fbwpx
അവസാന സന്ദേശത്തിലും ഫ്രാന്‍സിസ് മാർപാപ്പ പറഞ്ഞു; "വെടിനിർത്തുക, യുദ്ധം അവസാനിപ്പിക്കുക, വിശക്കുന്നവരെ സഹായിക്കുക"
logo

ന്യൂസ് ഡെസ്ക്

Last Updated : 21 Apr, 2025 06:16 PM

മനുഷ്യനുള്ളിലെ സ്നേഹത്തിൽ അചഞ്ചലമായ വിശ്വാസംവെച്ചു പുലർത്തിയ ഒരു മനുഷ്യനെയാണ് കഴിഞ്ഞ 12 വർഷക്കാലയളവിൽ കത്തോലിക്കാ സഭയുടെ മാഹായിടയനായി ലോകം കണ്ടത്

WORLD


അവസാനമായി പൊതുവേദിയിൽ എത്തിയപ്പോഴും ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചത് സമാധാനത്തെപ്പറ്റിയാണ്. മരിക്കുന്നതിന് തലേദിവസം, ഈസ്റ്റർ ഉർബി എറ്റ് ഓർബി അനുഗ്രഹ വേളയിൽ, പോപ്പിന്റെ വാക്കുകൾ വർഷങ്ങളായി അദ്ദേഹം വിശ്വാസ സമൂഹത്തോട് നടത്തിയ എണ്ണമറ്റ അഭ്യർഥനകളുടെ പ്രതിധ്വനിയായിരുന്നു. സംസാരിക്കാൻ പ്രയാസപ്പെട്ടപ്പോഴും സെന്റ് പീറ്റേഴ്സ് ചത്വരവും കടന്ന് യുദ്ധ മുഖങ്ങളിൽ അദ്ദേഹത്തിന്റെ വാക്കുകൾ ചെന്നു തറച്ചു. ആയുധങ്ങൾ താഴെവയ്ക്കുക. സമാധാനം, സമാധാനം, സമാധാനം.


Also Read: ഫ്രാന്‍സിസ് മാർപാപ്പ; വൈവിധ്യങ്ങളുടെ രാഷ്ട്രീയം സംസാരിച്ച പോപ്പ്


മനുഷ്യനുള്ളിലെ സ്നേഹത്തിൽ അചഞ്ചലമായ വിശ്വാസംവെച്ചു പുലർത്തിയ ഒരു മനുഷ്യനെയാണ് കഴിഞ്ഞ 12 വർഷക്കാലയളവിൽ കത്തോലിക്കാ സഭയുടെ മാഹായിടയനായി ലോകം കണ്ടത്. മാർച്ച് 2021 ൽ ഫ്രാൻസിസ് മാർപാപ്പ ഇറാഖിൽ കാലുകുത്തുമ്പോൾ അത് പുതുചരിത്രമായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ഇറാഖ് സന്ദർശിച്ചത്. ആ സന്ദർശനത്തിലൂടെ എല്ലാവരും ഒന്നാണ് എന്ന സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. ​ഗാസയിൽ നയതന്ത്രത്തിലൂടെ വെടിനിർത്തൽ സാധ്യമാക്കണമെന്ന് പറയുമ്പോഴും സമാധാനത്തിന്റെ രാഷ്ട്രീയമാണ് ആ സ്നേഹദൂതൻ സംസാരിച്ചത്.



ഫ്രാൻസിസ് മാർപാപ്പയുടെ ഈസ്റ്റർ സന്ദേശം:


തിന്മകളെ ജയിക്കുന്ന സ്നേഹം

സ്നേഹം വിദ്വേഷത്തെ ജയിച്ചു. വെളിച്ചം ഇരുട്ടിനെ കീഴടക്കിയിരിക്കുന്നു. സത്യം നുണയുടെ മേൽ വിജയം വരിച്ചു. പ്രതികാരത്തിനു മേൽ ക്ഷമ ജയിച്ചു. നമ്മുടെ ചരിത്രത്തിൽ നിന്ന് തിന്മ അപ്രത്യക്ഷമായിട്ടില്ല, അത് അവസാനം വരെ ഉണ്ടായിരിക്കും, എന്നാൽ അതിന് ഇനിമേൽ ആധിപത്യമില്ല, ഈ ദിവസത്തിന്റെ കൃപ സ്വീകരിക്കുന്നവന്റെ മേൽ അതിന് ഇനി അധികാരമില്ല.

