പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലും പി എച്ച്സികളിലും വീടുകളിലും സ്ത്രീകൾ ഉപവാസമിരിക്കും
ആശാ വർക്കർമാരുടെ കൂട്ട ഉപവാസ സമരം ഇന്ന് മുതൽ. രാവിലെ 10 ന് ഡോ. പി. ഗീത സമരം ഉദ്ഘാടനം ചെയ്യും. പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലും പി എച്ച്സികളിലും വീടുകളിലും സ്ത്രീകൾ ഉപവാസമിരിക്കും. പൊതുപ്രവർത്തകരും സമരത്തിൻ്റെ ഭാഗമാകും. സെക്രട്ടേറിയറ്റിന് മുന്നിൽ നേരത്തെ ആരംഭിച്ച നിരാഹാര സമരം 5-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സംസ്ഥാനതലത്തിൽ കൂട്ട ഉപവാസം കൂടി സംഘടിപ്പിക്കുന്നത്.
കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ ബിന്ദു, ആശാ പ്രവര്‍ത്തകരായ കെ.പി തങ്കമണി, ശോഭ എം എന്നിവരാണ് സമരപ്പന്തലിൽ നിരാഹാരമനുഷ്ഠിക്കുന്നത്. അതേസമയം, ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ആശാ പ്രവർത്തകർ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ സമരം
43-ാം ദിവസത്തിലേക്ക് കടക്കുകയാണ്.
ALSO READ: പുതിയ ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ ചുമതലയേൽക്കും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
ഫെബ്രുവരി 10ന് തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ആശാ പ്രവർത്തകരുടെ സമരത്തിന്റെ മൂന്നാം ഘട്ടമായാണ് നിരാഹാരസമരം ആരംഭിച്ചത്. സമരത്തിന്റെ ആദ്യ ഘട്ടമായി ആശമാർ സെക്രട്ടേറിയേറ്റിന് മുമ്പില്‍ അനിശ്ചിത കാല സമരം ആരംഭിച്ചു. അടുത്ത ഘട്ടമായിട്ടായിരുന്നു സെക്രട്ടറിയേറ്റ് ഉപരോധം.
ഇതിനു ശേഷം എൻഎച്ച്എം ഡയറക്ടർ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരുമായുള്ള ചർച്ചകൾ നടന്നെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് ആശമാർ സമരം ശക്തമാക്കിയത്. ഓണറേറിയം 21,000 ആയി വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക, വിരമിക്കുമ്പോള്‍ അഞ്ച് ലക്ഷം രൂപ പെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് ആശമാർ മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ ഇത് പ്രായോഗികമല്ലെന്ന നിലപാടിലാണ് സർക്കാർ.