയത്. 2020ല്‍, വ്യാജ ലൈസന്‍സുമായി വിമാനം പറത്തിയിരുന്ന പൈലറ്റുമാരെ കമ്പനി പുറത്താക്കിയിരുന്നു. രാജ്യത്ത് നൂറുകണക്കിന് പൈലറ്റുമാര്‍ക്ക് വിമാനം പറത്താനുള്ള യോഗ്യതയില്ലെന്നും, വ്യാജ ലൈസന്‍സ് സ്വന്തമാക്കിയവരാണെന്നും സര്‍ക്കാര്‍ അന്വേഷണത്തില്‍ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു പിഐഎയുടെ നടപടി.