സഹോദരീ സഹോദരന്മാരേ, വിശിഷ്യാ വേദനയിലും ദുഃഖത്തിലും കഴിയുന്നവരേ, നിങ്ങളുടെ നിശബ്ദ നിലവിളി ശ്രവിക്കപ്പെട്ടിരിക്കുന്നു, നിങ്ങളുടെ അശ്രു കണങ്ങൾ ശേഖരിക്കപ്പെട്ടിരിക്കുന്നു, ഒന്നുപോലും നഷ്ടപ്പെട്ടുപോയിട്ടില്ല! യേശുവിന്റെ പീഡാസഹന മരണങ്ങളിൽ, ദൈവം ലോകത്തിലെ എല്ലാ തിന്മകളും സ്വയം ഏറ്റെടുക്കുകയും തന്റെ അനന്തമായ കാരുണ്യത്താൽ അവയെ തോല്പിക്കുകയും ചെയ്തു: മനുഷ്യന്റെ ഹൃദയത്തെ വിഷലിപ്തമാക്കുകയും സർവത്ര അക്രമവും അഴിമതിയും വിതയ്ക്കുകയും ചെയ്യുന്ന പൈശാചിക അഹങ്കാരത്തെ അവൻ ഉന്മൂലനം ചെയ്തു. ദൈവത്തിന്റെ കുഞ്ഞാട് വിജയം വരിച്ചിരിക്കുന്നു! അതുകൊണ്ടാണ് ഇന്ന് നമ്മൾ ഇങ്ങനെ ഉദ്ഘോഷിക്കുന്നത്: "എന്റെ പ്രത്യാശയായ ക്രിസ്തു ഉയിർത്തെഴുന്നേറ്റു!" (ഉയിർപ്പുതിരുന്നാൾ അനുക്രമം).

ഉത്ഥാനം പ്രത്യാശയുടെ അടിത്തറ

അതെ, യേശുവിന്റെ പുനരുത്ഥാനമാണ് പ്രത്യാശയുടെ അടിത്തറ: ഈ സംഭവത്തിൽ നിന്നു തുടങ്ങി, പ്രത്യാശ ഇനി ഒരു മിഥ്യയല്ല. ഇല്ല. പ്രത്യാശ നിരാശപ്പെടുത്തില്ല! ക്രൂശിക്കപ്പെട്ടവനും ഉയിർത്തെഴുന്നേറ്റവനുമായ ക്രിസ്തുവിന് നന്ദി. പ്രത്യാശ നിരാശപ്പെടുത്തില്ല! (റോമർ 5:5 കാണുക). അത് ഒഴിഞ്ഞുമാറുന്ന ഒരു പ്രത്യാശയല്ല, മറിച്ച് വെല്ലുവിളിക്കുന്ന ഒന്നാണ്; അത് പിന്തിരിപ്പിക്കുന്നതല്ല, മറിച്ച് ശാക്തീകരിക്കുന്നതാണ്.

ദൈവത്തിൽ പ്രത്യാശിക്കുന്നവർ തങ്ങളുടെ ദുർബലമായ കൈകൾ അവന്റെ വലുതും ശക്തവുമായ കരങ്ങളിൽ സമർപ്പിക്കുന്നു, അവർ വീണ്ടും എഴുന്നേല്‍ക്കുകയും യാത്ര ആരംഭിക്കുകയും ചെയ്യുന്നു: ഉത്ഥിതനായ യേശുവിനോടൊപ്പം അവർ പ്രത്യാശയുടെ തീർത്ഥാടകരായി മാറുന്നു, സ്നേഹത്തിന്റെ വിജയത്തിന്റെയും ജീവന്റെ നിരായുധീകൃത ശക്തിയുടെയും സാക്ഷികളായി മാറുന്നു.

