ആര് പറഞ്ഞിട്ടാണ് കുറ്റപത്രം തയ്യാറാക്കിയത് എന്നറിയണമെങ്കിൽ ഇഡിയോട് തന്നെ ചോദിക്കണമെന്നും തിരൂർ സതീശ് വ്യക്തമാക്കി
കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളെ ഒഴിവാക്കി കുറ്രപത്രം സമർപ്പിച്ചതിൽ പ്രതികരണവുമായി ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ്. കേസന്വേഷണത്തിൻ്റെ ഭാഗമായി ഇഡി തൻ്റെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു തീരൂർ സതീശിൻ്റെ പ്രതികരണം. "കേസിലെ പ്രധാന സാക്ഷിയാണ് ഞാൻ. തന്നെയൊന്ന് നേരിട്ട് കാണാൻ പോലും ഇഡി തയ്യാറായില്ല. ഇഡി ഏത് രീതിയിലാണ് കുറ്റപത്രം തയ്യാറാക്കിയത്, ആർക്ക് വേണ്ടിയാണ് ഇങ്ങനെയൊരു കുറ്റപത്രം സമർപ്പിച്ചത്, ആര് പറഞ്ഞിട്ടാണ് തയ്യാറാക്കിയത് എന്നറിയണമെങ്കിൽ ഇഡിയോട് തന്നെ ചോദിക്കണം", തിരൂർ സതീശ് വ്യക്തമാക്കി.
പണം കൈകാര്യം ചെയ്തതിൻ്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും, കോടിക്കണക്കിന് രൂപയ്ക്ക് കാവല്‍ നിന്നയാളാണ് താനെന്നും ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ സെക്രട്ടറി തിരൂർ സതീശ് വെളിപ്പെടുത്തിയിരുന്നു. 30 കോടിയിലധികം രൂപ ഓഫീസിലേക്ക് എത്തിയെന്നും സംസ്ഥാന നേതാക്കൾക്ക് ഇത് അറിയാമെന്നുമായിരുന്നു സതീശ് പറഞ്ഞിരുന്നു. എന്നാൽ ഇത്തരം വെളിപ്പെടുത്തലുകളെ ഒന്നും അന്വേഷണത്തിൻ്റെ ഭാഗമായി മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് ബിജെപി നേതാക്കളെ ഒഴിവാക്കി കൊണ്ടുള്ള കുറ്റപത്ര സമർപ്പണത്തിലൂടെ വ്യക്തമാകുന്നത്.
ബിജെപി നേതാക്കളോ, പ്രതികളോ അല്ലെന്ന് ഇഡി കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരണവുമായി സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. ബിജെപിക്ക് വേണ്ടിയാണ് ഇ.ഡി കളിച്ചതെന്ന് കുറ്റപത്രത്തിൽ വ്യക്തമാണ്. തിരൂർ സതീശിൻ്റെ മൊഴി എടുക്കാതെയാണ് കുറ്റപത്രം തയ്യാറാക്കിയത്. ഇഡി നടത്തിയ നീക്കം കേന്ദ്ര ഭരണ കക്ഷിയെ സഹായിക്കാനാണെന്ന് ഇതിലൂടെ വ്യക്തമാണ്. "കവർച്ച കേസിൽ ഇഡി അന്വേഷണം നടത്തണം എന്ന് പൊലീസ് ആവശ്യപ്പെട്ട. പക്ഷെ പ്രതികൾ ബിജെപിക്കാർ ആയാൽ ഇതൊന്നും നടക്കില്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്",കെ.വി. അബ്ദുൾ ഖാദർ പറഞ്ഞു.
