തെരഞ്ഞെടുപ്പിൽ 89 സീറ്റുകളിൽ മത്സരിച്ച എഎപിക്ക് ഒരു മണ്ഡലത്തിലും അക്കൗണ്ട് തുറക്കാൻ സാധിച്ചിരുന്നില്ല
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന് പിന്നാലെ പ്രതികരണവുമായി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. ഒരിക്കലും അമിത ആത്മവിശ്വാസം പാടില്ലെന്നതാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പ് നൽകിയ ഏറ്റവും വലിയ പാഠമെന്ന് കെജ്‌രിവാൾ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ 89 സീറ്റുകളിൽ മത്സരിച്ച എഎപിക്ക് ഒരു മണ്ഡലത്തിലും അക്കൗണ്ട് തുറക്കാൻ സാധിച്ചിരുന്നില്ല. അതേസമയം എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തിരുത്തിക്കുറിച്ച് 90ൽ 49 സീറ്റുകളിലും ബിജെപി മുന്നേറ്റം തുടരുകയാണ്.
"ഹരിയാന തെരഞ്ഞെടുപ്പ് ഫലമെന്താകുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. തെരഞ്ഞെടുപ്പിൽ ഒരിക്കലും അമിത ആത്മവിശ്വാസം പാടില്ലെന്നതാണ് ഹരിയാന നൽകിയ ഏറ്റവും വലിയ പാഠം," എഎപി ഡൽഹി മുൻസിപ്പൽ കൗൺസിലർമാരുടെ യോഗത്തിൽ കെജ്‌രിവാൾ അഭിപ്രായപ്പെട്ടു.
ALSO READ: Election Results 2024: ജമ്മു കശ്‌മീരിൽ ഇന്ത്യ മുന്നണിയുടെ കുതിപ്പ്; ഹരിയാനയിൽ 'ഹാട്രിക്' അടിക്കാൻ ബിജെപി
ആദ്യ ട്രെൻഡുകൾ പുറത്ത് വന്നപ്പോൾ തന്നെ ആഘോഷപ്രകടനം ആരംഭിച്ച കോൺഗ്രസിന് നേരെയാണ് കെജ്‌രിവാളിൻ്റെ പ്രസ്താവനയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ദേശീയ തലത്തിൽ എഎപിയുടെ ഇന്ത്യൻ സഖ്യകക്ഷിയായ കോൺഗ്രസ് ആദ്യ മണിക്കൂറിൽ ഒന്നാമതെത്തിയെങ്കിലും പിന്നാലെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്നാൽ എഎപി സ്ഥാനാർഥികളാവട്ടെ മത്സരിച്ച എല്ലാ സീറ്റുകളിലും പിന്നിലായിരുന്നു.
ആം ആദ്മി പാർട്ടിയുടെ പിന്തുണയില്ലാതെ സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി ഹരിയാനയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. "ഒരു തെരഞ്ഞെടുപ്പും നിസാരമായി കാണരുത്. ഓരോ തെരഞ്ഞെടുപ്പും, ഓരോ സീറ്റുകളും കഠിനമാണ്," കെജ്‌രിവാൾ ഉപദേശിച്ചു.
ALSO READ: വിനേഷ് ഫോഗട്ടിനെ ജുലാന 'കൈ'വിട്ടില്ല, അരങ്ങേറ്റത്തിൽ ഉജ്ജ്വല വിജയം
അതേസമയം, ഒരു ദശാബ്ദത്തിന് ശേഷം തെരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരിൽ എഎപിക്ക് അപ്രതീക്ഷിത വിജയം നേടാനായി. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എഎപിക്ക് ആദ്യമായി തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ച പാർട്ടിയുടെ മെഹ്‌രാജ് മാലിക് തന്നെയാണ് ഇന്ന് കശ്മീരിലെ ദോഡ സീറ്റ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്തത്.