മനുഷ്യകുലം ഉയിർത്തെഴുന്നേല്ക്കണം

ക്രിസ്തു ഉയിർത്തെഴുന്നേറ്റു! മരണത്തിനു വേണ്ടിയല്ല, പ്രത്യുത, ജീവനു വേണ്ടി സൃഷ്ടിക്കപ്പെട്ട നമ്മുടെ അസ്തിത്വത്തിന്റെ മുഴുവൻ അർത്ഥവും ഈ പ്രഖ്യാപനത്തിൽ അടങ്ങിയിരിക്കുന്നു. ഉയിർപ്പുതിരുന്നാൾ ജീവന്റെ ആഘോഷമാണ്! ദൈവം നമ്മെ ജീവനു വേണ്ടി സൃഷ്ടിച്ചിരിക്കുന്നു, മാനവകുലം ഉയിർത്തെഴുന്നേൽക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു! അവന്റെ കണ്ണിൽ ഓരോ ജീവനും വിലപ്പെട്ടതാണ്! സ്വന്തം അമ്മയുടെ ഉദരത്തിലുള്ള കുഞ്ഞിന്റെയും അതുപോലെ തന്നെ പ്രായമായവരുടെയും രോഗികളുടെയും. അവരെല്ലാം ഉപേക്ഷിക്കപ്പെടേണ്ട ആളുകളായി കണക്കാക്കുന്ന നാടുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്.

ജീവനെ ഉന്മൂലനം ചെയ്യാനുള്ള വ്യഗ്രത

ജീവൻ ഇല്ലാതാക്കാനുള്ള താല്പര്യം എത്രമാത്രമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന നിരവധി സംഘർഷങ്ങളിൽ നാം ദിവസവും കാണുന്നത്! കുടുംബങ്ങളിലും സ്ത്രീകൾക്കോ ​​കുട്ടികൾക്കോ ​​എതിരെയും എത്രമാത്രം അക്രമങ്ങളാണ് നാം പലപ്പോഴും കാണുന്നത്! ഏറ്റവും ദുർബലരായവരോടും, പാർശ്വവത്കൃതരോടും കുടിയേറ്റക്കാരോടും ചിലപ്പോൾ എത്രമാത്രം അവജ്ഞയാണ് കാട്ടുന്നത്!

ഈ ദിവസം, നാം വീണ്ടും പ്രത്യാശയുള്ളവരാകുകയും, നമ്മുടെ സമീപത്തല്ലാത്തവരോ, അല്ലെങ്കില്‍, നമുക്ക് ഏറ്റവും പരിചിതമായതില്‍ നിന്ന് വ്യത്യസ്ത ആചാരങ്ങളോടും ജീവിതരീതികളോടും ആശയങ്ങളോടും ശീലങ്ങളോടും കൂടി വിദൂരദേശത്തുനിന്നെത്തിയവരോ ഉൾപ്പടെയുള്ള മറ്റുള്ളവരിൽ, വിശ്വാസം അർപ്പിക്കുന്നവരാകുകയും ചെയ്തിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, എന്തെന്നാൽ നാമെല്ലാവരും ദൈവത്തിന്റെ മക്കളാണ്!


Also Read: ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു


മദ്ധ്യപൂർവദേശത്ത് സമാധാന കിരണങ്ങൾ പടരട്ടെ

സമാധാനം സാധ്യമാകുമെന്ന പ്രതീക്ഷയിലേക്ക് നമുക്ക് തിരികെ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു! ഈ വർഷം കത്തോലിക്കരും ഓർത്തഡോക്സുകാരും ഒരേ ദിവസം ഉയിർപ്പുതിരുന്നാൾ ആഘോഷിക്കുന്ന പുനരുത്ഥാന ദേവാലയമായ തിരുക്കല്ലറയിൽ നിന്ന് സമാധാനത്തിന്റെ പ്രകാശകിരണങ്ങൾ വിശുദ്ധ നാട്ടിലാകമാനവും ലോകം മുഴുവനിലും പരക്കട്ടെ. പലസ്തീനിലും ഇസ്രായേലിലും യാതനകളനുഭവിക്കുന്ന ക്രിസ്ത്യാനികളുടെയും, അതുപോലെ തന്നെ എല്ലാ ഇസ്രായേൽക്കാരുടെയും എല്ലാ പലസ്തീൻ ജനതയുടെയും ചാരെ ഞാനുണ്ട്. ലോകമെമ്പാടും യഹൂദവിരുദ്ധാന്തരീക്ഷം വർദ്ധിച്ചുവരുന്നതും അത് വ്യാപകമായിക്കൊണ്ടിരിക്കുന്നതും ആശങ്കയുളവാക്കുന്നു. ഒപ്പം, എന്റെ ചിന്തകൾ ഗാസയിലെ ജനങ്ങളിലേക്കും, പ്രത്യേകിച്ച് ക്രൈസ്തവ സമൂഹത്തിലേക്കും പായുന്നു. അവിടെ ഭയാനകമായ സംഘർഷം മരണവും നാശവും വിതയ്ക്കുന്നതും തുടരുകയും നാടകീയവും നിന്ദ്യവുമായ ഒരു മാനവികസാഹചര്യത്തിന് കാരണമാകുകയും ചെയ്യുന്നു. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന കക്ഷികളോട് ഞാൻ അഭ്യർത്ഥിക്കുന്നു: വെടിനിർത്തുക, ബന്ദികളെ മോചിപ്പിക്കുക, വിശക്കുന്നവരും സമാധാനപരമായ ഭാവി ആഗ്രഹിക്കുന്നവരുമായ ആളുകൾക്ക് സഹായം നൽകുക!

