മറ്റന്നാളാണ് ടൗൺഷിപ്പിന് തറക്കല്ലിടൽ കർമം നടക്കുന്നത്
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ്പ് നിർമാണം ആരംഭിക്കാനിരിക്കെ ഒന്നാം ഘട്ട ലിസ്റ്റിലെ മുഴുവൻ ഗുണഭോക്താക്കളും സമ്മതപത്രം കൈമാറി. ടൗണ്‍ഷിപ്പിലേക്കായി ഒന്നാംഘട്ട പട്ടികയിലുള്‍പ്പെട്ട 242 ഗുണഭോക്താക്കളാണ് സമ്മതപത്രം നൽകിയത്. ടൗണ്‍ഷിപ്പില്‍ വീടിനായി 175പേരും 15ലക്ഷം സാമ്പത്തിക സഹായത്തിനായി 67 പേരുമാണ് സമ്മതപത്രം കൈമാറിയത്. 402 ഗുണഭോക്താക്കളാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2-എ, 2-ബി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏപ്രില്‍ മൂന്ന് വരെ സമ്മതപത്രം കൈമാറാൻ സമയം അനിവദിച്ചിട്ടുണ്ട്. അന്തിമ ഗുണഭോക്തൃ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും.
ഒന്നാം ഘട്ട ലിസ്റ്റിലെ 235പേർ മാത്രമായിരുന്നു ആദ്യം സമ്മതപത്രം കൈമാറിയിരുന്നത്. മുഴുവൻ പേരും സമ്മതപത്രം നൽകാത്തത് പുനരധിവാസത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് മുഴുവൻ ഗുണഭോക്താക്കളും സമ്മതപത്രം കൈമാറിയത്. മറ്റന്നാളാണ് ടൗൺഷിപ്പിന് തറക്കല്ലിടൽ കർമം നടക്കുന്നത്.
ALSO READ: വയനാട് പുനരധിവാസം: ടൗൺഷിപ്പിന് ആയി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി 26 കോടി രൂപ അനുവദിച്ചു
സംഘടനകള്‍, സ്പോണ്‍സര്‍മാര്‍, വ്യക്തികള്‍ തുടങ്ങിയവർ വീടുവെച്ച് നല്‍കുമ്പോൾ നിശ്ചയിച്ച തുക സാമ്പത്തിക സഹായമായി ലഭിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നു. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് 430 വീടുകളാണ് ടൗണ്‍ഷിപ്പിൽ നിർമിക്കുന്നത്. രണ്ട് ടൗൺഷിപ്പിനുള്ള ആളുകൾ ഉണ്ടാകില്ലെന്ന വിലയിരുത്തലിനെ തുടർന്ന് എൽസ്റ്റോൺ എസ്റ്റേറ്റിൽ മാത്രമാണ് ടൗൺഷിപ്പ് നിർമാണം നടക്കുന്നത്.