fbwpx
ലോക മനസാക്ഷിയുടെ ശബ്ദം; അധികാരത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റാന്‍ ശ്രമിച്ച വിപ്ലവകാരിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ: ഫാ. പോള്‍ തേലക്കാട്ട്
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Apr, 2025 06:16 PM

'ഇസ്ലാം മതവുമായി നല്ല ബന്ധമുണ്ടാക്കാന്‍ ബോധപൂര്‍വ്വം നിരന്തരമായി 12 വര്‍ഷത്തിനിടെ 14 അറേബ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയുള്ള എല്ലാ മുസ്ലീങ്ങളുമായും നല്ല ബന്ധമുണ്ടാക്കുകയും ചെയ്തു'

KERALA



കത്തോലിക്ക സഭയ്ക്ക് മാത്രമല്ല, ലോകത്തിന്റെ മനസാക്ഷിക്ക് തന്നെ ശബ്ദമായിരുന്ന മാര്‍പാപ്പയാണ് കാലം ചെയ്തതെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്. സങ്കടകരവും ദുഃഖവും ഉണ്ടാക്കുന്ന നിര്യാണമാണ് മാര്‍പാപ്പയുടേത്. 12 വര്‍ഷമാണ് മാര്‍പാപ്പ സഭയെ നയിച്ചത്. ഈ കാലഘട്ടത്തിലുടനീളം ലോകത്തില്‍ സമാധാനമുണ്ടാക്കുന്നതിനു വേണ്ടിയും സമത്വവും അസ്ഥിത്വവും മഹത്വവും പ്രചരിപ്പിക്കുന്നതിന് വേണ്ടി പാവങ്ങളുടെ ശബ്ദമായി മാറി, പീഡിതരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ശബ്ദമായി മാറിയ മാര്‍പാപ്പയായിരുന്നു കാലം ചെയ്തതെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.

എല്ലാ മതങ്ങളും എല്ലാ സംസ്‌കാരങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കുവാനായി ബോധപൂര്‍വ്വം ശ്രമിച്ച മാര്‍പാപ്പയാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് മതങ്ങളാണ്, ക്രിസ്തുമതവും ഇസ്ലാം മതവും. ഇസ്ലാം മതവുമായി നല്ല ബന്ധമുണ്ടാക്കാന്‍ ബോധപൂര്‍വ്വം നിരന്തരമായി 12 വര്‍ഷത്തിനിടെ 14 അറേബ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെയുള്ള എല്ലാ മുസ്ലീങ്ങളുമായും നല്ല ബന്ധമുണ്ടാക്കുകയും ചെയ്തു.


ALSO READ: ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു


ലോകത്തിന്റെ സമാധാനത്തിനും നല്ല മുന്നോട്ട് പോക്കിനും മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദവും പ്രധാനമാണെന്ന് കരുതിയ ഒരു മാര്‍പാപ്പയായിരുന്നു ഫ്രാന്‍സിസ്. അദ്ദേഹം യൂറോപ്പില്‍ നിന്നുള്ള മാര്‍പാപ്പയല്ലെന്നുള്ളതായിരുന്നു പ്രത്യേകത. ഫ്രാന്‍സിസ് എന്ന് പേര് സ്വീകരിക്കുന്ന ലോകത്തിലെ തന്നെ ആദ്യമായ മാര്‍പാപ്പയാണ് എന്നതാണ്.

അധികാരത്തെ അഴിച്ചു പണിയുന്നതിന്, സിനഡാരിറ്റി എന്ന പദം കൊണ്ട് മാര്‍പാപ്പ കാണിച്ച ദീര്‍ഘ വീക്ഷണവും കത്തോലിക്കാ സഭയ്ക്കകത്തുള്ള അധികാരത്തിന്റെ കാഴ്ചപ്പാടുകളെ പരിപൂര്‍ണമായി മാറ്റി മറിക്കാന്‍ ശ്രമിച്ച വിപ്ലവകാരിയെന്ന് പറയാവുന്ന ഒരു മാര്‍പാപ്പയാണ് നമ്മില്‍ നിന്നും അകന്നു പോയത്. കാലാകാലങ്ങളില്‍ വന്ന മാര്‍പാപ്പമാര്‍ ലോകത്തിന്റെ മനഃസാക്ഷിയായി പ്രവര്‍ത്തിക്കുന്നു എന്നത് തന്നെ ഒരു അത്ഭുതകരമായ അനുഭവമാണ്. ആ അര്‍ഥത്തില്‍ ലോകത്തെ എല്ലാ മനുഷ്യരെയും ആശ്ലേഷിച്ച മാര്‍പാപ്പയാണ് കടന്നു പോയത്. അതിലുള്ള ദുഃഖവും വേദനയും അറിയിക്കുന്നുവെന്നും ഫാദര്‍ പോള്‍ തേലക്കാട്ട് പറഞ്ഞു.


കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ


മാർപാപ്പയുടേത് അപ്രതീക്ഷിത വിടവാങ്ങലെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ. മാർപാപ്പ വിടവാങ്ങി എന്ന വാർത്ത കേട്ടത് ഏറെ ഞെട്ടലോടെയാണ്.  കുറേക്കാലം കൂടി അദ്ദേഹം നമ്മളോടൊപ്പം ഉണ്ടാകും എന്ന് കരുതിയിരിക്കുമ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തുവരുന്നത്.  തനിക്ക് വ്യക്തിപരമായി തന്നെ ഏറെ സങ്കടവും ദുഃഖവും ഉണ്ടെന്നും ഫാ. വർഗീസ് ചക്കാലക്കൽ പറഞ്ഞു

തന്നെ മഹത്തായ സ്ഥാനം നൽകി ആദരിച്ചത് ഫ്രാൻസിസ് മാർപാപ്പയാണ്.  അദ്ദേഹത്തിന്‍റെ വിടവാങ്ങലിൽ താൻ പ്രാർത്ഥന അർപ്പിക്കുന്നു. ചരിത്രത്തിൽ വെളിച്ചം ആയിരുന്നു അദ്ദേഹം ഇരുട്ടുള്ള സ്ഥലങ്ങളിൽ കടന്നുചെന്ന് വെളിച്ചം പകരാൻ മാർപാപ്പയ്ക്ക് സാധിച്ചു. അദ്ദേഹം യുദ്ധത്തിനെതിരെ സംസാരിച്ചുവെന്നും വർഗീസ് ചക്കാലക്കൽ പ്രതികരിച്ചു. 


വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പില്‍



മാര്‍പ്പാപയുടെ വിയോഗത്തില്‍ അതിയായ ദുഃഖം. രേഖപ്പെടുത്തുന്നു. അഞ്ച് വര്‍ഷക്കാലം മാര്‍പ്പാപ്പക്ക് ഒപ്പം കഴിയാന്‍ സാധിച്ചു. സെന്റ്. മാര്‍ത്തയില്‍ ഒരുമിച്ചു ഉണ്ടായിരുന്നു. സെപ്തംബറില്‍ ഞാന്‍ അദ്ദേഹത്തെ കണ്ടു. ദിവ്യബലിക്ക് ശേഷം ചാപ്പലില്‍ നിന്ന് മാര്‍പാപ്പ തന്നോട് സംസാരിച്ചുവെന്നും വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോക്ടര്‍ ജോസഫ് കളത്തിപ്പറമ്പില്‍ ഓര്‍മിച്ചു.

തന്റെ അമ്മയ്ക്ക് വേണ്ടി അദ്ദേഹം പ്രാര്‍ഥിച്ചു. അദ്ദേഹത്തോടൊപ്പം ഒന്നിച്ച് പ്രഭാതഭക്ഷണം കഴിച്ചു. പിന്നീട് പല തവണ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം ജനകീയനായിരുന്നു. അദ്ദേഹം നമ്മളോടൊപ്പം എന്നും ഉണ്ടാകും. ആരോഗ്യ പരമായ കാരണങ്ങള്‍ കൊണ്ട് സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ റോമിലേക്ക് പോകാന്‍ കഴിയില്ലെന്നും ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു.


താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയല്‍


സഭയിലെ മൂല്യച്യുതികളെ വേരോടെ ഇല്ലാതാക്കിയ വ്യക്തിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു. കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ മതിലുകള്‍ തീര്‍ത്തവര്‍ക്കെതിരെ പ്രവര്‍ത്തിച്ചു. ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിച്ചെങ്കിലും ആ വാതിലുകള്‍ തുറന്നില്ല. ലോകം മൂന്നാമത് ഒരു യുദ്ധത്തിലേക്ക് പോകുമെന്ന് അറിഞ്ഞതോടെ ഇടപെട്ടുവെന്നും അദ്ദേഹം പറഞ്ഞു.



ALSO READ: അർജൻ്റീനയില്‍ പട്ടാള ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായ വികാരി; പുരോഗമന വഴികളില്‍ സഞ്ചരിച്ച മാർപാപ്പ


മാര്‍ ജോസ് പുളിക്കല്‍, കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ്


മാര്‍പാപ്പയുടെ ദര്‍ശനങ്ങള്‍ സഭയെ സുവിശേഷ അടിസ്ഥാനത്തില്‍ മുന്നോട്ടു നയിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. പാവപ്പെട്ടവരുടെയും വേദനിക്കുന്നവരുടെയും സഭയാക്കി കത്തോലിക്കാ സഭയെ മാറ്റിയെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.

മാര്‍പാപ്പയുടെ പ്രബോധനങ്ങളും കാഴ്ചപ്പാടുകളും ലോക നേതാക്കള്‍ക്ക് വരെ പ്രചോദനമായി. കഴിഞ്ഞ കാലഘട്ടത്തിലെ പ്രവാചക സാന്നിധ്യമായിരുന്നു മാര്‍പാപ്പ. ദൗത്യങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് മാര്‍പാപ്പ മടങ്ങിയത്. അദ്ദേഹത്തിന്റെ വിയോഗം തീരാദുഃഖമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.


WORLD
ആ വാക്കുകള്‍ ഉള്ളില്‍ തട്ടി; ഹോർഹേ മാരിയോ ബെ‍ർ​ഗോളിയോ ഫ്രാന്‍സിസ് മാര്‍പാപ്പയായി
Also Read
user
Share This

Popular

WORLD
KERALA
WORLD
"അദ്ദേഹം അന്ത്യയാത്രയ്ക്കുള്ള ഒരുക്കത്തിലാണെന്ന് തോന്നി"; മാർപാപ്പയുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ച് വാൻസ്