ലബനനും സിറിയയ്ക്കും വേണ്ടി പ്രാർത്ഥിക്കാം

ലെബനനിലെയും സിറിയയിലെയും ക്രിസ്ത്യൻ സമൂഹങ്ങൾക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം, സിറിയ അതിന്റെ ചരിത്രത്തിന്റെ അതിലോലമായ ഒരു പരിവർത്തന ഘട്ടത്തിലാണ്. ഇരു നാടുകളും ഭദ്രതയും അതത് രാഷ്ട്രങ്ങളുടെ ഭാഗധേയങ്ങളിലുള്ള പങ്കാളിത്തവും ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട മദ്ധ്യപൂർവദേശത്തെ ക്രൈസ്തവരെ സവിശേഷ ശ്രദ്ധയോടും പ്രാർത്ഥനയോടും കൂടെ തുണയ്ക്കാൻ ഞാൻ മുഴുവൻ സഭയോടും അഭ്യർത്ഥിക്കുന്നു.

യെമെനും യുക്രെയ്നും ദക്ഷിണ കൗക്കാസസും അർമേനിയയും അസെർബൈജാനും

യുദ്ധം മൂലം ലോകത്തിലെ ഏറ്റവും മോശമായ "സുദീർഘ" മാനവിക പ്രതിസന്ധികളിൽ ഒന്ന് അനുഭവിക്കുന്ന യെമനിലെ ജനങ്ങളെ ഞാൻ പ്രത്യേകം ഓർക്കുകയാണ്. രചനാത്മക സംഭാഷണത്തിലൂടെ പരിഹാരങ്ങൾ കണ്ടെത്താൻ ഞാൻ എല്ലാവരെയും ക്ഷണിക്കുന്നു.

ഉത്ഥിതനായ ക്രിസ്തു പീഡിത യുക്രെയിന് സമാധാനമെന്ന ഉയിർപ്പുതിരുന്നാൾ ദാനമേകുകയും നീതിയുക്തവും സ്ഥായിയുമായ ഒരു സമാധാനം കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരാൻ ബന്ധപ്പെട്ട എല്ലാവർക്കും പ്രചോദനം പകരുകയും ചെയ്യട്ടെ.

ഈ ഉത്സവ ദിനത്തിൽ, നമുക്ക് ദക്ഷിണ കൗക്കാസസിനെ അനുസ്മരിക്കുകയും അർമേനിയയും അസർബൈജാനും തമ്മിലുള്ള നിയതമായ സമാധാനക്കരാർ എത്രയും വേഗം ഒപ്പുവയ്ക്കപ്പെടുകയും നടപ്പിലാക്കപ്പെടുകയും ചെയ്യട്ടെയെന്നും അത് ആ മേഖലയിൽ ഏറെ കാത്തിരുന്ന അനുരഞ്ജനത്തിലേക്ക് നയിക്കട്ടെയെന്നും പ്രാർത്ഥിക്കുകയും ചെയ്യാം.

ഉത്ഥാനത്തിരുന്നാൾ വെളിച്ചം പടിഞ്ഞാറൻ ബാൾക്കൻ പ്രദേശത്ത് ഐക്യയത്നങ്ങൾക്ക് പ്രചോദനമേകുകയും, പിരിമുറുക്കങ്ങളും പ്രതിസന്ധികളും വഷളാകുന്നത് ഒഴിവാക്കാൻ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകർക്കും, അതുപോലെതന്നെ അപകടകരവും അസ്ഥിരപ്പെടുത്തുന്നതുമായ പെരുമാറ്റരീതികൾ നിരസിക്കുന്നതിൽ ആ പ്രദേശത്തിന്‍റെ സഹകാരികൾക്കും പിന്തുണയ്ക്കുകയും ചെയ്യട്ടെ.


