2024ൽ മെസ്സിയുടെയും അർജൻ്റീനയുടെയും അവസാന അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പെറുവിനെ തോൽപ്പിച്ച് വിജയവഴിയിൽ തിരിച്ചെത്തി ലോക ചാംപ്യന്മാരായ അർജൻ്റീന. ലൗട്ടാരോ മാർട്ടിനസ് നേടിയ ഏക ഗോളിൻ്റെ കരുത്തിലാണ് അർജൻ്റീനയുടെ വിജയം. 2024ൽ മെസ്സിയുടെയും അർജൻ്റീനയുടെയും അവസാന അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്.
രണ്ടാം പകുതിയുടെ 55ാം മിനിറ്റിലാണ് ഇതിഹാസ താരം ലയണൽ മെസ്സിയുടെ പാസിൽ നിന്നും മാർട്ടിനസ് ബൈസിക്കിൾ കിക്കിലൂടെ ഗോൾ നേടിയത്. അർജൻ്റീനയ്ക്ക് വേണ്ടി മാർട്ടിനസ് നേടുന്ന 32ാമത്തെ ഗോളായിരുന്നു ഇത്.
ഇതോടെ അർജൻ്റീനയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും ലൗട്ടാരോ മാർട്ടിനസിനായി. ഗോൾവേട്ടയിൽ നീലപ്പടയുടെ മുൻ ഇതിഹാസ താരം ഡീഗോ മറഡോണയ്ക്കൊപ്പമെത്താനും (32) മാർട്ടിനസിനായി. 41 ഗോളുകൾ നേടിയ സെർജിയോ അഗ്യൂറോ, 55 ഗോളുകൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട, മെസ്സി (112) എന്നിവരാണ് ഇനി മാർട്ടിനസിന് മുന്നിലുള്ളത്.
അർജൻ്റീനയുടെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർമാർ
1. ലയണൽ മെസ്സി (112)
2. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട (55)
3. സെർജിയോ അഗ്യൂറോ (41)
4. ഹെർനൻ ക്രെസ്‌പോ (35)
5. മറഡോണ/ ലൗട്ടാരോ മാർട്ടിനസ് (32)
അതേസമയം, ഒരു തളികയിലെന്ന പോലെ മെസ്സി നൽകിയ അസിസ്റ്റാണ് മത്സരത്തിൻ്റെ വിധി നിർണയിച്ച ഗോളിലേക്ക് നയിച്ചത്. ഈ അസിസ്റ്റോടെ അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവുമധികം അസിസ്റ്റുകൾ നൽകിയ താരമെന്ന ലോക റെക്കോർഡിനൊപ്പവും മെസ്സിയെത്തി. അമേരിക്കൻ ഇതിഹാസ താരം ലാൻഡൻ ഡോണോവൻ്റെ 58 അസിസ്റ്റുകളെന്ന ലോക റെക്കോർഡിനൊപ്പമാണ് മെസ്സി എത്തിയിരിക്കുന്നത്.
ALSO READ: മെസിപ്പട കേരളത്തിലെത്തും, 2025ൽ കൊച്ചിയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ചേക്കും
മത്സരത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ കാണാം...