ഇഡി അന്വേഷിച്ചിൽ അങ്ങനെ തന്നെ വരൂ, അതിൽ ഒരു പ്രത്യേകതയും കാണുന്നില്ല, എന്നായിരുന്നു ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റിൻ്റെ പ്രതികരണം. ഒരു ബിജെപി നേതാക്കളും പ്രതി സ്ഥാനത്ത് വരും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇക്കാര്യം ആദ്യം തന്നെ യുഡിഎഫ് നേരത്തെ തന്നെ പറഞ്ഞിരുന്നു. തിരൂർ സതീശ് പറഞ്ഞ പോലെ യാതൊരു കാര്യങ്ങളും ഇഡി അന്വേഷണത്തിൻ്റെ ഭാഗമായില്ല. സിപിഐഎം-ബിജെപി
അന്തർധാരയുണ്ട് എന്ന് ഞങ്ങൾ ആദ്യം മുതൽ പറയുന്നു. പൊതു സമൂഹത്തിന് മുന്നിലുള്ള ഈ വിശ്വാസം മാറ്റിയെടുക്കാൻ ഇഡിയെ കൊണ്ട് സാധിച്ചില്ലെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
23 പ്രതികളെ പ്രതികളാക്കി കൊണ്ടാണ് കൊടകര കുഴൽപ്പണ കേസിൽ ഇഡി ഇന്ന് കുറ്റപത്രം സമർപ്പിച്ചത്.ബിജെപി നേതാക്കൾക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും, കുറ്റപത്രത്തിൽ ഒറ്റ ബിജെപിക്കാരൻ്റെ പേര് പോലും സാക്ഷിയായോ, പ്രതിയായോ പരാമർശിക്കപ്പെട്ടിട്ടില്ല. പ്രതികളെല്ലാം പണം കൊള്ളയടിച്ചവരാണ്. കൊള്ളയടിക്കപ്പെട്ട പണം എന്ത് ചെയ്തെന്ന് മാത്രമാണ് ഇഡി അന്വേഷിച്ചത്.
മുഹമ്മദ് അലി, സുജീഷ്, രഞ്ജിത്ത്, ദീപക്ക്, അരീഷ്, മാർട്ടിൻ, ലബീബ്, അഭിജിത്ത്, ബാബു, അബ്ദുൾ ഷാഹിദ്, മുഹമ്മദ് ഷുക്കൂർ, അബ്ദുൾ ബഷീർ, അബ്ദുൾ സലാം, റഹിം, ഷിജിൽ, അബ്ദുൾ റഷീദ്, റൗഫ്, മുഹമ്മദ് ഷാഫി, എഡ്വിൻ , ദീപ്തി, സുൾഫിക്കർ, റഷീദ്, ജിൻഷാമോൾ എന്നിങ്ങനെയുള്ളവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്.
ALSO READ: കൊടകര കുഴൽപ്പണ കേസ്: BJP നേതാക്കള്‍ പ്രതികളോ സാക്ഷികളോ അല്ല; കുറ്റപത്രം സമർപ്പിച്ച് ഇഡി
ആലപ്പുഴയിലുള്ള തിരുവിതാംകൂർ പാലസ് പ്രോപ്പർട്ടി വാങ്ങുന്നതിന് ഡ്രൈവർ ഷംജീർ വശം ധർമരാജ് എന്ന വ്യക്തി കൊടുത്ത് വിട്ട 3.56 കോടി രൂപ കൊടകര വച്ച് കൊള്ളയടിക്കപ്പെട്ടു എന്നാണ് ഇഡിയുടെ കണ്ടെത്തൽ. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച രേഖകൾ ധർമരാജ് ഹാജരാക്കിയിരുന്നു. പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ ഇഡി മൂന്ന് ലക്ഷം രൂപയും എട്ട് ലക്ഷം രൂപയുടെ വസ്തുവും കണ്ട് കെട്ടിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
2021 ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാറും അതിലുണ്ടായ 25ലക്ഷം രൂപയും തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. അന്വേഷണത്തില്‍ മൂന്നരക്കോടി രൂപയുണ്ടായിരുന്നതായും ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിച്ചതാണെന്നുമായിരുന്നു പൊലീസ് കണ്ടെത്തിയത്. ഈ പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിച്ചതാണെന്ന ആരോപണം ഉയർന്നെങ്കിലും ഉറവിടം സംബന്ധിച്ച് കൃത്യമായി തെളിവുകൾ ലഭിക്കാത്തതിനാൽ കേസ് അന്വേഷണം വഴിമുട്ടുകയായിരുന്നു. ഇതിനെ തുടർന്നാണ് കേസ് ഇഡി ഏറ്റെടുക്കുന്നത്.