Also Read: "ലോകത്തിലെ അനീതികളും അസമത്വങ്ങളും കണ്ട് വേദനിച്ച മനുഷ്യന്‍"; അനുശോചനം അറിയിച്ച് എം.എ. ബേബി


ആഫ്രിക്കയെയും നമുക്കോർക്കാം

നമ്മുടെ പ്രത്യാശയായ ഉത്ഥിതനായ ക്രിസ്തു, സംഘർഷങ്ങൾക്കും അക്രമത്തിനും ഇരകളായ ആഫ്രിക്കയിലെ ജനതകൾക്ക്, സർവ്വോപരി, കോംഗോ ജനാധിപത്യ റിപ്പബ്ലിക്, സുഡാൻ, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ, സമാധാനവും സാന്ത്വനവും പ്രദാനം ചെയ്യട്ടെ. സഹേൽ, ആഫ്രിക്കൻ മുനമ്പിലെ പ്രദേശം, ഗ്രേറ്റ് ലേക്ക്സ് മേഖല എന്നിവിടങ്ങളിൽ സംഘർഷങ്ങൾ മൂലം ദുരിതമനുഭവിക്കുന്നവരെയും, പല സ്ഥലങ്ങളിലും തങ്ങളുടെ വിശ്വാസം സ്വതന്ത്രമായി പ്രഖ്യാപിക്കാൻ കഴിയാത്ത ക്രിസ്ത്യാനികളെയും അവിടന്ന് പിന്തുണയ്ക്കട്ടെ.

സമാധാനത്തിന് മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും


മതസ്വാതന്ത്ര്യം ഇല്ലാത്തിടത്ത്, അല്ലെങ്കിൽ ചിന്താസ്വാതന്ത്ര്യവും സംസാരസ്വാതന്ത്ര്യവുമില്ലാത്തിടത്ത്, മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കാത്തിടത്ത് സമാധാനം സാധ്യമല്ല.

യഥാർത്ഥ നിരായുധീകരണം കൂടാതെ സമാധാനം സാധ്യമല്ല! ഓരോ ജനതയും സ്വന്തം പ്രതിരോധത്തിനായി സജ്ജമാകേണ്ടതിന്റെ ആവശ്യകത പൊതുവായ പുനരായുധവൽക്കരണ മത്സരമായി പരിണമിക്കാൻ പാടില്ല. ഭിന്നതകൾ സൃഷ്ടിക്കുന്നതും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമായ മതിലുകൾ തകർക്കാൻ ഉത്ഥാനദിനത്തിന്റെ വെളിച്ചം നമ്മെ പ്രേരിപ്പിക്കുന്നു. പരസ്പരം കരുതേലാകാനും, പരസ്പര ഐക്യദാർഢ്യം വർദ്ധമാനമാക്കാനും, ഓരോ മനുഷ്യ വ്യക്തിയുടെയും സമഗ്രവികസനം പരിപോഷിപ്പിക്കുന്നതിനായി പ്രവർത്തിക്കാനും ഇത് നമ്മെ പ്രേരിപ്പിക്കുന്നു.

മ്യാന്മാറിലെ ജനങ്ങളുടെ ദുരിതം

വർഷങ്ങളായി സായുധ സംഘർഷത്താൽ പീഡിതവും, ആയിരക്കണക്കിന് ആളുകളുടെ മരണത്തിനും അനാഥരും വൃദ്ധരും ഉൾപ്പെടെ നിരവധി അതിജീവിതരുടെ ദുരിതത്തിനും കാരണമായ സാഗൈങ്ങിലെ വിനാശകരമായ ഭൂകമ്പത്തിന്റെ അനന്തരഫലങ്ങളെ ധീരതയോടും ക്ഷമയോടുംകുടെ നേരിടുന്ന ബർമക്കാരായ ജനതയ്ക്ക് ഈ സമയത്ത് നമ്മുടെ സഹായത്തിന്റെ അഭാവം ഉണ്ടാകരുത്. ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും വേണ്ടി നമുക്ക് പ്രാർഥിക്കാം, സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദാരമതികളായ സകല സന്നദ്ധപ്രവർത്തകർക്കും ഹൃദയംഗമമായ നന്ദി. രാജ്യത്തെ വിവിധ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള വെടിനിർത്തൽ പ്രഖ്യാപനം ആകമാന മ്യാൻമാറിന് പ്രതീക്ഷയുടെ അടയാളമാണ്.

