ആശാ ഹെൽത്ത് വർക്കേഴ്സിന്റെ രാപ്പകൽ സമരം 71-ാം ദിവസത്തിലേക്കും നിരാഹാര സമരം 32-ാം ദിവസത്തിലേക്കും കടക്കുമ്പോഴാണ് പ്രതിഷേധം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്
നാലാം ഘട്ട സമര പ്രഖ്യാപനവുമായി കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ ആശമാർ സമര യാത്ര നടത്തും. മെയ് ഒന്നിന്, തൊഴിലാളി ദിനത്തിലാകും സമര യാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. വിവിധ ജില്ലകളിലൂടെ കടന്നുപോയി യാത്ര ജൂൺ 17ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
ആശാ ഹെൽത്ത് വർക്കേഴ്സിന്റെ രാപ്പകൽ സമരം 71-ാം ദിവസത്തിലേക്കും നിരാഹാര സമരം 32-ാം കടക്കുമ്പോഴാണ് പ്രതിഷേധം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദുവായിരിക്കും സമരയാത്രയുടെ ക്യാപ്റ്റൻ. യാത്ര നടക്കുമ്പോൾ തന്നെ രാപ്പകൽ സമരവും നിരാഹാര സമരവും തുടരും.
ഫെബ്രുവരി 10ന് തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ആശാ പ്രവർത്തകരുടെ സമരത്തിന്റെ മൂന്നാം ഘട്ടമായാണ് നിരാഹാരസമരം ആരംഭിച്ചത്. മാർച്ച് 20 രാവിലെ 11 മുതലാണ് ആശാ പ്രവർത്തകർ നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന്റെ ആദ്യ ഘട്ടമായിരുന്നു സെക്രട്ടേറിയേറ്റിന് മുന്നിലെ അനിശ്ചിത കാല സമരം. അടുത്ത ഘട്ടമായിട്ടായിരുന്നു സെക്രട്ടറിയേറ്റ് ഉപരോധം. ഇതിനു ശേഷം എൻഎച്ച്എം ഡയറക്ടർ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരുമായുള്ള ചർച്ചകൾ നടന്നെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് ആശമാർ സമരം ശക്തമാക്കിയത്. ഓണറേറിയം 21,000 ആയി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ആശമാർ മുന്നോട്ട് വയ്ക്കുന്നത്.
മുടി മുറിച്ചു, തല മുണ്ഡനം ചെയ്തും ആശമാർ പ്രതിഷേധമറിയിച്ചിരുന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം അൻപതാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് മുടി മുറിക്കൽ പ്രതിഷേധത്തിലേക്ക് കടന്നത്. ഇതിനു പിന്നാലെയാണ് 71-ാം ദിവസത്തെ നാലാം ഘട്ട സമരപ്രഖ്യാപനം.