ഭയത്തിന്റെ യുക്തിക്ക് അടിമപ്പെടരുത്

അടച്ചുപൂട്ടുന്ന ഭയത്തിന്റെ യുക്തിക്ക് വഴങ്ങരുത് മറിച്ച്, ആവശ്യമുള്ളവരെ സഹായിക്കാനും വിശപ്പിനെതിരെ പോരാടാനും വികസന പരിപോഷകങ്ങളായ സംരംഭങ്ങൾക്ക് പ്രചോദനം പകരാനും ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കണമെന്ന് ലോകത്തിലെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളുള്ള എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. ഇവയാണ് സമാധാനത്തിന്റെ "ആയുധങ്ങൾ": മരണം വിതയ്ക്കുന്നതിനുപകരം ഭാവി കെട്ടിപ്പടുക്കുന്നവ!

നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ആധാരമായി ഭവിക്കുന്നതിൽ മാനവികതയുടെ തത്വം ഒരിക്കലും പരാജയപ്പെടാതിരിക്കട്ടെ. എതിരാളികളല്ല, മറിച്ച് ആത്മാവും അന്തസ്സും ഉള്ള ആളുകളാണ് ആക്രമിക്കപ്പെടുന്നതെന്ന്, നിസ്സഹായരായ പൗരന്മാരെയും വിദ്യാലയങ്ങളെയും ആശുപത്രികളെയും ജീവകാരുണ്യപ്രവർത്തകരെയും ബാധിക്കുന്ന സംഘർഷങ്ങളുടെ ക്രൂരതയ്ക്കു മുന്നിൽ നമുക്ക് മറക്കാനാകില്ല.

യുദ്ധത്തടവുകാരുടെ കൈമാറ്റം സാദ്ധ്യമാകട്ടെ

ഈ ജൂബിലി വർഷത്തിൽ, ഉയിർപ്പുതിരുന്നാൾ, യുദ്ധത്തടവുകാരെയും രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുന്നതിനുള്ള ശുഭകരമായ ഒരു അവസരമായി ഭവിക്കട്ടെ! പ്രിയ സഹോദരീ സഹോദരന്മാരേ, കർത്താവിന്റെ ഉത്ഥാനദിനത്തിൽ, മരണവും ജീവിതവും വിസ്മയകരമായ ഒരു പോരാട്ടത്തിൽ പരസ്പരം ഏറ്റുമുട്ടി, എന്നാൽ കർത്താവ് ഇപ്പോൾ എന്നേക്കും ജീവിക്കുന്നു (ഉയിർപ്പുതിരുന്നാൾ ക്രമം) കൂടാതെ ആയുധങ്ങളുടെ ഗർജ്ജനവും മരണത്തിന്റെ മാറ്റൊലിയും ഇനി കേൾക്കാത്ത, അവസാനമില്ലാത്ത ജീവിതത്തിൽ പങ്കുചേരാൻ നമ്മളും വിളിക്കപ്പെട്ടിരിക്കുന്നു എന്ന ഉറപ്പ് അവിടന്ന് നമ്മിൽ സന്നിവേശിപ്പിക്കുന്നു. എല്ലാം പുതിയതാക്കാൻ കഴിയുന്ന ഏകനായവനെ നമുക്ക് നമ്മെത്തന്നെ ഭരമേൽപ്പിക്കാം (cf. വെളിപ്പാട് 21:5)! എല്ലാവർക്കും ഉയിർപ്പുതിരുന്നാൾ മംഗളങ്ങൾ!

(വത്തിക്കാൻ ന്യൂസിൽ പ്രസിദ്ധീകരിച്ച മാർപാപ്പയുടെ ഈസ്റ്റർ സന്ദേശം)

KERALA
ഹൈബ്രിഡ് കഞ്ചാവ് കേസ്: "ഷൈനിനെ അറിയാം, ലഹരി ഇടപാടില്ല"; മൊഴിയിൽ മലക്കം മറിഞ്ഞ് തസ്ലീമ
Also Read
user
Share This

Popular

WORLD
KERALA
WORLD
"അദ്ദേഹം അന്ത്യയാത്രയ്ക്കുള്ള ഒരുക്കത്തിലാണെന്ന് തോന്നി"; മാർപാപ്പയുമായുള്ള അവസാന കൂടിക്കാഴ്ചയെ കുറിച്ച് വാൻസ്